Image

ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)

Published on 05 January, 2021
ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)
ജെയ്‌സൺ വീണ്ടും വാതിൽ തുറന്നുനോക്കി.ചാരിയ വാതിൽ തുറന്നപ്പോഴുണ്ടായ നേരിയ ശബ്ദം അന്തരീക്ഷത്തിലാകെ പടർന്നുപിടിച്ച കനത്ത നിശബ്ദതയെ മുറിച്ചു.എട്ട് പതിറ്റാണ്ടുകളെ ആത്മവിശ്വാസത്തോടെ നേരിട്ട വൃദ്ധൻ ആയാസപ്പെട്ട് ശ്വാസം വലിക്കുമ്പോൾ അവന് സങ്കടം തോന്നിയില്ല.അർധരാത്രിയിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ഭൂഖണ്ഡങ്ങളുടെ തലയ്ക്കൽ നിന്നും തന്നെ പ്രണയിക്കുന്ന മുപ്പത്കാരിയായ ആനി ഡിസൂസയെ അവനൊരു നിമിഷം ഓർത്തു.
ഡിസൂസയുടെ മടിയിൽ തലചായ്ച്ച് കിടന്ന് എന്തിനോവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഒരു ദിവസമാണ് അപ്പൻ അവനെ വിളിക്കുന്നത്.
‘ഹലോ’
‘ഡാ ജെയ്സാ നീ നാട്ടിലേക്കൊന്ന് പോണം ചാച്ചന് തീരെ വയ്യത്രേ’
‘അപ്പാ ഞാൻ’
‘ഡാ കൊച്ചാപ്പൻ വിളിച്ചിരുന്നു നീ പോണം’
ലോസ് ആഞ്ചലസിൽ അവന്റെ അപ്പൻ തുടങ്ങിവെച്ച ബിസിനസ് സാമ്രാജ്യത്തിൽ അവനും ചെറുതല്ലാത്തൊരു പങ്കുണ്ടായിരുന്നു.
ജെയ്‌സൺ രണ്ടാം നിലയിലേക്കുള്ള ചവിട്ടുപടികളിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നീളൻ കാലുള്ള ഘടികാരത്തിലേക്കൊന്ന് നോക്കി.സമയം പതിനൊന്ന് നാല്‍പ്പത്തേഴ്.സ്റ്റീലിന്റെ കമ്പിയിൽ കൈയ്യമർത്തി മുകളിലേക്ക് നടക്കുമ്പോൾ അവൻ ഡിസൂസയുടെ സന്ദേശത്തിന് വേണ്ടി മാർട്ടിൻ കൂപ്പറിന്റെ ഉപകരണത്തിലേക്ക് ഊളിയിടുകയായിരുന്നു.
അറിയാതെ ഉറക്കത്തിലേക്ക് തെഞ്ഞിവീണ അവൻ കുറച്ചു കഴിഞ്ഞപ്പോൾ ഞെട്ടിയുണർന്നു.പാതിതുറന്ന കണ്ണുകളുമായി അവൻ ഗോവണിയിലൂടെ താഴേക്കിറങ്ങി.ചാരിവെച്ചിരുന്ന വാതിൽ തുറന്നു.ഒരു നിമിഷം അവൻ സ്തബ്ധനായിനിന്നു.ചാച്ചൻ അവസാനത്തെ ശ്വാസവും എടുത്തുകഴിഞ്ഞിരിക്കുന്നു.അവന്റെ ചങ്കിൽ സ്നേഹത്തോടെ താൻ ചാച്ചനോട് പണ്ട് പറഞ്ഞിരുന്ന പലവാക്കുകളും കുരുങ്ങിക്കിടന്നു.
ചാച്ചന്റെയരികിൽ ഇരുന്നപ്പോൾ പെട്ടെന്ന് ഒരുപാട് ഓർമ്മകൾ അവന്റെ മനസ്സിലൂടെ മിഞ്ഞിമറഞ്ഞു.മൂന്നാം വയസ്സിൽ അമ്മ മരിച്ചതുമുതൽ അവനെ വളർത്തിവലുതാക്കിയത് ചാച്ചനാണ്.അപ്പൻ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയപ്പോഴും അവൻ സന്തോഷവാനായിരുന്നു.ഓരോ ക്രിസ്തുമസിനും ചാച്ചന്റെ കൂടെ കുരിശുമല കയറുമ്പോൾ അവൻ പുറകിലും അയാൾ മുന്നിലുമായിരുന്നു.നാല് വർഷം മുമ്പ് അവൻ അമേരിക്കയിലേക്ക് പോയത് മുതലാണ് അയാളുടെ പദങ്ങളുടെ വേഗത ക്ഷയിച്ചുതുടങ്ങിയത്.
ജെയ്‌സൺ വീട്ടിലേക്ക് കയറുമ്പോൾ അയാളവന്റെ കവിളിൽ ചുംബിച്ചു.പക്ഷേ അയാൾ പ്രതീക്ഷിച്ച ചുംബനം അവനിൽ നിന്ന് ലഭിച്ചില്ല.
ചാച്ചന്റെ മരണം അപ്പനെ വിളിച്ചറിയിക്കാനായി അവൻ മുകളിലെ നിലയിലേക്ക് നടന്നു.ഗോവണി തുടങ്ങുന്നിടത്തെത്തിയപ്പോള്‍ അവൻ ഒരിക്കൽ കൂടി ഘടികാരത്തിലേക്ക് നോക്കി.സമയം പതിനൊന്ന് നാൽപ്പത്തേഴ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക