Image

ആത്മഹത്യ ചെയ്തവരുടെ മക്കളുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ? (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 29 December, 2020
ആത്മഹത്യ ചെയ്തവരുടെ മക്കളുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ? (അനിൽ പെണ്ണുക്കര)
ബി എഡിന് പഠിക്കുന്ന കാലം. വൈകിട്ട് ജംഗ്ഷനിൽ ബസിറങ്ങിയപ്പോഴാണ് വഴിയരികിൽ നിറയെ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടത്. പള്ളിയിൽ ആരുടെയോ ശവമടക്കം. സ്വാഭാവികമായും അന്വേഷിച്ചു. വളരെ അടുത്ത് പരിചയമുള്ള ഒരാളിൻ്റെ ജേഷ്ഠന്റെ  ആത്മഹത്യ ആയിരുന്നു. സത്യത്തിൽ വിശ്വസിക്കാൻ പറ്റിയിരുന്നില്ല. മരിച്ചു എങ്കിലും വിശ്വസിക്കാൻ കഴിയാത്ത ചില ഇറങ്ങിപ്പോകലുകൾ ഉണ്ട് നമ്മുടെയൊക്കെ മനസിൽ . നമ്മുടെ ആരും ആവണമെന്നില്ല അവർ. കുറച്ച് ദിവസം  മുൻപ് ഞങ്ങളുടെ വീട്ടിലെയൊക്കെ സംസാരത്തിലെ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം.

രാജസ്ഥാനിൽ എന്തോ ബിസിനസ് ആയിരുന്നു. സർക്കാരിൽ  നിന്ന് ലോണെടുത്ത് നടത്തിയിരുന്ന ബിസിനസിൽ ഒപ്പമുണ്ടായിരുന്നവരുടെ ചതിയിൽ ബിസിനസ് പൊളിഞ്ഞു .എട്ട് ലക്ഷം രൂപ വേണമായിരുന്നു. ഭാര്യയേയും ഏകമകനേയും കൊണ്ട് നാട്ടിലെത്തിയതായിരുന്നു. സ്വന്തക്കാരും ബന്ധുക്കളുമൊക്കെ കയ്യൊഴിഞ്ഞ അവസരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആത്മഹത്യ. കടം കയറി നാട്ടിലെത്തിയതാണ് അയാളെന്നു  നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് അദ്ദേഹവും ഭാര്യയും മകനും ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച . അച്ഛൻ, അച്ഛൻ്റെ അമ്മയോടുമൊക്കെ വർത്തമാനം പറഞ്ഞ് പോകാൻ നേരം എന്നോടും സംസാരിച്ചു.

ബി.എഡിന് പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ മകനെ ചൂണ്ടി പറഞ്ഞു .''അടുത്തയാഴ്ച്ച മുതൽ ഇവനെ ഒന്ന് പഠിപ്പിക്കണം. ഞാൻ തിരിച്ചു പോകും "
"ആയിക്കോട്ടെ" എന്ന് ഞാനും പറഞ്ഞു.

പക്ഷെ അയാൾ മരിക്കാൻ തയ്യാറെടുത്ത് പറഞ്ഞതായിരുന്നു എന്ന് പള്ളിമുറ്റത്തെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴും ഞാൻ ഓർത്തിരുന്നില്ല.

ആ കുഞ്ഞിനെ പഠിപ്പിക്കാൻ ഞാൻ പോയ ദിവസം ഓർമ്മയുണ്ട് ഇന്നും. ആത്മഹത്യ ചെയ്തയാളിൻ്റെ മക്കളുടെ കണ്ണിലേക്ക് നോക്കണം. വിശദീകരിക്കാനാവാത്ത ഒരു നോട്ടമാണത്. ആ വികാരത്തിന് ഒരു പേരുമില്ല .. നമുക്ക് അവരുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ല . പഠിപ്പിക്കുന്നതിനിടയിൽ ബുക്കിൻ്റെ മുകളിലും താഴെയുമൊക്കെ അവൻ  വരച്ചു വച്ച വൃത്തങ്ങൾ കണ്ട് അവൻ്റെ വല്യമ്മ പറഞ്ഞു .

" വൃത്തം വരയ്ക്കലാണിപ്പോൾ അവൻ്റെ പണി "..

മകനെ വല്യമ്മയെ ഏൽപ്പിച്ച് അയാളുടെ ഭാര്യ രാജസ്ഥാനിലേക്ക് പോയിരുന്നു . ബന്ധുക്കളെല്ലാം സഹായിച്ച് കടമൊക്കെ തീർക്കാൻ പോയതാണ് . തിരികെ വന്ന് നാട്ടിൽ സെറ്റിൽ ചെയ്യും.. മകനെ നാട്ടിൽ സ്കൂളിൽ ചേർക്കണം. പിറ്റേ ദിവസം പഠിപ്പിക്കാൻ ചെന്ന സമയത്ത് വല്യമ്മ ആകെ ദേഷ്യത്തിൽ .കൊച്ചുമകൻ ഒരു ടീപ്പോയുടെ അടിയിലിരുപ്പുണ്ട്. എന്നെ കണ്ടപ്പോൾ അവൻ ബുക്കൊക്കെ എടുത്തു വന്നു.

നാട്ടിൽ നിന്ന് പഠിക്കുവാൻ തുടങ്ങുന്നതിനാൽ മലയാളം അക്ഷരങ്ങൾ പഠിപ്പിക്കലാണ് എൻ്റെ ആദ്യ ദൗത്യം. അച്ഛൻ മരിച്ച് ഒരു മാസം കഴിഞ്ഞ ഒരു കുഞ്ഞിന് ഞാനെന്ത് അക്ഷരം പഠിപ്പിക്കാൻ .അവൻ്റെ അക്ഷരവും , അവൻ്റെ ചിത്രവും എല്ലാമായിരുന്നിരിക്കണം അവൻ്റെ പപ്പ .

രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ അവൻ്റെ അമ്മയെത്തി.അമ്മ വന്നതോടെ അവൻ ഉഷാറായി. അക്ഷരമൊക്കെ എഴുതാൻ തുടങ്ങി. അ മുതൽ അം വരെ എഴുതി തുടങ്ങി. ഒരിക്കൽ ക്ലാസ് കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോൾ ആ സ്ത്രീ എൻ്റെ കൂടെ ഇറങ്ങി വന്നു. ഒപ്പം ആ കുഞ്ഞും.

"ഞങ്ങൾ അടുത്തയാഴ്ച്ച പോകും. പപ്പയുടെ ബിസിനസ് ഞാൻ റീ സ്റ്റാർട്ട് ചെയ്യുന്നു. തന്നെയുമല്ല ഞങ്ങൾക്കിവിടെ നിൽക്കാൻ പറ്റുന്നില്ല. മകന് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. അനിയന്മാരും  ഭാര്യയുമൊക്കെ ഉള്ളതിനാൽ അമ്മച്ചിയുടെ കാര്യം കുഴപ്പമില്ല. ഇവൻ്റെ പഠിത്തം അവിടെ ആയങ്കിലേ ശരിയാവു. "

" അതാണ് നല്ലത്. "
തിരികെ പോകാൻ തുടങ്ങുമ്പോൾ ഞാനവൻ്റെ കവിളിൽ പിടിച്ചു.
"നന്നായി പഠിക്കണം"
അവൻ ചിരിച്ചു. തലയാട്ടി. അപ്പോഴും അവൻ്റെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് ത്രാണി ഉണ്ടായിരുന്നില്ല .

നമുക്ക് ഒരു കുഴപ്പമുണ്ട്. ഒരാൾക്ക് ഒരു പ്രശ്നം വരുമ്പോൾ ബന്ധുക്കളാവട്ടെ സഹോദരങ്ങളാവട്ടെ സുഹൃത്തുക്കളാവട്ടെ ആ സമയത്ത് അയാളെ സമൃദ്ധമായി ഒഴിവാക്കും. എന്തിനാണ് വെറുതെ..? വയ്യാവേലി പിടിക്കുന്നത് ... എന്നൊരു ചിന്ത നമ്മെ പിടികൂടും. അല്ലെങ്കിൽ നമ്മളെ ആരെങ്കിലും പിന്നോട്ട് വലിക്കും.

ഹിറ്റ്ലർ എന്ന സിനിമയിൽ മാധവൻകുട്ടിയുടെ അച്ഛൻ മരണ സമയത്ത് തൻ്റെ മകനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചതായി മാധവൻ കുട്ടി തൻ്റെ സഹോദരിമാരോട് പറയുന്ന ഒരു രംഗമുണ്ട്. ഒരച്ഛൻ ഒരു മകനെ കാണാൻ ആഗ്രഹിച്ച സമയത്ത് അയാളെ പിറകോട്ട് വലിച്ചത് ആരാണ്. ആ അച്ഛൻ്റെ മക്കൾ തന്നെ. ഇതുപോലെ നമ്മുടെയൊക്കെ വീട്ടിൽ ചില സന്ദർഭങ്ങളിൽ പിന്നോട്ട് വലിക്കുന്ന ആളുകൾ ഉണ്ട് ....

"ബന്ധങ്ങൾ "എന്ന വാക്ക് ലോകത്ത് ഏറ്റവും ഇഴയിണക്കമുള്ള വാക്കായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടക്ഷരങ്ങളുടെ കൂടിച്ചേരൽ മാത്രമല്ല  രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരൽ കൂടിയാണത്. അച്ഛൻ. അമ്മ, മക്കൾ, സഹോദരൻ , സഹോദരി , ഭാര്യ , സുഹൃത്തുക്കൾ എല്ലാവരും കണ്ണികളാവുന്ന മനോഹരമായ ഒരു വാക്കല്ലേ അത് .

നിൻ്റെ പണവും , സമ്പത്തും, സൗന്ദര്യവുമൊന്നുമല്ല, നിന്നെയാണ് എനിക്ക് വേണ്ടത് എന്ന് നമുക്ക് അച്ഛനോടും അമ്മയോടും മക്കളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും നമുക്ക് പറയാൻ കഴിയുമ്പോഴാണ് ബന്ധം എന്ന വാക്കിൻ്റെ സൗരഭ്യം നമുക്ക് തിരിച്ചറിയാനാവുക.അതിന്റെ മഹത്വം മനസിലാക്കാൻ കഴിയുക.

പ്രശ്നങ്ങളിൽ അകപ്പെട്ടവനെ കേൾക്കാൻ ശ്രമിച്ചാൽ മാത്രം മതി അവന് പകുതി ആശ്വാസമാകാൻ.
"എല്ലാം നേരെയാകും ,ശരിയാകും"
എന്ന് പറയുമ്പോൾ  "ഞാനെന്താണ് ചെയ്യേണ്ടത് "എന്ന് ഒരു വാക്കു കൂടി നമ്മൾ പറഞ്ഞാൽ അവന് ഒരാശ്വാസമായി. ഒരു പക്ഷെ അവന് ലഭിക്കുന്ന ഒരു കച്ചിത്തുരുമ്പ് ആകും നമ്മുടെ വാക്കുകൾ. കടം കയറി തകർന്നിരിക്കുന്ന ഗൃഹനാഥന് അപ്പോൾ അയാൾക്കൊപ്പം കുടുംബം ഒപ്പമുണ്ടാകും എന്ന തോന്നൽ ഉണ്ടായാൽ പകുതി ആശ്വാസമാകും. അയാൾ ആ  കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നൊന്നുമല്ല അപ്പോൾ ചിന്തിക്കേണ്ടത്. അയാളെ ആ പ്രശനങ്ങളിൽ നിന്ന് രക്ഷിച്ചു കുടുംത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കുക.

രക്ഷപെടാനുള്ള അവസാന ശ്രമം വരെ നടത്തിയ ശേഷമാകും ഒരാൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക. അത്തരം നിമിഷങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർക്ക് സാധിക്കണം .ഒരാളെ കേൾക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ് അധികവും.ചില സമയങ്ങളിൽ അല്പം വിട്ടുവീഴ്ചയ്ക്ക് തയാറായാൽ എന്താണ് കുഴപ്പം .

രണ്ട് കുഞ്ഞുങ്ങൾ ഇന്ന് അനാഥരായിരിക്കുന്നു. ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നതിനേക്കാൾ ആശ്വാസം ചൊരിയേണ്ടവർ പോലും മാന്യത കാണിച്ചില്ല  എന്നാണ് എനിക്ക് തോന്നിയത്.ഏത് ഭരണം വന്നാലും പോലീസ് പോലീസ് തന്നെ. നിയമം നടപ്പിലാക്കലാണ് അവരുടെ ജോലി.പക്ഷെ അവിടെ നന്മയുള്ള പ്രവർത്തനങ്ങളിലൂടെ അത് സാധ്യമാക്കാൻ ശ്രമിക്കണം .ഇതിപ്പോൾ ആ കുഞ്ഞുങ്ങൾക്ക് മുന്നിൽ ഒരു സമൂഹം തന്നെ ഒന്നുമല്ലാതായി തീർന്നില്ലേ?

ഇതിനു കാരണം ഇവിടെ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയാണ് .ഈ വ്യവസ്ഥിതി  ബ്രിട്ടീഷുകാരൻ്റെ സിസ്റ്റമാണ്. ഒരാൾക്ക് ഒരു സഹായം നൽകുന്നത് , അവൻ്റെ അവകാശമാണങ്കിൽ പോലും അത് എത്രത്തോളം നീട്ടിക്കൊണ്ട് പോവുക എന്നാണ് നമ്മുടെ വ്യവസ്ഥിതി ചിന്തിക്കുന്നു. അല്ലങ്കിൽ ആ വ്യവസ്ഥിതിയെ അങ്ങനെ ആക്കി തീർത്തിരിക്കുന്നു .അത് തുടരുകയും ചെയ്യുന്നു  .

യുദ്ധം ജയിക്കുന്നവന് എല്ലാം കീഴ്പ്പെടുത്തണമെന്നും പരാജയപ്പെടുന്നവന് അത് തടയണമെന്നുമാണ് ചിന്ത. പരാജയപ്പെട്ടവന് ആ സമയത്ത് ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയില്ലങ്കിൽ അവൻ സ്വയം സൃഷ്ടിക്കുന്ന ഒരു കെണി കൂടിയാണ് ആത്മഹത്യ. അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചതും .

ആ കെണിയിൽ സ്വയം വീണുപോകാതിരിക്കാൻ ശ്രമിക്കയും , അതിലേക്ക് ആരെയും വീഴ്ത്താതിരിക്കുവാനും നമുക്ക് സാധിക്കും. നമുക്ക് പരസ്പരം നമ്മളെ കേൾക്കാൻ സാധിച്ചാൽ മതി. അച്ഛന് അമ്മയേയും തിരിച്ചും. മക്കൾക്ക് മതാപിതാക്കളേയും , തിരിച്ചും , കൂട്ടുകാർക്ക് കൂട്ടുകാരെയും , അദ്ധ്യാപകർക്ക് കുട്ടികളേയും, തിരിച്ചും പരസ്പരം കേൾക്കുവാൻ സാധിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഒരു പക്ഷെ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവു. എന്നിട്ടും നമ്മൾ ആരെയും കേൾക്കാതെ ഒപ്പമുണ്ട് എന്ന് വീമ്പ് പറയുന്നു.ചിലത് കണ്ടും കേട്ടും കഴിയുമ്പോൾ അതിൽ പരിതപിക്കുന്നു .നാളെ പുതിയ സംഭവങ്ങൾ ഉണ്ടാകുന്നു .

മനുഷ്യനെ മനുഷ്യൻ അല്ലാതാക്കുന്ന വ്യവസ്ഥിതിയെ  മാറ്റിമറിക്കാൻ , അങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാവട്ടെ. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതട്ടെ. കാലതാമസമില്ലാതെ കേസു വഴക്കുകൾക്ക് തീരുമാനമാകട്ടെ. വാശിയും വൈരാഗ്യവും കുഞ്ഞുങ്ങളുടെ മുന്നില്ലെങ്കിലും ഇല്ലാതാവട്ടെ. ആത്മഹത്യ ചെയ്തവൻ്റെ മക്കൾ എന്ന ലേബൽ ആ കുഞ്ഞുങ്ങളിൽ പതിക്കാതിരിക്കട്ടെ. ഒരു സഹതാപവും അവരെ കീഴ്പ്പെടുത്താതിരിക്കട്ടെ.

നമുക്ക് അച്ഛനേയും,അമ്മയേയും,ഭാര്യയേയും,മക്കളേയും സഹോദരങ്ങളേയും, സുഹൃത്തുക്കളേയും പരസ്പരം കേൾക്കാം. അതിന് കഴിയാത്തവർ മനുഷ്യരല്ല എന്നാണ്  അനുഭവങ്ങൾ നമുക്ക് കാട്ടിത്തരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക