Image

സുഗതകുമാരി, ഒരു ഓർമ്മക്കുറിപ്പ് (ടി.എസ്. ചാക്കോ, ന്യു ജേഴ്‌സി)

Published on 04 January, 2021
സുഗതകുമാരി, ഒരു ഓർമ്മക്കുറിപ്പ് (ടി.എസ്. ചാക്കോ, ന്യു ജേഴ്‌സി)
അന്തരിച്ച മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രി സുഗതകുമാരിയുടെ വിയോഗം മലയാള  സാഹിത്യത്തിന് ഉണ്ടാക്കിയ നഷ്ടം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. കവയിത്രി എന്നതുപോലെ തന്നെ അധ്യാപിക, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളിലും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ രത്‌നമായിരുന്നു, സുഗതകുമാരി. 
 
സുഗതകുമാരി അമേരിക്കയിലെ ഫൊക്കാനാ കുടുംബസംഗമത്തില്‍ സംബന്ധിക്കുന്നതിനുവേണ്ടി ഇവിടെ എത്തിയപ്പോള്‍ ഏതാനും ദിവസം  എന്റെ കുടുംബത്തോടൊപ്പം   താമസിക്കുകയും വളരെ സ്‌നേഹത്തോടെയും വിനയത്തോടെയും ഞങ്ങളുമായി ഇടപഴകുകയും ചെയ്തിരുന്നത് ആദരപൂര്‍വ്വം സ്മരിക്കുന്നു.
 
സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യകാരി എന്ന വിശേഷണങ്ങള്‍ സുഗതകുമാരിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. സമൂഹത്തിന്റെ പുറംതിണ്ണയിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും ജീവനും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുവേണ്ടി തിരുവനന്തപുരം കേന്ദ്രമാക്കി അവർ  സ്ഥാപിച്ച 'അഭയ' എന്ന ആശ്രയ കേന്ദ്രം അനേകം സ്ത്രീകളുടെ ആശ്രയവും അഭയസ്ഥാനവുമായി മാറിയിട്ടുണ്ട്.
 
കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ പ്രകടിപ്പിക്കുകയും ചെയ്ത അസാധാരണ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടേത്. പ്രകൃതി സ്‌നേഹി എന്ന നിലയിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സജീവ  പങ്കാളി എന്ന നിലയിലും സുഗതകുമാരി ലോക മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. 
 
പരിതസ്ഥിതിയുടെ ഭദ്രതയ്ക്കും സുരക്ഷയ്ക്കുമായി സുഗതകുമാരി ഏറ്റെടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എല്ലാ മലയാളികളുടെയും മനസ്സില്‍ മായാത്ത സ്‌നേഹ മുദ്ര പതിപ്പിച്ചുകൊണ്ടാണ് ആ മഹതി കടന്നു പോയത്.
 
ആറന്മുള ആന്താരാഷട്ര വിമാനത്താവള പദ്ധതി പരിതസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്നു പറഞ്ഞുകൊണ്ട് നടത്തിയ സമരത്തിന് സുഗതകുമാരി പിന്‍തുണ പ്രഖ്യാപിച്ചത് വിദേശ മലയാളികളെ നിരാശരാക്കി എന്ന സത്യം പറയാതിരിക്കാന്‍ ആവില്ല. അന്നത്തെ സമര പന്തലില്‍ നേരിട്ടുചെന്ന് ഈ കാര്യത്തില്‍ സുഗതകുമാരിയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌നേഹപൂര്‍വ്വമായ എന്റെ വിയോജിപ്പ് ഞാന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 
 
അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്കെ പത്തനംതിട്ട ജില്ലയിലെ ലക്ഷകണക്കിനു മലയാളികളാണ് കുടുംബ സമ്മേതം താമസിക്കുന്നത്. അവര്‍ക്കെല്ലാം  വളരെ ആശ്വാസകരമായ പദ്ധതിയായിരുന്നു അത്. 
 
പരിസ്ഥിതിയുടെ പേരുപറഞ്ഞ് ആ പദ്ധതിക്ക് തുരങ്കം വെച്ചപ്പോള്‍ അത് വിദേശമലയാളികളുടെ നെഞ്ചത്ത് കുത്തുന്നതുപോലെ വേദനാജനകമായിരുന്നു. കുവൈറ്റിലുള്ള ഒരു മലയാളി നാല് മണിക്കൂര്‍ ആകാശയാത്ര ചെയ്ത് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയാല്‍ റാന്നിയിലോ പത്തനംതിട്ടയിലോ കോഴഞ്ചേരിയിലോ തിരുവല്ലയിലോ ചെങ്ങന്നൂരോ  ഉള്ള വീട്ടില്‍ എത്തണമെങ്കില്‍ വീണ്ടും നാല് മണിക്കൂര്‍കൂടി യാത്ര ചെയ്യണം. കടുത്ത ട്രാഫിക്ക് ബ്ലോക്കുകള്‍ പിന്നിട്ട് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമുള്ള റോഡിലൂടെയുള്ള ദുസഹനമായ യാത്ര ഇവിടുത്തെ മലയാളിക്ക് പേടി സ്വപ്നം  ആണ്. 
 
അത്തരം ദുര്‍ഘടങ്ങള്‍ ഒഴിവാക്കാന്‍ ആറന്മുള വിമാനത്താവളം വരേണ്ടത് ആവശ്യമായിരുന്നു. ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും റോഡരികില്‍ തള്ളുന്ന നാട്ടിലെ മലയാളി ഉണ്ടാക്കുന്ന പരിസ്ഥിതി നാശം ആരും കാണുന്നില്ല. പാസ്റ്റിക്ക് കുപ്പികളും പായ്ക്കറ്റുകളും വഴിയരികില്‍ ഇട്ട് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷപുക ശ്വസിക്കുന്നതിന് നാട്ടില്‍ ആര്‍ക്കും പരാതിയില്ല. കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഇതുപോലെയുള്ള ഒരു പ്രവര്‍ത്തി കാണാന്‍ പറ്റില്ല. 
 
അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍  പരിസര ശുചീകരണത്തിന് നല്‍കുന്ന പ്രാധാന്യം നമ്മുടെ ജനപ്രതിനിധികള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ മാതൃക സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മദ്ധ്യതിരുവിതാംകൂറിലെ മലയാളികളുടെ ചിരകാല സ്വപ്‌നമാണ് ആറന്മുള വിമാനത്താവളം.
 
സുഗതകുമാരി ടീച്ചര്‍ ഈ കാര്യത്തില്‍ ഒന്ന് മാറിചിന്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നമ്മെ ദുഃഖിപ്പിച്ചുകൊണ്ട് അന്ത്യം സംഭവിച്ചത്. സ്‌നേഹസന്നദ്ധയായ ഒരമ്മ, സഹോദരി ഒക്കെയായി ഈ കവയിത്രി മലയാളികളുടെ മനസ്സില്‍ മായാതെ നിലനില്‍ക്കും. ബഹു.സുഗതകുമാരിയുടെ ദേഹവിയോഗത്തില്‍ എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും കേരള കൾച്ചറൽ ഫോറം ഓഫ് ന്യു ജേഴ്‌സിയുടെയും  ഫൊക്കാനയുടെ  മുഴുവന്‍ അംഗങ്ങളുടെയും ആദരാഞ്‌ലികള്‍ അര്‍പ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക