Image

സർവ്വത്ര വെള്ളം, തുള്ളി കുടിക്കാൻ ഇല്ല; വാക്സിൻ വിതരണവും തഥൈവ (ഡോ. ജേക്കബ് ഈപ്പൻ)

Published on 03 January, 2021
സർവ്വത്ര വെള്ളം, തുള്ളി കുടിക്കാൻ ഇല്ല; വാക്സിൻ വിതരണവും   തഥൈവ  (ഡോ. ജേക്കബ് ഈപ്പൻ)
(ഫൊക്കാനയുടെ കാലിഫോര്‍ണീയ റീജിയനല്‍ വൈസ് പ്രസിഡന്റായ ഡോ. ജേക്കബ് ഈപ്പന്‍ അലമേഡ  ഹെല്ത്ത് സിസ്റ്റത്തില്‍ മെഡിക്കല്‍ ഡയറക്ടറാണ്. ഫ്രെമൊണ്ടിലെ വാഷിംഗ്ടന്‍ ഹോസ്പിറ്റല്‍ ഹെല്ത്ത് സിസ്റ്റം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഇത് ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന സ്ഥാനമാണ്.)

മഹാമാരിക്കെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് റെക്കോർഡ് വേഗത്തിൽ കണ്ടെത്തിയെങ്കിലും, വിതരണം അത്ര വേഗത്തിൽ നടക്കുന്നില്ല. വാഗ്ദാനങ്ങളൊക്കെയും ജലരേഖകൾപോലെയായി. 2020 ന്റെ അവസാനം 20 മില്യൺ അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ട് 16 ദിവസങ്ങൾക്കിപ്പുറം 2 മില്യൺ പേരിലേക്ക് മാത്രമേ മരുന്ന് എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 10 മില്യൺ ഡോസുകളുടെ വിതരണമാണ് ആകെ പൂർത്തിയായത്. രോഗവ്യാപനത്തിനോ കോവിഡ് മരണങ്ങൾക്കോ ഒരു കുറവുമില്ലാതെ റെക്കോർഡുകൾ തിരുത്തപ്പെടുന്ന കാഴ്ചയാണ് മറുവശത്ത്. യു കെ യിൽ കണ്ടെത്തിയ കോവിഡ് വകഭേദവുംവ്യാപന ഭീഷണി ഉയർത്തുന്നു. 80 % അമേരിക്കക്കാരെ ജൂൺ അവസാനത്തോടെ വാക്സിനേറ്റ് ചെയ്യാൻ കഴിയുമെന്നും ദിവസം 3 മില്യൺ ആളുകൾക്ക് പ്രതിരോധമരുന്ന് നല്കുന്നതിലൂടെയേ ഇത് സാധ്യമാകൂ എന്നുമാണ് വൈറ്റ് ഹൗസ് മുൻപ് പറഞ്ഞിരുന്നത്. 

വ്യക്തമായ ആസൂത്രണത്തിന്റെ അഭാവമാണ് വാക്സിൻ വിതരണത്തിൽ നടന്നിരിക്കുന്നത്. 1947 ൽ ന്യൂയോർക്കിലെ 6 മില്യൺ ജനങ്ങൾക്ക് വസൂരിക്കെതിരെയുള്ള വാക്സിൻ നൽകാൻ ഒരു മാസത്തിൽ താഴെ സമയമേ അന്നത്തെ പരിമിതമായ സൗകര്യങ്ങളിലും വേണ്ടി വന്നുള്ളൂ എന്ന ചരിത്രത്തിലൂടെ കണ്ണോടിച്ചാൽ ഇന്നത്തെ കെടുകാര്യസ്ഥതയുടെ ചിത്രം വ്യക്തമാകും. 

വാക്സിൻ സ്വീകരിക്കുന്നതിനുള്ള  മുൻഗണനാക്രമമാണ് പ്രധാന പൊല്ലാപ്പ്. എ സി ഐ പി , സി ഡി സി എന്നീ ഏജൻസികൾ ആർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. സ്റ്റേറ്റുകളും കൗണ്ടികളും ഇതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ മുൻനിരക്കാർ പിൻ നിരക്കാർ എന്നെങ്ങനെ വേർതിരിക്കും? 
നമ്മുടെ പ്രാദേശിക സംവിധാനത്തിൽ, ഒരു ജീവനക്കാരൻ വൈറസ് ബാധിതനാകാൻ എത്രമാത്രം സാധ്യതയുണ്ടെന്ന് എക്സ്പോഷർ ലെവലുകൾ നോക്കാതെ, എല്ലാവര്‍ക്കും വാക്സിൻ നൽകുന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. അതേസമയം ക്ലിനിക്കുകളിൽ ദൈനംദിനം കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന നഴ്സുമാർ ഇപ്പോഴും പ്രതിരോധ മരുന്ന് ലഭിക്കുന്നതിന് വിളിവരാൻ , ഊഴം കാത്തിരിക്കുന്ന വിഷമകരമായ അവസ്ഥയാണുള്ളത്. മുൻഗണനാ പട്ടിക നോക്കിയല്ല  വൈറസ് പിടിമുറുക്കുകയെന്ന് ഓർക്കണം. ഈ തരംതിരിക്കൽകൊണ്ട്  സുതാര്യമല്ലാത്ത അന്തരീക്ഷം  ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ ജീവിതങ്ങളെ ദോഷകരമായി ബാധിച്ചതുകൊണ്ട് നിരവധി ആളുകളുടെ മനോവീര്യമാണ് കുറഞ്ഞിട്ടുള്ളത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തുടനീളം ഇതാണ് സ്ഥിതി. 

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ആദ്യ ഘട്ട പ്രതിരോധ മരുന്ന് ജീവനക്കാർക്ക് നൽകാതെ ബൈപ്പാസ് ചെയ്ത ശേഷം ക്ഷമാപണം നടത്തിയ സംഭവം ഇപ്പോൾ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. മുതിർന്ന ക്ലിനിക്കൽ- നോൺ ക്ലിനിക്കൽ സ്റ്റാഫുകളും രോഗികളും  പരിചരിക്കുന്നതിൽ നേരിട്ട് പങ്കെടുക്കാത്ത പലരും ഷോട്ടുകൾ  സ്വീകരിച്ചിരുന്നു. 

ഒരു ക്ലിനിക്കിലെ ശിശുരോഗവിദഗ്ദ്ധന് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനെക്കാൾ രോഗസാധ്യത കുറവാണെന്ന് എങ്ങനെ പറയാൻ കഴിയും? 
എവിടെ ജോലി ചെയ്യുന്നു എന്നത് മാനദണ്ഡമാക്കാതെ ഏത് വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നുനോക്കി വേണമായിരുന്നു ഉപദേശക സമിതി മുൻഗണനാക്രമം ഉണ്ടാക്കേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം. ശിശുരോഗവിദഗ്ധർ കുട്ടികൾ അവരുടെ സാധാരണ വാക്സിനേഷനുകൾക്ക് എത്തുമ്പോൾ  മുഖാമുഖം ഇടപെടുന്നവരായതുകൊണ്ട്, രോഗം ബാധിച്ചവരുമായി സമ്പർക്ക സാധ്യത തള്ളിക്കളയാനാവില്ല. ലക്ഷണമില്ലാത്ത കോവിഡ് രോഗബാധ കൂടുതലും കാണുന്നത് കുട്ടികളിലാണെന്നതും ഓർക്കേണ്ടതുണ്ട്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ കുട്ടികൾക്ക് അനുമതി ഇല്ലെന്നതും ഇതുമായി ചേർത്ത്  ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടുതന്നെ വാക്സിൻ സ്വീകരിക്കുന്നതിൽ പ്രഥമ പരിഗണ ലഭിക്കേണ്ടവരാണ് ഡോക്ടർമാരെന്ന് ഞാൻ വിശ്വസിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട കുറച്ച് ശിശുരോഗവിദഗ്ദ്ധരെ എനിക്ക് വ്യക്തിപരമായി അറിയാം. 
ഫൈസറിന്റെ ആദ്യ ഡോസ് ഞാൻ സ്വീകരിച്ചത് രണ്ടു ദിവസങ്ങൾക്കു മുൻപാണ്. കുത്തിവയ്‌പ്പെടുത്തപ്പോൾ ചെറിയ വേദന ഉണ്ടായെന്നല്ലാതെ പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ല. 

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രികൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി വാക്‌സിൻ എങ്ങനെ നൽകണമെന്ന് പരിശീലനം നേടിയ ആളുകൾ  കുറവാണ് എന്നതാണ്. ഡോക്ടർമാരും മറ്റും രോഗികളെ പരിചരിക്കുന്ന തിരക്കിലാണ്. നാഷണൽ ഗാർഡിനെക്കൂടി സഹകരിപ്പിച്ചുകൊണ്ട് ഫെഡറൽ ഗവണ്മെന്റ് വാക്സിനേഷൻ കാര്യക്ഷമമാക്കിയാൽ വലിയ സഹായമാകും. നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് എന്തുപറ്റി? ശസ്ത്രക്രിയകൾ നടത്താൻ സൂപ്പർ റോബോട്ടുകളുള്ള രാജ്യത്ത് , വാക്സിൻ വിതരണത്തിലും അതൊക്കെ പ്രാവർത്തികമാക്കാമായിരുന്നു. 45 സംസ്ഥാനങ്ങൾ എ സി ഐ പി ശുപാർശ ചെയ്തതുപോലെ ആരോഗ്യ പരിരക്ഷ  പ്രവർത്തകരെയും ദീർഘ കാല പരിചാരകരെയുമാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില സ്റ്റേറ്റുകൾ, ഇക്കൂട്ടർക്ക് ഒരുമിച്ച് വാക്സിൻ നൽകുമ്പോൾ ചിലയിടങ്ങളിൽ ഒരു വിഭാഗത്തിന് മാത്രം തുടങ്ങുകയും കൂടുതൽ ഡോസുകൾ എത്തുന്ന മുറയ്ക്ക് അടുത്ത വിഭാഗത്തിന് ആരംഭിക്കാം എന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നെവാഡ പോലുള്ള സ്റ്റേറ്റുകൾ ഈ ശുപാർശകൾ നിയമപരമാക്കും.

നവംബർ പകുതിയോടെ, യൂറോപ്യൻ യൂണിയൻ ബ്ലോക്ക് ഉൾപ്പെടെയുള്ള ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ വിവിധ കോവിഡ് വാക്സിനുകളുടെ 7.5 ബില്യൺ ഡോസുകളിൽ 51 % കരുതിവച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ ലോകജനസംഖ്യയുടെ 14 % മാത്രമാണ്. 13 വാക്സിൻ നിർമ്മാതാക്കളിൽ 6 പേർ മാത്രമേ തങ്ങളുടെ ഷോട്ടുകൾ താഴ്ന്നതോ ഇടത്തരമോ വരുമാനമുള്ള രാജ്യങ്ങൾക്ക് വിൽക്കാൻ ധാരണയിലെത്തിയിട്ടുള്ളു. അമേരിക്ക ഏകദേശം 1 ബില്യൺ ഡോസുകൾ വാങ്ങുമ്പോൾ ഇന്ത്യ വാങ്ങുന്നത് 1.5 ബില്യൺ ഡോസുകളാണ്. യു കെ ഇതിനകം 400,000 പേരെ വാക്സിനേറ്റ് ചെയ്തു, ഇന്ത്യ വാക്സിൻ ഉദ്യമം തുടങ്ങാൻ ഒരുങ്ങുന്നതേയുള്ളു. 76 % ഫലപ്രദമായ ഓക്സ്ഫോർഡ് സിനേക്കാ വാക്സിൻ യു കെ അംഗീകരിച്ചു. ഇതിന്റെ വില താരതമ്യേന തുച്ഛമാണ്. ഒരു ഡോസിന് 2 ഡോളറെ വിലയുള്ളൂ. ഇത്തരം രണ്ടു ഡോസുകൾ എടുക്കേണ്ടി വരും. കോൾഡ് ചെയിൻ ഓപ്പറേഷൻ എന്ന നൂലാമാല ഇല്ലാത്തതാണ് ഓക്സ്ഫോർഡ് വാക്സിന്റെ വലിയൊരു മെച്ചം.  

വാക്സിനേഷൻ നൽകുമ്പോൾ അസമത്വത്തിനും പക്ഷപാതത്തിനും ഇടവരരുത്. വെളുത്ത അമേരിക്കക്കാരുമായി താരതമ്യം ചെയ്‌താൽ മൂന്നിരട്ടി ആഫ്രിക്കൻ അമേരിക്കൻമാരെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗവണ്മെന്റും വൈദ്യ സമൂഹവും രണ്ടാംതരക്കാരായാണ് അവരെ കണ്ടിട്ടുള്ളത്. ടസ്കേഗീ പരീക്ഷണങ്ങളിൽ വന്ധീകരണം ഉൾപ്പെടെ പല ദുരനുഭവങ്ങളും നേരിട്ട കറുത്തവർഗത്തിന് പുതിയ വാക്സിൻ വിതരണത്തിലും അവരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങളായ ബ്ലാക്ക്, ലാറ്റിനോ, ട്രൈബൽ കമ്മ്യൂണിറ്റികളിൽ രോഗസാധ്യത ഏറെയാണ്. ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന പക്ഷപാതങ്ങൾക്ക് അന്ത്യം കുറിക്കാൻ ഏറ്റവും നല്ല അവസരമാണ് കോവിഡ് വാക്സിൻ വിതരണം. 

എല്ലാവരും വാക്സിനേറ്റ് ആകുന്നതുവരെ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് കഴിയാം. പുതുവർഷത്തിൽ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Join WhatsApp News
വിദ്യാധരൻ 2021-01-03 23:16:26
'വാട്ടർ വാട്ടർ എവെരിവെയർ നോട്ട് എ ഡ്രോപ്പ് റ്റു ഡ്രിങ്ക്' എന്നതിനെ ജി . ശങ്കരകുറുപ്പ് ഭാഷാന്തരം ചെയ്‍തപ്പോൾ " വെള്ളം വെള്ളം എല്ലാടോം തുള്ളി കുടിപ്പാൻ ഇല്ലെന്നാൽ ." -വിദ്യാധരൻ
സീതി സാഹിബ് 2021-01-04 02:04:16
വെള്ളം വെള്ളം സർവ്വത്ര/തുള്ളി കുടിപ്പാൻ ഇല്ലത്രെ/ - സീതി സാഹിബ്
Raju Mylapra 2021-01-04 02:51:09
ചുറ്റോടു ചുറ്റും വെള്ളമെന്നിട്ടു- മില്ലൊരു തുള്ളി പാനം ചെയ്യാൻ. (രാജു മൈലപ്രായുടെ പരിഭാക്ഷ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക