Image

ആ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍) Published on 30 December, 2020
ആ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? (ബാബു പാറയ്ക്കല്‍)
നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ ഇളയ മകന്‍ ചോദിക്കുന്നു, 'നിങ്ങള്‍ എല്ലാവരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത്' അവന്‍ വിരല്‍ചൂണ്ടി ചോദിക്കുന്നത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തോടാണ്. തലകുനിച്ച് ഞങ്ങള്‍ സമ്മതിക്കുന്നു. അതെ ഞങ്ങളാണ് നിന്റെ അച്ഛനെയും അമ്മയെയും കൊന്നത്. പുറംപോക്കിലെ മൂന്നു സെന്റുഭൂമിയില്‍ തകരപ്പാട്ട കൊണ്ടു മേല്‍കൂരയുണ്ടാക്കി തല്ലിക്കൂട്ടിയ ഒരു കൂരയില്‍ രണ്ടുകുട്ടികളെയും കൊണ്ട് അവര്‍ കഴിയുകയായിരുന്നു. അദ്ദേഹം കൂലിപ്പണിക്കാരനായിരുന്നു. ആരുടെയും വക മോഷ്ടിക്കാനോ ക്വൊട്ടേഷന്‍ വാങ്ങി ആരുടെയും കാലും കയ്യും തല്ലി ഒടിക്കാനോ അവര്‍ പോയിരുന്നില്ല. അനധികൃതമായി സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിന് ഇറങ്ങുവാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഹൈക്കോടതിയില്‍ നിന്ന് അരമണിക്കൂറിനകം 'സ്‌റ്റേ ഓര്‍ഡര്‍' വരുമെന്നറിയിച്ചിട്ടും അതിനുള്ള സാവകാശം പോലും കൊടുക്കാതെ ഇറക്കിവിടാനാണ് അധികൃതര്‍ തയ്യാറായത്. വിശന്ന വയറിന് അല്പം കഞ്ഞികുടിക്കാന്‍ തുടങ്ങിയിട്ട് അതിനു പോലും അനുവദിക്കാതെ കോളറിനു പൊക്കിയെടുത്ത് അയാളെ വെളിയില്‍ കൊണ്ടുവരികയാണ് പോലീസ് ചെയ്തത്. എത്ര യാചിച്ചിട്ടും യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത പോലീസുകാരെ ഭയപ്പെടുത്തി കയ്യകലത്തില്‍ നിര്‍ത്തി അരമണിക്കൂര്‍ സമയം വീണ്ടെടുക്കാന്‍ വേണ്ടി ദേഹത്തു പെട്രോള്‍ ഒഴിച്ചു ഭാര്യയെയും ചേര്‍ത്തുപിടിച്ച് കയ്യില്‍ ലൈറ്റര്‍ കത്തിപിടിച്ചു നിന്ന അയാള്‍ക്ക് ആ സമയം അനുവദിക്കുന്നതിനുപകരം ആ ലൈറ്റര്‍ അയാളുടെ ദേഹത്തേക്കു തന്നെ ഇടുകയാണ് പോലീസ് ചെയ്തത്. ഒരു നിമിഷം കൊണ്ട് ആ കുട്ടികള്‍ അനാഥരായി. ഇന്ന് കേരളത്തില്‍ മനുഷ്യമനസ്സാക്ഷി വിറങ്ങലിച്ചുനില്‍ക്കുകയാണ്. ആരാണിതിനുത്തരവാദി? പോലീസോ, അതോ ഉത്തരവിട്ട ന്യായപീഠമോ, അതോ സര്‍ക്കാരോ, അതോ അവര്‍ക്ക് ഒരു കൂര വയ്ക്കാന്‍ സ്വന്തമായി ഒരു സെന്റുഭൂമി കൊടുക്കാന്‍ കഴിയാതിരുന്ന സമൂഹമോ? അതെ, ഇവരെല്ലാവരും ഉള്‍പ്പെടുന്ന സാമൂഹ്യ വ്യവസ്ഥിതി.

മൂന്നാറില്‍ സര്‍ക്കാര്‍ വനം കയ്യേറി റിസോര്‍ട്ടുകള്‍ പണിതു. കായലും പാടവും നികത്തി അവിടെയും റിസോര്‍ട്ടുകള്‍ പണിതു. അവരെ ആരെയും ഇറക്കി വിടാന്‍ പോലീസിന് യാതൊരു ധൃതിയുമില്ല. ഇറക്കി വിടാനുമാവില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ഒരു വിഭാഗത്തിനും നൂറുകണക്കിനു പോലീസുകാരെ ഇറക്കി സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ മൂന്നു സെന്റു പുറംപോക്കില്‍ താമസിച്ച ഈ ദരിദ്രകുടുംബത്തെ വലിച്ചിറക്കാന്‍ എന്തേ ഇത്ര ധൃതി കാണിച്ചു?
ലോകത്തെ തകിടം മറിക്കുന്ന ഈ മഹാമാരിയുടെ ഇടയിലും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ പൊടിപൊടിച്ചു. ദീപാലങ്കാരങ്ങള്‍ നടത്തിയും സമ്മാനങ്ങള്‍ നല്‍കിയും നാം ഈ വേളകള്‍ ആനന്ദകരമാക്കുമ്പോള്‍ നമ്മുടെ ഇടയില്‍ ഒരു സഹോദരന്റെ കുടുംബത്തിനുണ്ടായ ഈ അനുഭവം നമ്മുടെ മനഃസാക്ഷിയെ ചിന്തിപ്പിക്കേണ്ടതാണ്. നമ്മുടെ അയല്‍പക്കത്തുള്ള ഇവരെ നാം എന്തുകൊണ്ടാണ് കാണാതെ പോകുന്നത് ? ദശാബ്ദങ്ങളായി പോരടിക്കുന്ന സഭാവിഭാഗങ്ങള്‍ ഒത്തുതീര്‍പ്പുചര്‍ച്ചക്കായി പ്രധാനമന്ത്രിയെ കണ്ടു പരിഹാരം തേടുന്നു. കോടിക്കണക്കിനു വരുമാനമുള്ള പള്ളികള്‍ക്കായി, എല്ലിന്‍കഷ്ണത്തിനുവേണ്ടി പോരടിക്കുന്ന പട്ടികളെക്കാള്‍ കഷ്ടമായി തെരുവില്‍ ഏറ്റുമുട്ടുന്ന ക്രിസ്തുദേവന്റെ പ്രതിനിധികള്‍! ചുമന്ന കുപ്പായവും കുരിശുമാലയും തൊപ്പിയും ധരിച്ച് ആഢംബര കാറുകളില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന ഇവരാരും എന്തേ ഈ ഹൃദയം പൊട്ടിനില്‍ക്കുന്ന ബാലന്റെ ചൂണ്ടുന്ന വിരല്‍ കാണാതെപോകുന്നത്?' ഈ ചെറിയവനു ചെയ്യാത്തത് നിങ്ങള്‍ എനിക്കാണു ചെയ്യാത്തതെന്ന്' വ്യക്തമായി പറഞ്ഞ ക്രിസ്തുവിനെ മറന്ന് നിങ്ങള്‍ എവിടേക്കാണു ഹേ ഈ ഓടുന്നത് ? അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ ആ വീട്ടില്‍ പോകണം. ആ കുട്ടികളെ ചേര്‍ത്തുപിടിച്ചു നിങ്ങള്‍ പറയണം,' സമൂഹത്തില്‍ നിങ്ങള്‍ ഒറ്റപ്പെടരുത്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. '

സമൂഹത്തില്‍ ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കു തുണയേകാന്‍ ഇനി അമാന്തിക്കരുത്. ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി നാം ലക്ഷങ്ങള്‍ ചെലവാക്കുന്നു. കാരണം നാം ആഢംബരത്തിന്റെ കൂട്ടുകാരാണ്. എന്നാല്‍ കോവിഡ് കാരണം ഈ വര്‍ഷം നാം ഈ ആഘോഷങ്ങള്‍ക്കായി അധികം ചെലവഴിച്ചിട്ടില്ല. ആ തുക ഇങ്ങനെ സ്വന്തമായി ഒരു ഭവനമോ ഭൂമിയോ ഇല്ലാത്തവര്‍ക്കായി നല്‍കുക. ഒരാളിന്റെ മാത്രം സംഭാവന കൊണ്ട് അതിനു പൂര്‍ണ്ണമായി തികയുന്നില്ലെങ്കിലും കൂട്ടമായി നാം യത്‌നിക്കുമ്പോള്‍ അതു സാഫല്യമാകും. കൂണുപോലെ മുളച്ചു പ്രസിദ്ധരായ ചില സാമൂഹ്യമാധ്യമ ശ്രേഷ്ഠന്മാര്‍ ധീരധീരം പ്രസംഗിക്കുന്നതുകേട്ടു, 'സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരു സഭാവിഭാഗത്തിനു പുതിയ പള്ളി വയ്ക്കാന്‍ ഒരു ലക്ഷംരൂപ നല്‍കുന്നു. മഠത്തില്‍ ചെമ്പുകമ്പി മോഷ്ടിക്കാന്‍ കയറിയവന് അന്‍പതിനായിരം രൂപ നല്‍കുന്നു' എന്നൊക്കെ എന്നാല്‍ നെയ്യാറ്റിന്‍കരയിലുയര്‍ന്ന ആ ചൂണ്ടുവിരലിനെ സ്വാന്ത്വനപ്പെടുത്താന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഇതാണ് അവസരത്തിനൊത്ത് മനസ്സാക്ഷിയെ മാറ്റിമറിക്കാന്‍ കഴിയുന്ന സാമൂഹ്യ നേതാക്കളുടെ അവസ്ഥ.
നാം അര്‍ഹിക്കുന്നതിനുപരി എത്രയോ അനുഗ്രഹങ്ങള്‍ വാരിക്കൂട്ടിയവരാണ്. ഇപ്പോഴെങ്കിലും ആ ചൂണ്ടുവിരലിലേക്കു നോക്കി നമുക്കവരെ ചേര്‍ത്തുപിടിക്കാം. സമൂഹത്തില്‍ ഇനിയെങ്കിലും ഇങ്ങനെയുള്ള ദുര്യോഗം ആര്‍ക്കും ഉണ്ടാകാതെ പോകട്ടെ. അതുറപ്പാക്കേണ്ടത് നാം ഉള്‍പ്പെടുന്ന സമൂഹമാണ്.

ആ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2020-12-31 21:25:04
Dear Shri Babu Parackal - There is an intense indignation everywhere aroused by the recent incident in Neyyattinkara. Who is to blame? I have always felt monarchy was better than democracy. When Indians wanted freedom the then British Prime Minister Winston Churchill said "Power will go to the hands of rascals, rogues, freebooters; all Indian leaders will be of low calibre & men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles." It unfortunately happened. By the way the boys started getting monetary help.
amerikkan mollakka 2020-12-31 22:53:22
രാജ്യഭരണമാണോ ജനാധിപത്യമാണോ പഥ്യം എന്ന് ചോദിച്ചാൽ ഇമ്മടെ ഭാരതത്തിലെ അവസ്ഥ വച്ചാണെങ്കിൽ രാജ്യഭരണം നല്ലതാണ്. ഇമ്മടെ ഗാന്ധി മുത്തപ്പൻ വരെ രാമരാജ്യം ബരണമെന്ന് പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ചത് മനസാസിയില്ലാത്ത ജനാധിപത്യഭരണമല്ല. ഞമ്മള് പറയുന്നത് കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നാണ്. അത് ഈ കേസിൽ വസന്ത സാഹിബയല്ല. രാജൻ സാഹിബും കുടുംബവുമല്ല. പട്ടയം കൊടുക്കുന്നവരും അതിന്റെ നിജസ്ഥിതി അന്വേഷിക്കുന്നരും നിയമപാലകരും, നീതിന്യായന്മാരും ഈ കേസിൽ കുറ്റക്കാരാണ് എന്ന് പത്രങ്ങളിൽ നിന്നും ഞമ്മക്ക് മനസ്സിലാകുന്നു. ഇബരെ രക്ഷിച്ച് എടുക്കാൻ ഇരുപത്തിയെട്ടു വർഷവും ഒമ്പതു മാസവും എടുക്കുമെങ്കിൽ ഞമ്മളും സുധീർ സാഹിബിനെപോലെ രാജ്യഭരണം ഭേദം എന്ന് പറയും. ഇമ്മടെ നാട് ഇപ്പോൾ ദൈവത്തിന്റെ നാട് എന്ന് പറയുന്ന ഭൂപ്രദേശം ജനവാസയോഗ്യമല്ല. ജനാബ് കോരസണ് സാഹിബ് ഇയ്യിടെ എയ്തിയ ലേഖനം ആരെങ്കിലും ബായിച്ചോ ? ഞമ്മന്റെ ബാപ്പ ഒരു പ്രമാണിയും പണക്കാരനുമായതുകൊണ്ട് പേടിക്കണ്ട എന്ന് ബാപ്പ പറഞ്ഞു പ്രഭാസികൾ നാട്ടിൽ ചെല്ലുമ്പോൾ കരുതൽ ബേണം. നോക്കുകൂലി തൊട്ട് രാഷ്ട്രീയക്കാർക്ക് കാശുണ്ടാക്കാനുള്ള നിയമങ്ങൾ ഉണ്ട്. അപ്പൊ ബാബു സാഹിബ് അസ്സലാമു അലൈക്കും ഇങ്ങള് ഇങ്ങനെ എയ്തി നിർത്തരുത്. കുറ്റം ചെയ്തോർക്ക് ശിക്ഷ കിട്ടുന്നവരെ എയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക