Image

മാപ്പ് (ചെറുകഥ-സെഹിയോൻ)

Published on 01 January, 2021
മാപ്പ്  (ചെറുകഥ-സെഹിയോൻ)
'എനിക്കൊരു ഗ്ലാസ് വൈന്‍ കൂടി വേണം,' അത് പറയുമ്പോള്‍ യൂദാസിന്റെ നാവു കുഴയുന്നുണ്ടായിരുന്നു. നീണ്ട് ചുരുണ്ട്, ഒതുക്കമില്ലാതെ കിടന്ന മുടി ശുഷ്‌കിച്ച കവിളുകളിലേയ്ക്ക് വീണുകിടന്നിരുന്നു. വൈകുന്നേരം മുതല്‍ തുടങ്ങിയ കുടിയാണ്. കാലുകള്‍ ഇപ്പോള്‍ത്തന്നെ നിലത്തുറയ്ക്കുന്നില്ല. 

'ഞങ്ങള്‍ അടയ്ക്കാന്‍ പോകുകയാണ്... നാളെ ക്രിസ്മസ് അല്ലേ...' മദ്യവില്‍പ്പനക്കാരന്‍ പറഞ്ഞു. അതുകേട്ട യൂദാസിന്റെ കണ്ണുകളില്‍ പൊടുന്നനെ ദു:ഖം കനത്തു. 

'ഇത്തവണ ക്രിസ്മസ് നേരത്തെയെത്തിയോ...' 

ജനലിലൂടെ പെയ്യുന്ന മഞ്ഞിലേയ്ക്ക് നോക്കി അയാള്‍ ആത്മഗതം പറഞ്ഞു. അതുകേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ച മദ്യവില്‍പ്പനക്കാരന്‍ മദ്യശാല അടയ്ക്കാനാരംഭിച്ചു.

പുറത്തേയ്ക്ക് നോക്കിയിരിക്കെ യൂദാസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുറ്റബോധം ആ മുഖത്ത് ഇരുട്ട് പോലെ വ്യാപിച്ചു.

യേശു തനിക്കാരായിരുന്നു? ഗുരു, സുഹൃത്ത്, സഹോദരന്‍...? 

പെട്ടെന്ന് ഓര്‍മ്മയില്‍ നിന്നുണര്‍ന്ന യൂദാസ് വീണ്ടും ആവശ്യപ്പെട്ടു,

'ദയവായി എനിക്കൊരു ഗ്ലാസ് വൈന്‍ കൂടി തരൂ... അല്ലെങ്കില്‍ ഈ രാത്രി എനിക്കുറങ്ങാനാകില്ല...' 

'നിങ്ങളൊന്ന് പോകാന്‍ നോക്കൂ... ഇവിടെ അടച്ചെന്ന് പറഞ്ഞില്ലേ... നിങ്ങളിറങ്ങിയിട്ട് വേണം എനിക്ക് പോകാന്‍... പള്ളിയില്‍ അന്തി കുര്‍ബാന ഉള്ളതാണ്...'

ഇത്തവണ മദ്യവില്‍പ്പനക്കാരന്റെ സ്വരത്തില്‍ കാര്‍ക്കശ്യം നിറഞ്ഞിരുന്നു. 

കുറച്ച് നേരം ദയനീയമായി അയാളെ നോക്കിയിരുന്ന ശേഷം യൂദാസ് പതിയെ എഴുന്നേറ്റു. വേച്ചുവേച്ച് പുറത്തേയ്ക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു. 

'ഇല്ല... ഇപ്പോഴും ബോധം മറഞ്ഞിട്ടില്ല...'

ആ ചിന്ത യൂദാസിനെ കൂടുതല്‍ അസ്വസ്ഥനാക്കി. മദ്യശാലയ്ക്ക് പുറത്തെ പൈന്‍ മരത്തിന് കീഴില്‍ അയാള്‍ ചെന്നിരുന്നു. ചുറ്റും കനത്ത മഞ്ഞ് പെയ്യുകയാണ്.

പെട്ടെന്ന് ഇരുട്ടില്‍ നിന്നൊരു രൂപം അയാള്‍ക്ക് നേരം നടന്നുവന്നു. മദ്യവില്‍പ്പനക്കാരനാണെന്ന് കരുതി ആയാസപ്പെട്ട് കണ്ണുകള്‍ തുറന്ന യൂദാസ് പറഞ്ഞു, 

'താങ്കള്‍ മഹാനാണ്... അവസാനം എനിക്കായി ഒരു കോപ്പ മദ്യമെങ്കിലും കൊണ്ടുവന്നല്ലോ...' 

പൈന്‍മരത്തിന്റെ തടിയില്‍ പിടിച്ച് കഷ്ടപ്പെട്ട് എഴുന്നേറ്റ യൂദാസ് വന്നയാളോട് മദ്യത്തിനായി കൈനീട്ടി. ഇരുട്ടില്‍ പാതി തെളിഞ്ഞ ആ മുഖം കണ്ട് യൂദാസ് ഞെട്ടി. കുടിച്ച മദ്യത്തിന്റെ ലഹരിയെല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍ കെട്ടുപോയതു പോലെ. സര്‍വ്വവും മറന്ന് തേങ്ങിക്കരഞ്ഞുകൊണ്ട് അയാള്‍ ആ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി വീണു. പിഞ്ചുകുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു. ശേഷം മെല്ലെ ഇഴഞ്ഞുചെന്ന് ആ കൈകള്‍ മുത്തി; പീലാത്തോസിന്റെ പട്ടാളക്കാര്‍ ആണിയടിച്ചു കയറ്റിയ പാട് ഇപ്പോഴും ആ കൈകളിലുണ്ടായിരുന്നു. 

'ഭൂമിയെയും സ്വര്‍ഗത്തെയും ഒറ്റിക്കൊടുത്ത, മനസില്‍ നന്മയുടെ തരിപോലും ബാക്കിയില്ലാത്ത ഈ മഹാപാപിയെ ശിക്ഷിക്കൂ... സര്‍വ്വലോകങ്ങളിലേയ്ക്കും പാപിയാണ് ഞാന്‍... വെറുക്കപ്പെട്ടവനാണ് ഞാന്‍...' യൂദാസ് ഏങ്ങലടിച്ചു. 

ആ രൂപം മെല്ലെ കുനിഞ്ഞ് യൂദാസിനെ പിടിച്ചുയര്‍ത്തി. ആ മുഖത്തേയ്ക്ക് നോക്കാന്‍ കെല്‍പ്പില്ലാതെ യൂദാസ് വിതുമ്പിക്കൊണ്ടുനിന്നു. കനത്ത മഞ്ഞുകാറ്റ് വീശിയടിക്കുന്നുണ്ട്. തന്റെ പുതപ്പെടുത്ത് യൂദാസിനെ അണിയിച്ച ശേഷം ആ ചുണ്ടുകള്‍ പതിയെ ചലിച്ചു,

'യൂദാസ്...' 

സംവത്സരങ്ങള്‍ക്കിപ്പുറം വീണ്ടും ആ വിളി കേട്ട യൂദാസിന്റെ മനസ് ആര്‍ദ്രമായി. 

'എനിക്കെന്നും പ്രിയശിഷ്യനായിരുന്നു നീ...' 

അതുകേട്ടതും യൂദാസ് വീണ്ടും വിതുമ്പാനാരംഭിച്ചു. വിറയലോടെ യൂദാസ് പറഞ്ഞു, 

'പ്രഭോ... അങ്ങയോടേറ്റം തെറ്റ് ചെയ്തതും ഞാന്‍ തന്നെ...' 

ഒരു മന്ദഹാസമായിരുന്നു മറുപടി.

ഒരു നിമിഷത്തെ മൗനത്തിന് ശേഷം യൂദാസിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറഞ്ഞു, 

'യൂദാസ്... നിന്റെ പാപം പൊറുക്കാൻ എനിക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ ദൈവപുത്രനാകും...? എന്റെ പിന്തുടർച്ചക്കാരായ മാലോകരെങ്ങനെ പരസ്പരം ക്ഷമിക്കും...?' 

കാലങ്ങളകലെ പല നാടുകളലഞ്ഞ് നടത്തിയ പ്രഭാഷണങ്ങളുടെ ഓര്‍മ്മ പുതുക്കും പോലെ അദ്ദേഹം തുടര്‍ന്നു, 

'എന്റെ വചനങ്ങള്‍ നീ ഓര്‍ക്കുന്നില്ലേ... സ്‌നേഹമാണ് എല്ലാറ്റിലും വലുത്... അതിനെക്കാള്‍ വലുതായി ഒന്നുമില്ല...’ 

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച യൂദാസ് കൈകൂപ്പി നിന്ന് തേങ്ങി. ഒരിക്കല്‍ക്കൂടി ആ സാമീപ്യം അനുഭവിക്കാനായതില്‍ ദൈവത്തിന് മനസാ നന്ദി പറഞ്ഞു. 

കണ്ണു തുറന്ന യൂദാസ് മുന്നിലെ ശൂന്യമായ ഇരുട്ട് കണ്ട് പകച്ചു നിന്നു. 

ഇത്രനേരം തന്നോട് സംസാരിച്ച ദേവനെവിടെ? അതോ താനീ കണ്ടതത്രയും ഒരു സ്വപ്‌നമായിരുന്നോ? 

അയാള്‍ ആകാശത്തേയ്ക്ക് നോക്കി. അവിടെ ഉണ്ണിയേശുവിന്റെ ജനന രാത്രിയിലെന്ന പോലെ ഒരു താരകം വിളങ്ങുന്നു. നോക്കിനില്‍ക്കെ അകലെയെങ്ങോ ഒരു പുല്‍ക്കൂട്ടില്‍ ദൈവപുത്രന്‍ പിറന്നിരിക്കുന്നതായി അയാള്‍ക്ക് തോന്നി. നക്ഷത്രം തെളിച്ച വഴിയേ യൂദാസ് യാത്രയാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക