Image

പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 01 January, 2021
പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി  (കവിത: വേണുനമ്പ്യാര്‍)
1

ഇന്നലെ പ്രാണന്റെ നാമത്തില്‍  
അപരിചിതമായ ഒരു തെരുവിലെ തിരക്കില്‍
ആദ്യദര്‍ശനം!

അറിയാതെ ഇന്ന് പ്രാണന്റെ പ്രാണനായി
ഇനി നാളെ സ്‌നേഹത്തിനു പ്രമാണം  ചോദിക്കരുത്
നിന്റെ ഞരമ്പുകളില്‍   കാണും
എന്റെ നഖക്ഷതങ്ങള്‍!

2

നീ വിദൂരതയിലെ  സഞ്ചാരിയില്ലാത്ത
പൊന്‍തോണിയെ    കാട്ടിത്തരാന്‍ നോക്കുമ്പോഴും      
വെള്ളെഴുത്തിന്റെ   ഈ കണ്ണുകള്‍        
കരിംചുവപ്പു ചായമിട്ട് മിനുക്കിയ  നിന്റെ  
നഖത്തിനപ്പുറം കടക്കാന്‍ കൂട്ടാക്കുന്നില്ല.    
കരിംചുവപ്പിന് പകരം പൊന്‍ചായമിട്ടിരുന്നെങ്കില്‍  
ആകാശത്തിലെ ഒന്നിനെ   ഭൂമിയില്‍ പത്തെണ്ണമായി  കണ്ട്  
ഇവന്‍ സായൂജ്യം പൂകിയേനെ!
 
3

രാവില്‍   ഇരവെടുത്ത നിന്റെ സ്വപ്നം
പകല്‍  റിബേറ്റില്‍ വിറ്റു
നിനക്ക് തന്നെ

പകല്‍ വാങ്ങിച്ച സുന്ദര സ്വപ്നം
രാവില്‍ കച്ചീട്ടൊന്നും എഴുതാതെ  വാടകയ്ക്ക് തന്നു
നീയെനിക്ക്  

ഇരുവരിലാരോ ഒരാള്‍
അപരനെ കബളിപ്പിക്കുന്നുണ്ട്
അതാകും സ്വപ്നത്തിനുമപ്പുറത്തെ
യാഥാര്‍ഥ്യം!

4

ഞൊടിക്കൂ
ഞൊടിയിടക്കുളളില്‍  
പ്രണയം പുഞ്ചിരിച്ചെത്തും
 
ഞൊടിക്കൂ
ഞൊടിയിടക്കുളളില്‍
പ്രണയം കറുത്ത സൂര്യനായി മാറി നില്‍ക്കും
 
വെമ്പലോടെ  വേവലാതിയോടെ    
അവിശ്വസിക്കേണ്ട കാര്യമില്ല

പ്രളയത്തിന് ശേഷവും
പ്രണയം പൂത്തുനില്‍ക്കും!

5
 
വിശറി കൊണ്ടല്ല വീശേണ്ടത്
ഇടതൂര്‍ന്ന   മുടിയാല്‍

അധരത്താലല്ല കുടിക്കേണ്ടത്
കാന്തമിഴിയാല്‍

മിഴിയാലല്ല നോക്കേണ്ടത്
നാഭിച്ചുഴിയാല്‍

ചുഴിക്കുമപ്പുറത്താണല്ലോ  
നഷ്ടപ്പെട്ട   സ്വര്‍ഗ്ഗവും
അതിതീവ്രന്യൂനമര്‍ദ്ദവും!

6

ആരില്‍നിന്നും പകുത്തെടുത്തതാണ് ഈ  പ്രണയത്തെ?
പകച്ചു നില്‍ക്കുന്നു ഞാന്‍
പകര്‍പ്പ് മാത്രം വില്‍ക്കുന്ന
തെരുവിലെ അസ്സല്‍ക്കടക്ക് മുന്നില്‍!

അസ്സലിലേക്കെന്നെ പകര്‍ത്താനാരുണ്ട്
അവര്‍ക്കു   അടിയറ വെക്കാം   പ്രാണന്റെ ഈ പളുങ്കുനിധി!

7

എന്നോടല്ല നിന്നോടല്ല ഈ പ്രണയം
പ്രണയം മറക്കാത്തവരോടാണീ പ്രണയം
പ്രണയത്തിനുവേണ്ടി കരള്‍ പറിച്ചര്‍പ്പിക്കുന്നവരോടാണീ    പ്രണയം
പ്രണയത്തെ വിസ്മരിക്കുമ്പോഴും  അതിനെ   തിടമ്പായി ശിരസ്സിലേറ്റി 
അഹോരാത്രം നൃത്തം ചവിട്ടുന്നവരോടാണീ   പ്രണയം    

8

മഷി നിറച്ച പേനയുണ്ട്
രക്തം നിറച്ച വിരലുമുണ്ട്
നിന്റെ പ്രണയത്തെക്കുറിച്ചു എഴുതാന്‍മാത്രം
മനസ്സില്‍   ഒന്നുമില്ല.
ഇനി സൂത്രത്തില്‍    വല്ലതും    കുറിച്ചാല്‍ത്തന്നെ
വെള്ളത്തില്‍ വരച്ച വര പോലെ
അത് ഞൊടിയിടക്കുളളില്‍  ഇല്ലാതാകും!  

9

മുള്ള്  നല്ലതാ  
ഒപ്പം റോസുമുണ്ടെങ്കില്‍

റോസ് നല്ലതാ
ഒപ്പം  മുള്ളുമുണ്ടെങ്കില്‍

ചോര  നല്ലതാ
ഊറ്റിക്കുടിച്ചു തുപ്പാന്‍  
എന്നും ഒരു യക്ഷിയെപ്പോലെ  
ഒപ്പം  നീയുമുണ്ടെങ്കില്‍!

10

വായിക്കാനുള്ള സാക്ഷരത
നമുക്ക് രണ്ടുപേര്‍ക്കുമുണ്ട്.
വ്യത്യാസം ഇത്ര മാത്രം :
ഞാന്‍ വെളുപ്പ് വായിക്കുന്നിടത്ത്    
നീ  കറുപ്പേ വായിക്കൂ!
നിന്റെ ശാഠ്യം  ജയിക്കുമാറാകട്ടെ

പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി  (കവിത: വേണുനമ്പ്യാര്‍)
Join WhatsApp News
Sudhir Panikkaveetil 2021-01-02 15:57:18
ശ്രീ നമ്പ്യാർ - പ്രണയതാരാവലി എന്ന് കണ്ടപ്പോൾ ഇരുപത്തിയേഴു പദ്യങ്ങൾ കാണുമെന്നു കരുതി. മുള്ളു നല്ലതാ ഒപ്പം റോസുണ്ടെങ്കിൽ എന്ന വരി പ്രണയത്തിന്റെ മുഴുവൻ ഭാവങ്ങളും പേറി നിൽക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തി ആകുമോ? എപ്പോഴും കാമുകിയെ ജയിക്കാൻ വിടുക അവൾ വിപരീതമാണ് പറയുന്നെങ്കിലും. പ്രണയതാരാവലി കൊള്ളാം, ഇഷ്ടമായി.
വേണുനമ്പ്യാർ 2021-01-03 07:10:15
ശ്രീ സുധീർ സാറിന്റെ ആസ്വാദനക്കുറിപ്പ് കണ്ടു. ലോകത്തിൽ കവിത വായിക്കുന്നവർ ജനസംഖ്യയുടെ ഒരു ശതമാനമേ വരൂ. ആ ഒരു ശതമാനത്തിൽത്തന്നെ, കവി ഉദ്ദേശിച്ചത്, ഹൃദയത്തിൽ കാണാൻ കഴിയുന്നവർ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. പ്രതികരണം ഒരു ടോണിക്കിന്റെ ഫലം ചെയ്തുവെന്നറിയിക്കുന്നതിൽ അതിയായ സന്തോഷം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക