Image

ഇന്ത്യൻ പതാകയുമായി പങ്കെടുത്തതിൽ പ്രതിഷേധം, പക്ഷേ ഇത് ആദ്യ സംഭവം അല്ല (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 08 January, 2021
ഇന്ത്യൻ പതാകയുമായി പങ്കെടുത്തതിൽ പ്രതിഷേധം, പക്ഷേ ഇത്  ആദ്യ  സംഭവം അല്ല (ശ്രീകുമാർ ഉണ്ണിത്താൻ)
യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ഇരച്ചു കയറിയ സംഭവം ലോകജനത  ഒരു  ഞെട്ടലോടെയാണ് കണ്ടത്.  വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ലോക മാധ്യമങ്ങളൊന്നാകെ റിപ്പോർട്ട്  ചെയ്ത  ഒരു സംഭവം ആയി  മാറി ഇത് .  സ്വയം  ലോക പൊലീസ് എന്ന് അവകാശപ്പെടുന്ന യുഎസിന് ഏറെ  നാണക്കേട്  ഉണ്ടാക്കിയ ഈ   സംഭവത്തിൽ  കുറെ ഇന്ത്യക്കാരും മലയാളികളും ഇന്ത്യൻ  പതാകയുമായി   പങ്കെടുത്തു എന്നത്  വളരെ ശ്രദ്ധേയമായി.  

പല ഇന്ത്യക്കാരിലും  ഇത്   ഒരു സമ്മിശ്ര പ്രതികരണമാണ്  ഉണ്ടക്കിയത്.  ചുക്കുചേരാത്ത കഷായം  ഇല്ല  എന്നതുപോലെ  ഇന്ത്യക്കാരില്ലാത്ത  പരിപാടികൾ  എങ്ങും  ഇല്ല എന്ന ഒരു പ്രതീതി. ആളുകൾ  പങ്കെടുക്കുന്നത്  അവരവരുടെ  ഇഷ്‌ടമാണ്‌, പക്ഷേ ഒരു പതാകയുമായി പോകുബോൾ  അത് ആ  രാജ്യത്തെ ആണ്  പ്രതിനിധികരിക്കുന്നത്. പല രാജ്യക്കാരും  അവരവരുടെ പതാകയുമായി  പങ്കെടുത്തിരുന്നു. പക്ഷേ  ഇന്ത്യ  നമ്മുടെ പതാക  അനാവശ്യമായി  ഉപയോഗിക്കാറില്ല എന്നത്  ഏവർക്കും  അറിയാവുന്നതാണ് . ഈ  വാർത്തകൾ കണ്ട  പലരും ഇതിനെതിരെ  സംസാരിക്കുന്നതായി കണ്ടു.

അമേരിക്കയിൽ  ഇന്ത്യക്കാർ പങ്കെടുക്കുന്ന  പല പരിപാടികളിലും  അവർ ഇന്ത്യൻ പതാകയുമായാണ്  പങ്കെടുക്കുന്നത്. അത് തങ്ങൾ  ഇന്ത്യക്കാർ  ആണ് എന്ന് അറിയിക്കാൻ വേണ്ടിയാണു  എന്നാണ്  അവരുടെ വാദം.  പല പ്രതിഷേധങ്ങളിലും    ഇന്ത്യക്കാർ പതാകയുമായി  എത്തുന്നത്  ആദ്യ സംഭവം അല്ലെന്നും  പലരും  അവകാശപ്പെടുന്നു . ഇതിൽ  ഒരു പുതുമയും  ഇല്ലെന്നാണ്  അവരുടെ വാദം .

ഇലക്ഷൻ  സമയത്തു  ട്രംപിനെ   അനുകൂലിച്ചും  പ്രതികൂലിച്ചും  ധാരാളം  ഇന്ത്യക്കാർ പ്രവർത്തിച്ചിരുന്നു.  ട്രംപിനെ  അനുകൂലിച്ച അമേരിക്കൻ  ജനതയിൽ   ഒരു വിഭാഗം ഇപ്പോഴും തിരഞ്ഞെടുപ്പിൽ  തിരിമറി  നടന്നതായി   വിശ്വസിക്കുന്നു. ഇങ്ങനെ  വിശ്വസിക്കുന്ന   ട്രംപ് അനുയായികൾ സ്ഫോടനാത്മകമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാപ്പിറ്റോൾ മന്ദിരത്തിൽ കണ്ടത്.  അതിൽ  വെളുത്തവർഗക്കാർ  മാത്രമല്ല എല്ലാ  വിഭാഗം    ജനങ്ങളും  പങ്കെടുത്തു .

തോൽവി  അംഗീകരിക്കാൻ  തയാറായിട്ടില്ലാത്ത ട്രംപ് പലപ്പോഴും അണികളോട് പല  ആഹ്വാനങ്ങളും നടത്തി. ജോ ബൈഡനെ ഔദ്യോഗികമായി പ്രസിഡന്റായി തിരഞ്ഞെടുക്കാൻ ഇരു സഭകളും സമ്മേളിക്കുന്ന ജനുവരി ആറിന് വാഷിങ്ടനിലെത്താൻ അണികളോട് നടത്തിയ ആഹ്വാനമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ജനുവരി ആറിന് കാപ്പിറ്റോൾ മന്ദിരത്തിലെത്തി വോട്ടിങ് പ്രക്രിയയിന്മേലുള്ള തങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള ട്രംപിന്റെ ആഹ്വാനമായാണ് ജനം ഈ ട്വീറ്റിനെ കണ്ടതും  പലരും  അതിൽ  പങ്കെടുത്തതും. ജനക്കൂട്ടം  അക്രമാസക്തം  ആകും  എന്ന് ആരും ധരിച്ചിരുന്നില്ല  എന്നതാണ് സത്യം. പ്രതിഷേധം എന്ന തരത്തിൽ  മാത്രമാണ്  ആണ്  പലരും ഇതിൽ പങ്കെടുത്തത്.

ലോകസമാധാനത്തിന് സൈന്യത്തെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന യുഎസിന് സ്വന്തം പാർലമെന്റ് മന്ദിരം സ്വന്തം ജനങ്ങളിൽനിന്നു പോലും രക്ഷിക്കാനാകുന്നില്ലെന്നുള്ള   വിമർശനം പലഭാഗത്തുനിന്നും  വന്നുകൊണ്ടിരിക്കുന്നു .  

പ്രതിഷേധക്കാരെ നേരിടാൻ ഡമോക്രാറ്റ്–റിപബ്ലിക്കൻ പ്രതിനിധികൾ ഒരുമിച്ചു നിന്നതും ശ്രദ്ധേയമായി. ഡമോക്രാറ്റ്കളെന്നോ   റിപബ്ലിക്കൻകാരെന്നോ  ഇല്ലാതെ   പ്രതിഷേധക്കാരെ നേരിടാൻ രംഗത്തിറങ്ങിയത്  ഒരു  നല്ല കാര്യമാണ്.  പ്രശ്നപരിഹാരത്തിനും അനുരഞ്ജനത്തിനും തയാറാണെന്നും ട്രംപ് അറിയിച്ചതോടു  പ്രശ്നങ്ങൾ  എല്ലാം  അവസാനിച്ചു  എന്ന് വിശ്വസിക്കാം. അക്രമത്തെ  ഒരു തരത്തിലും  നാം  അംഗീകരിക്കില്ല.  സമാധാനമാണ്  എന്നും നമ്മുടെ ലക്‌ഷ്യം . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക