Image

ഇരുട്ട് (കവിത-സൂസൻ ജോഷി)

Published on 31 December, 2020
ഇരുട്ട് (കവിത-സൂസൻ  ജോഷി)
വയറാളിയപ്പോൾ
വിളർത്തു  തളർന്ന പെൺകുഞ്ഞ്
 മുട്ടിൽ ഇഴഞ്ഞു ചെന്ന്
 അതിർത്തിയിലെ
മണ്ണ് വാരി തിന്നു.
ദുരിതാശ്വാസ ക്യാമ്പിലെ
പതിനാറാം രാത്രിയായിരുന്നു അത്.
മാനത്തും മണലാരണ്യത്തിലും
ഇരുട്ടു കനത്തു കൊണ്ടിരുന്നു .

തെരുവുകളിൽ
ഒച്ചപ്പാടുകൾ ഏറി.
ടെന്റുകൾക്കപ്പുറം
വെടിയൊച്ചകളും.
 ജിവന്റെ ഒടുക്കത്തെ പിടച്ചിലുകൾ
കാറ്റിന്റെ മുഴകങ്ങൾക്കിടയിൽ
പെട്ടു ചതഞരഞ്ഞു.
പരസ്പരം കാണാനാവാത്ത ഇരുട്ടിൽ
ഭൂമിയുടെ അവകാശത്തിനായി
പോരടിച്ചവർ
 രക്തം കൊണ്ടു ചരിത്രത്തെ വികൃതമാക്കിക്കൊണ്ടിരുന്നു.

 ആദിരൂപം മനുഷ്യന്റേതായിരുന്നു.
കണ്ടു നിൽക്കെ
അസുരരൂപങ്ങളായവ വിഘടിച്ച്‌
പലയിടത്തേക്ക്‌   ചിന്നിതെറിച്ച്‌
 ആർത്തട്ടഹസിച്ചു.
 പലതരം ചിഹ്നങ്ങൾ ധരിച്ച്
 സ്വയം പല പേരുകൾ വിളിച്ച്‌
വലവീശി കുടുക്കാനവർ
ഇരകൾക്കായി മത്സരിച്ചു.

ഉന്മാദം പൂണ്ട കുറു നരികളുടെ
ഇരുണ്ട സഞ്ചാരങ്ങൾക്കിടയിൽ  
പൂവാടികൾ ഉഷ്ണം വിതക്കുന്ന മണൽകാടുകളായി .
ഉടഞ്ഞ കളിപ്പാട്ടങ്ങളും
നഷ്ടപ്പെട്ട
ചായപെൻസിലുകളുമായി
 ശൂന്യമായി ബാല്യങ്ങൾ .
മഴയത്തു കരയുന്ന പൂച്ചകുട്ടികൾ
ഏറ്റെടുക്കാൻ ആരുമില്ലാതെ
അനാഥരായി.
വെറുപ്പിന്റെ കറുപ്പ് പടർന്ന
ആകാശം  നോക്കി നെടുവീർപ്പിട്ട്
ചിറകുകൾ ഒതുക്കി
പക്ഷികൾ മരപൊത്തുകളിലേക്ക്‌ ഉൾവലിഞ്ഞു.
നെഞ്ചിടിപ്പ് നിലച്ച ക്ളോക്കിൽ
 ചുറ്റിപിണഞ്ഞ  മാറാലകളുമായി
ആളൊഴിഞ്ഞ വീടുകൾ
പലായനങ്ങളുടെ കഥ പറഞ്ഞു.

വയറാളിയ  ഒരു പെണ്കുഞ്ഞു
അതിർത്തിക്കപ്പുറം
നീണ്ടു വരുന്ന ഒരു കരത്തിനായി കാത്ത്
മണൽകാട്ടിൽ നീന്തി നടന്നു.

ഇരുട്ട് (കവിത-സൂസൻ  ജോഷി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക