Image

ഡോ. ജോര്‍ജ് എബ്രാഹം, 'ഷിഗെല്ലാ' പരമാര്‍ത്ഥങ്ങളുമായ് (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 28 December, 2020
 ഡോ. ജോര്‍ജ് എബ്രാഹം, 'ഷിഗെല്ലാ' പരമാര്‍ത്ഥങ്ങളുമായ് (പി ഡി ജോര്‍ജ് നടവയല്‍)
ഇന്ത്യയില്‍ വ്യക്തി ശുചിത്വത്തില്‍ മുന്നിട്ടുള്ളത് കേരളമാണ് എന്ന് നാം അഭിമാനിക്കുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ പൂത്താലച്ചെടി തൂക്കിയ നടവഴി ചൂണ്ടിക്കാട്ടിയും, പൊതു സ്ഥലത്ത് തുപ്പിയാല്‍ പിഴ അടപ്പിക്കും എന്ന് നിയമം എഴുതിപ്പിച്ചും,  ഗാന്ധി ജയന്തി ദിനത്തില്‍ പരിസര ശുചീകരണ വാരം ഏര്‍പ്പെടുത്തിയും പൊതുസ്ഥല വൃത്തിയെക്കുറിച്ച് കേരളമലയാളികള്‍ ആവേശം കൊള്ളാറുണ്ട്. 

എന്നാല്‍, മൂക്കു പൊത്തിയാല്‍ പോലും മനം പിളര്‍ക്കുന്ന ദുര്‍ഗന്ധം വ്യാപിപ്പിക്കുന്ന ഗ്രാമയോരങ്ങളും, നഗരയരികുകളും,  നദിവക്കുകളും, പട്ടണ നടുത്തളങ്ങളും, കെ എസ് ആര്‍ടി സീ സമുച്ചയങ്ങളും, നമുക്ക്, ''ആട്-മാട് -കോഴി-പന്നി-
മീന്‍  വെട്ടുകേന്ദ്രങ്ങളില്‍'' നിന്നും, ''റെസ്‌ട്രോന്റ്-ഹോസ്പിറ്റല്‍-പഞ്ചായത്ത് മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍-വെയ്സ്റ്റ് കൂമ്പാരങ്ങളില്‍'' നിന്നും, കാക്ക കൊത്തിപ്പറക്കുന്ന, കുടല്‍ മാലകള്‍ പോലെ, ബീഭത്സ സ്മൃതികളാണ് കൊളാഷായി നല്‍കുന്നത്. തെരുവു പട്ടിക്കൂട്ടങ്ങളും ഹറാമാകുന്ന കാട്ടു പന്നിപ്പടകളും, കുളം കുഴിച്ച, പരിസ്ഥിതിസമത്വമാണ്, ഇന്നിന്റെ, കേരള ബാക്കി പത്രം. 
അതിനിടെ, അമ്പത്താറു കഴിഞ്ഞവര്‍ വാനപ്രസ്ഥമരുളിക്കോളൂ, നിങ്ങള്‍ കട്ടിലൊഴിഞ്ഞു പോകൂ, എന്നിട്ടു വേണം ഞങ്ങള്‍ക്കീ നാട് ഞങ്ങളുടെ  ഉപഭോഗ സെലിബ്രിറ്റീ പ്രത്യയശാസ്ത്ര ഭൂമികയാക്കാന്‍ എന്നു മുറവിളി ഉയര്‍ത്തുന്ന ഇളമക്കാര്‍ ഒരു വശത്ത്.  തൊണ്ണൂറു കഴിഞ്ഞാലും അധികാരക്കസ്സേരപ്പെണ്ണിനെ  കെട്ടണം എന്ന്  ആസ്മാ വലിവിന്റെ ഈണത്തില്‍ മുറവിളിയുയര്‍ത്തി അള്ളിയിരിക്കുന്ന ഭരണ പരിഷ്‌കാര കമ്മീഷനുകള്‍ മറു വശത്ത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അഭിനവ തെറിവിളി കമന്റേറ്റര്‍മാര്‍  നിറഞ്ഞാടുന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലെ വായ്ത്താരികള്‍ കൊണ്ടുള്ള കേരളീയ ജുഗുപ്ത്സകള്‍ക്കു പുറമേയാണിതെന്നത്, പ്രതീക്ഷകളെ കരിന്തിരി കത്തിക്കുന്നു. 

ഇത്തരം ഇരുളിമകളിലൂടെ ഗതികെട്ട് ഊളിയിട്ടു പോകുമ്പോഴും, മലയാള ബോധങ്ങളുടെ ആഗോള മേന്മകള്‍ക്ക് തിളക്കമേറ്റുന്ന തീപ്പന്തങ്ങളാണ് കേരളത്തിലും ലോകമെമ്പാടും ചുവടുറപ്പിച്ച് ഗവേഷണത്തിലും പഠനങ്ങളിലും പ്രൊഫഷനുകളിലും വ്യാപൃതരാകുന്ന മലയാളി മിടുക്കര്‍. അവരുടെ മികച്ച ഒരു പ്രതിനിധിയാണ് ന്യു സീലന്റിലെ ജെസിന്താ ആഡേണ്‍ മന്ത്രിസഭയില്‍ അംഗമായ പ്രിയങ്കാ  രാധാകൃഷ്ണന്‍. പ്രിയങ്കാ  രാധാകൃഷ്ണന്‍ അംഗമായ ന്യൂസീലന്റ്  ലേബര്‍ പാര്‍ട്ടിയാണ് ഭരണ പക്ഷം. ലേബര്‍ പാര്‍ട്ടിയുമായി സഹകരിച്ച് നേരത്തേ ഭരണത്തില്‍ പങ്കാളിയായിരുന്ന ന്യു സീലന്റ് ഫസ്റ്റ് 

എന്ന പാര്‍ട്ടിയിലൂടെ 'ക്രൈസ്റ്റ് ചര്‍ച്ച് സെന്റ്രല്‍ പാര്‍ലമെന്റ്' സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോര്‍ജ് എബ്രാഹവും   മലയാളി മികവിന്റെ പ്രതിനിധിയാണ്. 
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് മൈക്രോബയോളജിയില്‍ ആദ്യ പി എച്ച് ഡി നേടിയത് ജോര്‍ജ് എബ്രാഹമാണ്. ഡോ. പി സി രവീന്ദ്രന്‍ ആയിരുന്നു ഗൈഡ്. 1997 ല്‍ 'Human Fecal contamination through Coliform Bacteria - E. coli, Salmonella & Shigella - leading to Diarrhea & Gastroenteritis' - എന്ന 5 വര്‍ഷത്തെ ഗവേഷണ പഠനത്തിനു ശേഷമാണ് പി എച്ച് ഡി നേടാനായത്.  നാലു പേപ്പറുകള്‍ 'അമേരിക്കന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി' യില്‍ (American Journal of Microbiology) ഡോ. ജോര്‍ജ് എബ്രാഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എയിഡ്‌സ്: ദ സെക്‌സ് കില്ലര്‍' എന്ന പഠന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.

ഡോ. ജോര്‍ജ് എബ്രാഹം, ന്യുസീലന്റില്‍ നിന്നുള്ള ലോക കേരള സഭാംഗമാണ്.  ക്‌ളിനിക്കല്‍ വൈറോളജിയിലും ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്റ് ഇമ്മ്യൂണോളജിയിലും പ്രവീണന്‍. കുറവിലങ്ങാട് ദേവമാതാ കോളജിലും, ചങ്ങനാശ്ശേരി എസ് ബി കോളജിലും പഠിച്ചു. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് സെവിയ്യ, ജെര്‍മനി മ്യൂണിച്ചിലെ ഗോട്ട ഇന്‍സ്റ്റിറ്റ്യൂട്ട്, ഡനേഡിനിലെ ഒട്ടാഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ , ന്യുസീലന്റ് യൂണിവേഴ്‌സിറ്റി ഓഫ് കാന്റബറി, ഓസ്‌ട്രേലിയയിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഡോ ജോര്‍ജ് എബ്രാഹം തുടര്‍ പഠനങ്ങള്‍ നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസ്സറായിരുന്നു.

കേരളത്തിലെ പകര്‍ച്ച വ്യാധികളുടെ നിരയില്‍ ഷിഗെല്ലാ എന്ന അണു ബാധയാണ് ഇക്കാലത്തെ ചര്‍ച്ചാ വിഷയം, കോവിഡിനൊപ്പം. നിപ്പ പോലെയോ, ചിക്കുന്‍ ഗിനിയ പോലെയോ, മലമ്പനി പോലെയോ,എലിപ്പനി പോലെയോ, ഷിഗെല്ലാ, പടരുമോ? കോവിഡിനു പുറമേ ഷിഗെല്ലാ പകര്‍ച്ച വ്യാധി കൂടിയായാല്‍ സംഗതി പിടി വിടുമല്ലോ എന്നെല്ലാം ആശങ്കകളേടെ ഡോ ജോര്‍ജ് എബ്രാഹമിനെ ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ ഏറേ ആയതിനാല്‍ ജോര്‍ജ് എബ്രാഹം ആ ആശങ്കകളെ ദൂരീകരിച്ച് ഫെയ്‌സ് ബുക് പേജില്‍  എഴുതുകയുണ്ടായി.

'ഷിഗെല്ലോസിസ്' എന്ന വയറിളക്ക രോഗമാണ് ഇപ്പോള്‍ കോഴിക്കോട് പ്രദേശത്ത് ഉണ്ടായത്. ഷിഗെല്ലാ കൊണ്ട് ഉണ്ടാവുന്ന അസുഖമാണ് ഷിഗെല്ലോസിസ്. ഷിഗെല്ലാ ബാക്ടീരിയ ആണ്, വൈറസ്  അല്ല. 'ഷിഗെല്ലോസിസ്' എന്ന രോഗത്തില്‍ വയറിളക്കവും, ഛര്‍ദിയും ഉണ്ടാവാം. രോഗമുള്ളവരുടെ വിസര്‍ജ്യത്തിലൂടെ പുറത്തു വരുന്ന ബാക്ടീരിയ, ആ വിസര്‍ജ്യം വീഴുന്ന  വെള്ളത്തിലൂടെയും, അതുമായി ബന്ധത്തില്‍ വരുന്ന ആഹാരത്തിലൂടേയും മറ്റുള്ളവരില്‍ കടക്കാം. ഷിഗെല്ലാ അണു ജീവിക്കുന്ന പ്രതലങ്ങള്‍, മനുഷ്യര്‍ എന്നിവയിലൂടെ ഷിഗെല്ലോസിസ് പടരാം. പാത്രങ്ങള്‍, ആഹാരങ്ങള്‍, പാനീയങ്ങള്‍, കൈകള്‍ എന്നിങ്ങനെ ഷിഗെല്ലാ രോഗം പടര്‍ത്താവുന്ന മാര്‍ഗങ്ങള്‍ വിവിധങ്ങളാണ്. കൈകളുടെയും, ആഹാര പദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും പ്രതലങ്ങളുടെയും ശുചിത്വം പാലിക്കുക എന്നതാണ് മുഖ്യ  പ്രതിരോധ മാര്‍ഗം. പഴങ്ങളോ പച്ചക്കറികളോ പഴങ്ങളോ കഴുകി വൃത്തിയാക്കാതെ കഴിക്കുന്നതും രോഗമുണ്ടാക്കാം. രോഗം വന്ന ഒരാളില്‍ നിന്ന്  ലൈംഗിക ബന്ധത്തിലൂടേയും  രോഗാണു ബാധിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയായി പാകം ചെയ്ത ആഹാരം മാത്രം കഴിക്കുക. പഴകിയ ആഹാരസാധനങ്ങള്‍, കഴിക്കാതിരിക്കുക. ആഹാരം ചൂടോടെ കഴിക്കുക.
ആന്റൈ ബയോടിക്‌സ് കൊണ്ട് പൂര്‍ണ സുഖം നേടാം.
കേരളത്തിലെ താരതമ്യേന മികച്ച ശുചിത്വ ശീലങ്ങളാല്‍ ഷിഗെല്ലാ രോഗാണു വ്യാപനത്തെ തടയാന്‍ എളുപ്പമാണ്. 

സമഗ്ര വൃത്തി സംസ്‌കാരത്തിലേക്ക്, വായാടി സംസ്‌കാരത്തില്‍ നിന്ന് മലയാളികള്‍  മാറാണമെന്നതാണ്    ഇനിയുള്ള ചുവട്. കേരളത്തിലെ പഠിതാക്കളും ഗവേഷകരും  ശാസ്ത്രീയ കണ്ടു പിടുത്തങ്ങളാല്‍ ആഗോള സരംഭക ലീഡേഴ്‌സാകുക എന്നതാണ് കോവിഡാനന്തര കാല ധര്‍മ്മം;  തമ്മില്‍ത്തമ്മില്‍ മാദ്ധ്യമത്തെറി വിളിച്ചും, കത്തിക്കുത്തു നടത്തിയും, വാണിഭിച്ചും,  ഇടം കാലേലെ ചൊറി വലം കാലേലേയ്ക്കു മാറ്റിയും,  അക്രമ രാഷ്ട്രീയം വായ്ത്താരിയാക്കിയും, പരിസരം മലിനമാക്കിയും,  കിറുങ്ങിയും, വിദേശ രാജ്യങ്ങളുടെ പോരായ്മകളെ ചികഞ്ഞു ചികഞ്ഞ്  പാഴാകുന്നതേക്കാള്‍, കേരള യുവതയ്ക്കു കാമ്യം, സമഗ്ര വൃത്തി സംസ്‌കാരവും ഗവേഷണ പഠന പ്രയോഗ സംസ്‌കാരവുമാണെന്ന തിരിച്ചറിവും പ്രയോഗവുമാണ്. ആ തിരി വെട്ടങ്ങള്‍ അങ്ങിങ്ങു തെളിയുന്നുണ്ട്, എണ്ണംഏറുന്ന വിദ്യാസമ്പന്ന 
മലയാളികളിലൂടെ, ഡോ.ജോര്‍ജ് എബ്രാഹമിനെപ്പോലുള്ളവരിലൂടെ.

 ഡോ. ജോര്‍ജ് എബ്രാഹം, 'ഷിഗെല്ലാ' പരമാര്‍ത്ഥങ്ങളുമായ് (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക