പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
kazhchapadu
04-Jan-2021
kazhchapadu
04-Jan-2021
"ഹൃദയ കവാടത്തിൽ മുട്ടി വിളിക്കുന്ന മധുര സ്വരം ഞാൻ കേട്ടു
മകനെ എനിക്കുള്ളിൽ
ഇടമേകുക എന്നുള്ള
ദയനീയ നാദം ഞാൻ കേട്ടു--"
പാലായിൽ നടന്ന NCC ക്യാമ്പിന്റെ ഓർമ്മ---
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു പത്തു ദിവസം നീണ്ട ആ ക്യാമ്പ്.
ക്യാമ്പ് കാലത്ത്, മീനച്ചിലാറിൽ രാവിലെ കുളിച്ച് കയറുമ്പോൾ, അക്കരെ പള്ളിയിലെ ഉച്ചഭാഷിണിയിൽ നിന്നാണ് ഈ ഗാനം, ആറ്റിലെ കുഞ്ഞോളങ്ങളെ വകഞ്ഞ് മാറ്റി ഉള്ളിൽ കടന്നു കയറിയത്.
അന്നത്തെ 15 വയസ്സുകാരന്റെ മുന്നിലൂടെ നാൽപ്പത്തി അഞ്ചു വർഷത്തെ മീനച്ചിലാർ ഒഴുകി പോയി.
ഈ നിമിഷത്തിൽ ഒഴുകുന്ന പുഴയല്ല, അടുത്ത നിമിഷത്തിലേത് എന്ന് പറഞ്ഞ കവി ആയിരം പുഴയെ കണ്ടു കാണണം.
പുറമറ്റത്തു നിന്ന് ഒരു പതിനഞ്ചുകാരൻ , മൂന്നു പതിറ്റാണ്ട് മുൻപ് തിരുവല്ല മലങ്കര കതോലിക്കാ സഭാ ആസ്ഥാനത്ത് എത്തുമ്പോൾ കൈയിലെ ചെറിയ പെട്ടിയും, ഉള്ളിലെ ദൈവ വിശ്വാസവും മുതൽ കൂട്ടായിരുന്നു.
ദൈവവിളി എന്ന് പറയാൻ പോലും നിശ്ചയമില്ലാത്ത സ്കൂൾ വിദ്യാർത്ഥി, സംന്യാസ ജീവിതത്തിന്റെ കവാടത്തിലാണ് മുട്ടി വിളിച്ചത്. റെക്ടർ അഛന്റെ മുന്നിൽ പരിഭ്രാന്തി തെല്ലുമില്ലാതെ ഇരുന്ന നിമിഷം , പക്ഷേ വൈദിക വിദ്യാർത്ഥികളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു എന്ന വാക്കിൽ പോലും തളർന്നില്ല.
ദൈവ നിയോഗത്തിന്റെ പാത ശിരസ്സിൽ രേഖപ്പെടുത്തിയിരുന്ന, ജോസ് ജോർജിന്റെ പാത ദൈവ വഴിയിൽ തന്നെയായിരുന്നു. അതുകൊണ്ട് വൈകി എത്തിയ ജോസിന് സെമിനാരിയുടെ വാതിൽ തുറക്കപ്പെട്ടു. ഹൃദയത്തിൽ വിശ്വാസത്തിന്റെ കൈയ്യോപ്പുമായി ആണല്ലോ ആ വിദ്യാർത്ഥി സെമിനാരിയിൽ എത്തിയത്.
വൈദികനാകാൻ എത്തിയ 22 പേരിൽ ഒരാളായി ജോസ് മാറി.
ആ വൈദിക വിദ്യാർത്ഥിയുടെ ഉള്ളിൽ സംഗീതത്തിന്റെ വിത്തുകൾ വിതച്ചത് ചെമ്പത്തിനാൽ അച്ചൻ.
രാവിലെ മുദുവായും, സന്ധ്യ നേരത്ത് ഉറക്കെയും ആണ് സങ്കീർത്തനങ്ങൾ പാടേണ്ടത് എന്ന അത്താനാസിയോസ് പിതാവിന്റെ വാക്കുകൾ പ്രകാശമായി ഉള്ളിലേറ്റി.
സെമിനാരി പഠനത്തിനു ശേഷം സ്വതന്ത്ര ചുമതലയുമായി ഉപ്പുതറ എന്ന മലയോര ഗ്രാമത്തിലെ ഇടവക വികാരിയായി ആറ് വർഷം. വൈദ്യുതി ഇല്ലാത്ത ഗ്രാമത്തിൽ നാട്ടുകാരുടെ ശുദ്ധജല സ്രോതസ്സിന് ശ്രമം നടത്തിയതും സംഗീതത്തിന്റെ കൈ പിടിച്ച് തന്നെയായിരുന്നു.
ഉള്ളിലെ ചിത്രകാരനെയും, കലാകാരനെയും വളർത്താൻ സെമിനാരി പഠന കാലം സഹായിച്ചു. തിരിച്ച് തിരുവല്ലയിൽ എത്തിയപ്പോഴാണ് കൈയ്യിൽ ഗ്രാമഫോൺ റിക്കാഡുകൾ എത്തി പെട്ടത്. പക്ഷേ HMV യുടെ ഗ്രാമഫോൺ റിക്കാർഡർ കൂടെ എത്തിയത് അവിചാരിതമായി. പള്ളി മേടയിലെ വിശ്രമ നിമിഷങളിൽ കലാഭവൻ ആബേലച്ചൻ എഴുതിയ കൈസ്ത്രവ ഭക്തി ഗാനങളുടെ റിക്കാഡുകൾ കൂട്ടായി.
ചെറിയ സൂചി ഘടിപ്പിച്ച റിക്കാർഡറിന്റെ കൈ പുറകോട്ടക്ക് ആക്കുമ്പോൾ നടുവിലെ റിക്കാർഡ് വെച്ചിരിക്കുന്ന തട്ടം കറങ്ങി തുടങ്ങും. പിന്നെ മൃദുവായി, സൂചി ഉള്ള ഹാൻഡിൽ റിക്കാർഡിൽ കറങ്ങി തുടങ്ങുമ്പോൾ -- സംഗീതം ചുറ്റും നിറയുന്നു.
സംഗീതം മുഴക്കുന്ന റിക്കാർഡറിന്റെ ഇടക്ക് ഉണ്ടാവുന്ന തകരാറുകളും , പാർട്ട്സ് കിട്ടാനുള്ള ബുദ്ധിമുട്ടും റിക്കാർഡുകളെ തനിച്ചാക്കും.
ഇക്കഴിഞ്ഞ ദിവസമാണ് ഗ്രാമഫോൺ റിക്കാർഡർ നന്നാക്കാൻ അച്ചൻ എന്നെ ഏൽപ്പിച്ചത്. ഏറെ ശ്രമിച്ച് റിക്കാർഡർ നന്നാക്കി, റേഡിയോ മെക്കാനിക്ക് വിനോദ് തന്റെ മീനച്ചിലാറിന്റെ കരയിലെ വീട്ടിൽ വെച്ച് ഇതു പ്രവർത്തിച്ചപ്പോൾ
-"ഹൃദയ കവാടത്തിൽ മുട്ടി വിളിക്കുന്ന മധുര സ്വരം ഞാൻ കേട്ടു-"
പഴയ മീനച്ചിലാറിന്റെ കരയിലെ 15 വയസ്സുകാരനായാണ് ജോസ് കല്ലുമാലിക്കലച്ചന്റെ കൈയ്യിലേക്ക് ഞാൻ ആ റിക്കാർഡർ കൈമാറിയത്.
അപൂർവ നാണയ ശേഖരമാണ് അച്ചന്റെ കൈയ്യിൽ എത്തിയത്. വിവിധ രാജ്യങ്ങളിലെ വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങൾ അത്ഭുത ശേഖരമായി അച്ചനോടൊപ്പമുണ്ട്. വിലയേറിയ ആ കൗതുക ശേഖരം വാർത്തകളിലും ഇടം പിടിച്ചു.
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ വൈദികനായ അച്ചന്റെ കണ്ണിലെ തിളക്കമാണ് എനിക്കുള്ള അനുഗ്രഹം.
താൻ വഹിക്കുന്ന ഉന്നത പദവികളിലെ പരിഷ്ക്കാരങൾ അലട്ടാതെ, ഈ ശുദ്ധ സംഗീതത്തിന്റെ വഴിയിൽ , ജോസ് അച്ചനെ ഇനിയും പച്ചയായ പുൽ പുറങ്ങളിൽ വലിയ തമ്പുരാൻ നടത്തെട്ടെ.
parunith@gmail.com
javascript:nicTemp(); പാട്ട് കേൾക്കാൻ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments