Image

ലോക്ക്‌ഡൗണിനു ശേഷം റീലീസ്‌ ചെയ്യുന്ന ആദ്യ മലയാള ചിത്രം `വെള്ള'വുമായി ജയസൂര്യ;

Published on 13 January, 2021
ലോക്ക്‌ഡൗണിനു ശേഷം റീലീസ്‌ ചെയ്യുന്ന ആദ്യ മലയാള ചിത്രം `വെള്ള'വുമായി ജയസൂര്യ;

ഏകദേശം ഒരു വര്‍ഷക്കാലം നീണ്ട ലോക്ക്‌ ഡൗണ്‍ കാലത്തിനു ശേഷം തിയേറ്റരുകള്‍ 13ന്‌ തുറക്കുമ്പോള്‍ റിലീസ്‌ ചെയ്യുന്ന ആദ്യമലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ്‌ ജയസൂര്യ നായകനാകുന്ന വെള്ളം. ജനുവരി 22ന്‌ റിലീസ്‌ നിശ്ചയിച്ചതെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. കുടുംബത്തോടൊപ്പം കാണേണ്ട ചിത്രമാണിതെന്നും എന്നാല്‍ കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചു കൊണ്ടു വേണം തിയേറ്ററില്‍ എത്താനെന്നും ജയസൂര്യ പറയുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ ക്ഷണിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ്‌ ഇപ്രകാരമാണ്‌.

``പ്രിയപ്പെട്ടവരേ,
സിനിമയും വിനോദവുമെല്ലാം ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്‌. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ നമ്മളെല്ലാം കൊതിച്ചിരിക്കുകയായിരുന്നു അല്ലേ, കോവിഡ്‌ പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ ചിത്രമായി ഞാന്‍ അഭിനയിച്ച `വെള്ളം' എത്തുന്നതില്‍ നിക്കു വളരെ സന്തോഷമുണ്ട്‌. 

എന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ്‌ വെള്ളത്തിലേത്‌. ഒപ്പം ക്യാപ്‌റ്റനു ശേഷം പ്രജേഷ്‌ സെന്നുമായി ആസ്വദിച്ച്‌ അഭിനയിച്ച സിനിമ. ഇതിലെ കഥാപാത്രം നിങ്ങളില്‍, നമ്മളില്‍ ഒക്കെ ഏറെ പരിചിതമായ ഒരു കഥാപാത്രമാണ്‌. ഏറെ സംതൃപ്‌തി നല്‍കുന്ന കഥാപാത്രമാണ്‌ വെള്ളത്തിലെ മുരളി. 

പൂര്‍ണ്ണമായും ലൈവ്‌ സൗണ്ട്‌ ആയാണ്‌ വെള്ളം ചിത്രീകരിച്ചിരിക്കുന്നത്‌. ആ അനുഭവം ഒന്നു വേറെ തന്നെയാണ്‌. പ്രിവ്യൂ കണ്ടവര്‍ മികച്ച സിനിമയെന്ന്‌ അഭിപ്രായം പറഞ്ഞതും ഏറെ സന്തോഷം തരുന്നു. ഒരിക്കലും `വെള്ളം' നിങ്ങളെ നിരാശപ്പെടുത്തില്ല എന്നതു തന്നെയാണ്‌ എനിക്ക്‌ നിങ്ങള്‍ക്ക്‌ തരാവുന്ന ഉറപ്പ്‌. 

അതുകൊണ്ട്‌ എല്ലാവരും തിയേറ്ററിലെത്തി സിനിമ കാണണം, അഭിപ്രായം അറിയിക്കണം, ഞങ്ങളെ പിന്തുണയ്‌ക്കണം. ഏറ്റവും പ്രധാനപ്പെട്ടത്‌ ആരോഗ്യം തന്നെയാണ്‌. കോവിഡ്‌ ഭീതി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാല്‍ നമ്മള്‍ കോവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കുകയാണ്‌. കോവിഡ്‌ വാക്‌സിന്‍ കൂടി എത്തുന്നതോടെ മഹാമാരി വിട്ടൊഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയായിരിക്കും. അത്‌ വളരെ പ്രധാനമാണ്‌. തിക്കും തിരക്കും ഒഴിവാക്കി സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്‌ക്ക്‌ ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതു മാറിയതിനു ശേഷം മാത്രം സിനിമ കാണാന്‍ എത്തുക. 

അലക്ഷ്യമായി തുപ്പുകയോ, സാധനങ്ങള്‍ വലിച്ചെറിയുകയോ ചെയ്യാതിരിക്കുക. കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. തീര്‍ച്ചയായും കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ്‌ വെള്ളം. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ്‌ `വെള്ളം' എത്തുന്നത്‌. പക്ഷേ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി.
സ്‌നേഹപൂര്‍വ്വം
ജയസൂര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക