Image

വലതുപക്ഷ അനുഭാവം വളർത്താൻ കോടികൾ ഒഴുക്കിയ ഷെൽഡൺ അഡൽസൺ ഓർമയായി

Published on 14 January, 2021
വലതുപക്ഷ അനുഭാവം വളർത്താൻ കോടികൾ ഒഴുക്കിയ ഷെൽഡൺ അഡൽസൺ ഓർമയായി
അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നതിനും  ഇസ്രയേലിൽ വലതു പക്ഷ അനുഭാവം ശക്തിപ്പെടുത്തുന്നതിനും മില്യണുകൾ  ഒഴുക്കിയ ധനികനെന്ന്  ഷെൽഡൺ അഡൽസണിനെ വിശേഷിപ്പിച്ചാൽ അതിൽ അതിശയോക്തിയില്ല. കാസിനോകളും റിസോർട് ഹോട്ടലുകളും അടങ്ങുന്ന അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ നിന്ന് കയ്യും കണക്കുമില്ലാതെ പണം ലഭിച്ചത് ജോർജ് ബുഷിന്റെയും ഡൊണാൾഡ് ട്രമ്പിന്റെയും വിജയത്തിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 

ലിംഫോമ എന്ന രക്താർബുദ ബാധിതനായ  ഷെൽഡൺ (87) ചൊവ്വാഴ്‌ച അന്തരിച്ച വിവരം,  അദ്ദേഹത്തിന്റെ കമ്പനിയായ ലാസ് വെഗാസ് സാൻഡ്‌സ് ആണ് അറിയിച്ചത്. 2014  ഫോർബ്‌സ് മാസികയിൽ ലോകത്തെ ധനികരിൽ എട്ടാം സ്ഥാനമായിരുന്നു ഷെൽഡൺ സ്വന്തമാക്കിയിരുന്നത്. 

വെറുമൊരു ടാക്സി ഡ്രൈവറിന്റെ മകനായി ജനിച്ച് ലോകനേതാക്കൾക്കിടയിൽ സ്വാധീനം  ചെലുത്താൻ മാത്രം വലിയ  ധനികനായ മാറിയ സിനിമയെ വെല്ലുന്ന കഥയാണ് ആ ജീവിതം.

ഇസ്രായേലിലെ  പ്രധാനമന്ത്രി ബെഞ്ചമിൻ നേഥൻന്യാഹുവിനെയും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയേയും പിന്തുണയ്ക്കാൻ കോടികൾ വാരി എറിയുമ്പോൾ ഷെൽഡന്റെ ആവശ്യം പലസ്‌തീൻ ഭരണകൂടത്തെ എതിർക്കുക എന്നത് മാത്രമായിരുന്നു. 

ഭാര്യ മറിയവും ഷെൽഡനും ചേർന്ന് അമേരിക്കയിലും ഇസ്രയേലിലും മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് എണ്ണമറ്റ സാമ്പത്തിക സഹായം  നൽകിയിരുന്നു.
2004 ൽ ജോർജ് ഡബ്ലിയു. ബുഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 92.7 മില്യൺ ഡോളറാണ് അഡൽസൺ ചിലവഴിച്ചത്. 

2012 ലെ അമേരിക്കൻ ഇലക്ഷന്  ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന ഷെൽഡന്റെ പേരിലാണ്. ഒബാമയുടെ പരാജയം  കാണാൻ 100 മില്യൺ  ഡോളർ വേണമെങ്കിലും മുടക്കുമെന്ന് അദ്ദേഹം അന്ന് ഫോബ്‌സിനോട് പറഞ്ഞിരുന്നു.

മേയ് 2016 ൽ , ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർഥി  ആയപ്പോൾ, പ്രചരണത്തിന് വേണ്ടി ഏറ്റവും ഉയർന്ന തുകയായ 25 മില്യൺ ഡോളർ മുടക്കി ശ്രദ്ധേയനായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് മികച്ച സംഭാവന നൽകിയിരുന്ന  പലരും ട്രംപിന്റെ കഴിവിൽ വിശ്വാസം പോരാതെ മടിച്ചു നിന്ന സാഹചര്യത്തിലും രാജ്യത്ത് മാറ്റം കൊണ്ടുവരാൻ കഴിവുള്ള ആളാണ് ട്രംപ് എന്ന് അദ്ദേഹം പ്രവചിച്ചു. ട്രംപിന്റെ ഉദ്ഘാടനചടങ്ങ്   ആഘോഷമാക്കാൻ കമ്മിറ്റിക്ക് 5 മില്യൺ ഡോളറാണ് അഡൽസൺ നൽകിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹവും പത്നിയും മുൻനിരയിൽ ഇരുന്നാണ് പങ്കെടുത്തത്. ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് ഇസ്രയേലിന്റെ യു എസ് എംബസി മാറ്റിസ്ഥാപിക്കണമെന്ന ഏറെക്കാലത്തെ ആവശ്യം ഷെൽഡൺ നേടിയെടുത്തത് 2018 ൽ ട്രംപ്  ഭരണകാലത്താണ്.

അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് അനുശോചനക്കുറിപ്പിൽ മുൻ പ്രസിഡന്റ് ബുഷ് പങ്കുവച്ചത്. ഇരുവരും ഒരുമിച്ച് നടത്തിയ ജെറുസലേം സന്ദർശനം വാർത്തകളിൽ ഇടം നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക