Image

മുഖംമൂടികളുടെ നാട്ടിൽ (വാൽക്കണ്ണാടി - കോരസൺ) 

Published on 28 December, 2020
മുഖംമൂടികളുടെ നാട്ടിൽ (വാൽക്കണ്ണാടി - കോരസൺ) 

ആരോട്  ചോദിച്ചാണ് ഇയ്യാൾ അവിടെ കയറിയിരിക്കുന്നത്‌ ? ഞാൻ ഉച്ചത്തിൽ ചോദിച്ചു ആര് കേൾക്കാൻ? അപ്പോഴേക്കും അവൻ വീടിനു ഏറ്റവും മുകളിലുള്ള വാട്ടർടാങ്ക് തുറന്നിട്ട് ക്ലീനിങ് ആരംഭിച്ചു. വഴിയിലോട്ടു നീണ്ടു നിൽക്കുന്ന ഒരു തെങ്ങു വെട്ടിമാറ്റുന്ന കാര്യം ഒരാളോട് സംസാരിച്ചിരുന്നു. എന്നാലും ഇത്രയും വേഗം സഹായം എത്തുമെന്ന് പ്രതീക്ഷിച്ചില്ല. കതകു തുറന്നു നോക്കിയപ്പോൾ വളരെ വിനീതനായ മെല്ലിച്ച ഒരു ചെറുപ്പക്കാരൻ  മേൽമുണ്ട് ഊരി കോളിനോസ് പുഞ്ചിരിയുമായി നിൽക്കുന്നു. 

അപ്പോഴാണ് മറ്റൊരു പ്രധാനപ്പെട്ട ഫോൺകോൾ വരുന്നത്. ചെറിയ വിരൽകൊണ്ട് അൽപ്പം വെയിറ്റ് ചെയ്യാൻ നിര്ദേശിച്ചിട്ടു കോൾ അറ്റൻഡ് ചെയ്തു. കോൾ കഴിഞ്ഞു നോക്കിയപ്പോൾ വീടിന്റെ മുറ്റത്തു അഞ്ചാറുപേർ, വലിയ കോലാഹലമാണ്, അവിടെ ഞാൻ നേരിടേണ്ട എല്ലാ പ്രശ്നങ്ങളും അവർ ജാഗരൂകരായി  വേണ്ടത് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ചിലർ വീടിനു മുകളിൽ കയറി, വേഷം ഒക്കെ മാറി ജോലി ആരംഭിച്ചു കഴിഞ്ഞു. 

നിങ്ങൾ ആരോട് ചോദിച്ചാണ് ഈ കാര്യങ്ങൾ ചെയ്യുന്നത് ? പണികൾ നിറുത്തൂ, ആര് കേൾക്കാൻ? അവർ പണിആരംഭിച്ചു കഴിഞ്ഞു. 
സാർ, എന്തെങ്കിലും തന്നാൽ മതി , ഞങ്ങൾ ഒക്കെ ചെയ്തുതരാം. 
എന്തെങ്കിലുമോ? എന്ന് പറഞ്ഞാൽ ? ഒരു പത്തു മതി സാർ! കള്ളക്കണ്ണിറുക്കി കോളിനോസ് ചെറുപ്പക്കാരൻ.
പതിനായിരമോ? എന്തിനാ?
സാർ ഒന്നും വിഷമിക്കണ്ട ഇവിടെ വാട്ടർ ടാങ്ക് ആകെ അഴുക്കായി. കിണർ ക്ലീൻ ചെയ്തിട്ട് വർഷങ്ങൾ ആയി 
തേക്കും ആഞ്ഞിലിമരവും കോതണം മരങ്ങൾ എലെക്ട്രിക്കൽ ലൈൻ മൂടി കിടക്കയാണ് 
എന്നേക്കാൾ എന്റെ ബാധ്യതകളെക്കുറിച്ചു വളരെ അറിവുള്ളവരാണ്.

ഞങ്ങൾ അടുത്ത വീട്ടിൽ ജോലിക്കു വന്നതാണ് . ഇവിടെ സഹായം ആവശ്യം ഉണ്ട് എന്ന് കേട്ടു. 
ആര് പറഞ്ഞു ഇവിടെ ആവശ്യം ഉണ്ടെന്നു ?
സാറ് എന്തെങ്കിലും തന്നാൽ മതി. എന്തെങ്കിലുമോ ?
എന്ന് പറഞ്ഞാൽ ? ഒരു പത്തു മതി. 
പത്തോ? പണിനിർത്താൻ യാതൊരു സാധ്യതയും കാണുന്നില്ല. നിർത്തിക്കോളൂ. ആര് കേൾക്കാൻ? അവർ വാഴ പിരിച്ചു വയ്ക്കുന്ന കാര്യവും  തെങ്ങു വെട്ടാൻ ആളെ കൂട്ടൂന്ന കാര്യവുമാണ് സംസാരിക്കുന്നത്. 

റിയാസ്, നിങ്ങൾ എത്രയും വേഗം ഇവിടെ എത്തണം, ഇവിടെ കുറച്ചു പ്രശ്നങ്ങൾ 
ഞാൻ ഇതാ വരുന്നു. റിയാസ് ലോക്കൽ അസിസ്റ്റന്റ് ആണ്.
റിയാസ് പ്രത്യക്ഷപ്പെട്ടതോടെ ശ്രമദാനക്കാർ ഒന്ന് പരുങ്ങി. പണി നിറുത്തി. 
എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു ഒരു ധാരണ ഉണ്ടാക്കി, എന്താണ് 
കൂലി എന്ന ചോദ്യത്തിന്, വീണ്ടും "പത്തു മതി" ...കോളിനോസ് ഒരു കള്ളക്കണ്ണു ഇറുക്കി, റിയാസിനോട്
എനിക്ക് കമ്മീഷൻ ഒന്നും വേണ്ട, ഒരു നാലായിരം രൂപ തരും 
ചെയ്യാമെങ്കിൽ ചെയ്യൂ , അല്ലെങ്കിൽ സ്ഥലം കാലിയാക്കിക്കോ , റിയാസ് അലറി.
ഒരു അഞ്ഞൂറു രൂപകൂടി തരണം സാർ ഞങ്ങൾ ഇത്രയും പേരുണ്ടല്ലോ.
ആട്ടെ, നടക്കട്ടെ.

പിന്നെ അവിടെ നടന്നത് ഒരു വൻ കലാപരിപാടി.
തേക്കിൽ കയറി കോതി നിരപ്പാക്കാൻ പോയ കക്ഷി നീറു കടിച്ചു വിളിച്ചു കൂവുന്നു. 
മാവിൻറെ ശിഖരം കോതാൻ കയറിയ കക്ഷി വെട്ടിയ കമ്പുമായി താഴെവീണു, അത്ഭുതകരമായി രക്ഷപെട്ടു എന്ന് പറയാം, ഇടക്ക് കെട്ടിയ കയറിൽ ഒരാൾ  തൂങ്ങിപ്പിടിച്ചു നിറുത്തിയതിനാൽ മെല്ലെ നടുവൊടിയാതെവന്നു വീണു. 
അങ്ങനെ യാതൊരു നിയന്ത്രണവും ഇല്ലാതെ പണികൾ ഒക്കെ അടിച്ചു പിടിച്ചു ചെയ്തു. ഒക്കെ മൊത്തത്തിൽ ഒരു ഉന്മാദഅവസ്ഥ!  
പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ എല്ലാ ജോലിയും അവസാനിപ്പിച്ചു  പിന്നെ കൂടുതൽ പണത്തിനായി കഷ്ടതകൾ വിളമ്പാൻ തുടങ്ങി.

ഗൾഫിൽ നിന്നും പിരിഞ്ഞു വന്നതാണ് സാർ പണി ഒന്നുമില്ല, അതിന്റെ ഒപ്പം കോവിടും, പട്ടിണിയാണ് സാർ.
ഭാര്യ ഒരു കടയിൽ കണക്കെഴുത്താണ് , അങ്ങനെയാണ് ജീവിക്കുന്നത്.

ഞാനും അങ്ങനെ തന്നെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എനിക്കും ആരും വെറുതേ പണം ഒന്നും തരില്ല. നിങ്ങൾ 3 മണിക്കൂറുകൊണ്ട് ഇത്രയും പണം ഉണ്ടാക്കി. അങ്ങനെ ഒന്നും ഞങ്ങൾ അമേരിക്കക്കാർക്ക് പണം ഉണ്ടാക്കാനാവില്ല. നടുവൊടിഞ്ഞു പണിഞ്ഞാലേ രണ്ടറ്റം മുട്ടിക്കാനൊക്കൂ. അതൊന്നും കേൾക്കേണ്ട 
പരിവട്ടങ്ങളുടെ നീണ്ട ലിസ്റ്റ് വിവരിക്കുകയാണ്.

പണിനടക്കുമ്പോൾ ഇവരൊന്നും ഫേസ് മാസ്ക് ധരിക്കയോ സോഷ്യൽ ഡിസ്റ്റൻസ് നോക്കുകയോ ചെയ്തില്ല. പണി കഴിഞ്ഞപ്പോൾ ബിജെപിക്കാരന് കാവി മാസ്ക്, സിപിഎംകാരനു ചുവപ്പു .ലീഗുകാരന്  പച്ച.. വ്യത്യസ്തമായ നിലപാടുകൾ. 
ഒരു വിധത്തിൽ അവരെ പിരിച്ചുവിട്ടപ്പോൾ  ആശ്വാസമായി. പക്ഷികളെപ്പോലെ എവിടുന്നോ വന്നു എവിടേക്കോ പോയി.

പിന്നെയാണ് അറിയുന്നത്, ഈ കക്ഷികൾ എവിടെനിന്നോ ഇത്തരം ഉടായിപ്പു  പണികൾ കണ്ടുപിടിക്കും. ആരെയെങ്കിലും വെരട്ടിയും പിഴിഞ്ഞും എങ്ങനെയെങ്കിലും പണം പിരിക്കും. കൃത്യം ഉച്ചക്ക് പണി നിറുത്തും. പിന്നെ ഷെയർ ചെയ്തു കുപ്പിവാങ്ങി അടിക്കയാണ് പതിവ്.
പാവം പെണ്ണുങ്ങൾ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടുവരുന്നത് കൊണ്ട്  കുടുംബം പട്ടണിയില്ലാതെ പോകുന്നു എന്ന് മാത്രം. ഇത്തരം ഇത്തിൾ കണ്ണികളായ പുരുഷന്മാരെ ഭാര്യക്കും പിള്ളേർക്കും യാതൊരു വിലയുമില്ല. 

ഒരു ഒറ്റപ്പെട്ട സംഭവമായി ഇതിനെ കണക്കുകൂട്ടണ്ട.  കേരളത്തിൽ അടുത്തിടെ നേരിട്ടു ബോധ്യപ്പെട്ട ചില സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ്. മുഖംമൂടികൾ ഇപ്പോൾ ഒരു അവശ്യഘടകമായി.
ഭയവും നീരസവും കളിയാക്കലും പ്രണയവും ഒക്കെ ഒളിപ്പിക്കാൻ പറ്റിയ ജനിതകരൂപഭേദം വന്ന മുഖമൂടികൾ മാർകെറ്റിൽ സുലഭം.

അടുത്തിടെ ഒരു മെത്രാപ്പോലീത്തയുടെ സംസ്കാരത്തിന് പങ്കെടുത്ത പല മെത്രാന്മാരും മരിച്ച മെത്രാന്റെ മുഖം പ്രിന്റ് ചെയ്ത മാസ്ക് ധരിച്ചിരിക്കുന്നു. ചിലരൊക്കെ മരിച്ച മെത്രാനെ കടിച്ചുപിടിച്ചു നില്കുന്നപോലെ 
ചിലർ തലയിലെ കുരിശുകൾ പോരാഞ്ഞു മാസ്കിലും ഇത്തരം കുരിശുകൾ  തുന്നിച്ചേർത്തു ആകെ ഒരു കൗതുകം. 

തദ്ദേശീയ തെരഞ്ഞെടുപ്പിനു ഒരു ഉത്സവ പ്രതീതി ആയിരുന്നു. മിക്കവാറും സ്ഥാനാർഥികൾ വനിതകൾ, കൂടുതലും യുവതികൾ.  അവരുടെ അടിപൊളി പോസ്റ്ററുകൾ വഴിപോക്കരെ ആകെ പിടിച്ചുനിറുത്തി.
ഏതാണ്ട് കോളേജ് ഇലെക്ഷന്റെ പ്രതീതി. യൗവനയുക്തരായ  വനിതാ സ്ഥാനാർഥികളെ എല്ലാ പാർട്ടിക്കാരും കളത്തിൽ ഇറക്കിയപ്പോൾ കോവിടും നിയത്രണങ്ങളും ആരു  പരിഗണിക്കും?. 

ഇവരൊക്കെ തിരഞ്ഞെടുക്കപ്പെട്ടാൽ നഗരസഭാ യോഗങ്ങൾ നിലക്കാത്ത 
സംവിധാങ്ങൾ  ആയി മാറും, അല്ലെങ്കിൽ ചില വാർഡുകളിൽ വല്ലാത്ത വികസനം ഉറപ്പ്.
തിരഞ്ഞെടുപ്പിനു ഇത്തരം സാദ്ധ്യതകൾ ഉണ്ടെന്നു മനസ്സിലായപ്പോൾ  അടുത്ത ഇലക്ഷനു സ്വതന്ത്ര സ്ഥാനാത്ഥികൾ കൂടുതൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിൽ ഇന്ന് വനിതകളുടെ സാന്നിധ്യം എല്ലാ തലത്തിലും  നിറഞ്ഞുനിൽക്കുന്നു. കടകളിലും ഓഫീസുകളിലും ജനജീവിതത്തിന്റെ  സമസ്ത ഭാവങ്ങളിലും വനിതകൾ അവരുടെ ശ്രദ്ധേയമായ ഇടപെടൽ ഉണ്ടാവുന്നുണ്ട്.

ബാങ്കിൽ ചെന്നപ്പോഴും എല്ലാ ജോലിക്കാരും വനിതകൾ. ഒരു ആണിനെപ്പോലും  കാണാനില്ല. ഒന്ന് പരുങ്ങി നിന്നപ്പോൾ അകത്തുനിന്നും ഒരു വനിതാ ഓഫീസർ കയറിവരാൻ  കൈ കാട്ടി. മുഖംമൂടി ധരിച്ചു തിളക്കമുള്ള കണ്ണുകളുമായി സുന്ദരിയായിരുന്ന  അവർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്നെങ്കിലും ഇരിക്കാൻ പറയുകയും  എന്താണ് ആവശ്യം എന്ന് ചോദിക്കയും ചെയ്തു. കുറേനാളായി അനക്കമില്ലാതെയിരുന്ന  NRI അക്കൗണ്ട് ഒന്ന് ജീവിപ്പിച്ചെടുക്കണം. ഒക്കെ റെഡി. ഗംഭീര സർവീസിൽ അമ്പരന്നു നിന്ന  ഞാൻ കുറെ നന്ദിവാക്കുകൾ പറഞ്ഞു. 

പിറ്റേദിവസം മറ്റൊരു ആവശ്യവുമായി അതേ ബാങ്കിൽ എത്തിയപ്പോൾ  അതേ വനിതാ ഓഫീസർ അപ്പോഴും ഫോണിൽ തന്നെ. എങ്കിലും കയറിവരാൻ  കൈകൊണ്ടു ആംഗ്യം കാണിച്ചു. വന്ന ആവശ്യം ചോദിച്ചറിഞ്ഞു, ഫോൺ ഹോൾഡിൽ ആക്കി  കാര്യം നടത്തി തന്നു. അപ്പോൾ അവരുടെ മുഖംമൂടിയുടെ ഒരു ഭാഗം തുറന്നു കിടന്നിരുന്നു,  അതിനാൽ മുഖം പൂർണ്ണമായി കാണാൻ സാധിക്കുമായിരുന്നു. വീണ്ടും നന്ദി ചൊരിഞ്ഞു പിരിഞ്ഞു. 
അപ്പോഴും അവർ ഫോണിൽ തന്നെ, ഈ വനിതകളുടെ മൾട്ടി ടാസ്‌കിങ് സ്‌കിൽസ്, സമ്മതിച്ചു കൊടുത്തേ മതിയാവു.
എന്നാലും ആ മുഖംമൂടി അടഞ്ഞിരിക്കുക്കുകയായിരുന്നു ഭംഗി എന്ന് അറിയാതെ മനസ്സിൽ പറഞ്ഞു.

Join WhatsApp News
അഴീക്കോടൻ 2020-12-28 22:50:55
മുഖംമൂടി അടഞ്ഞിരുന്നാൽ സുന്ദരി ..ഹാഹാ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക