Image

നമ്മളില്ലാതാവുമ്പോൾ( കവിത: ശാന്തിനി ടോം )

Published on 23 December, 2020
നമ്മളില്ലാതാവുമ്പോൾ( കവിത: ശാന്തിനി ടോം  )
നീയില്ലിനിയെന്ന  സത്യം മറക്കുവാൻ, 
എത്ര  യാമങ്ങൾ എരിഞ്ഞു തീർക്കേണ്ടൂ ഞാൻ 
വഴി മാറിയൊഴുകുമൊരു പുഴയാണ്  നീയിന്ന്
എന്റെ തീരങ്ങളെ പുൽകാതെ മറയുന്നു
 
ആത്മാവിൻ നൂലിഴയിൽ ജീവൻ
കൊരുത്തവർ
ഒന്നായൊഴുകിയൊരു പുഴയായ്‌ മാറിയവർ
നിന്നെയുമെന്നെയും, നമ്മളിൽ നിന്നും 
വേറിട്ടടർത്തുവാൻ ആവില്ലയെങ്കിലും 

ഇന്നലെകളെയെല്ലാം തീയിട്ടാ  വെണ്ണീറിൽ
മഴവില്ലിൻ നിറമോലും ചായങ്ങൾ ചാലിച്ച്
നീറും വിരൽതുമ്പാൽ കോറിയ ചായങ്ങൾ
ഹൃദയച്ചുവരിൽ പകർത്തീടും ചിത്രങ്ങൾ
 
ഒന്നും മറക്കാനോ ചിന്തകൾ മായ്ക്കാനോ
കഴിയുമോ കാലമേ മനസിനെ മാറ്റുവാൻ
എത്ര ശ്രമിച്ചാലുമാവില്ല സ്ഥിതിഭേദം
ആത്മാവിൽ മുളയിട്ട മോഹകുരുന്നല്ലേ  

കാറ്റിൽ പടരുന്ന സ്‌മൃതിസുഗന്ധങ്ങളിൽ
മൂകമായി തേങ്ങുന്നൊരീയൊറ്റമൈനയും
അപ്പൂപ്പൻതാടി പോൽ പറന്നങ്ങകന്നാലോ  
എന്നോർത്തുമോഹത്തെ നെഞ്ചിലടച്ചവൾ
 
നോവിൻ നിലയ്ക്കാത്ത മഴയിൽ നീ നനയുമ്പോൾ
ആ മഴത്തുള്ളികൾ നെഞ്ചിലേറ്റുന്നു ഞാൻ
നിയതിയാണിതിനില്ല കനിവിന്റെ കണികകൾ
മിഴികൾ തിരയുന്നു അലിവിന്റെ നിഴലാട്ടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക