Image

പാര്‍ലമെന്റ് സമ്മേളനം 29ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

Published on 15 January, 2021
പാര്‍ലമെന്റ് സമ്മേളനം 29ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തില്‍ കോവിഡ് സുരക്ഷാ ഏര്‍പ്പാടുകളും മുന്‍കരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ഇക്കുറി സഭ അഞ്ചുമണിക്കൂര്‍ സമ്മേളിക്കും. ചോദ്യോത്തരവേളയുമുണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല.

കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങള്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറമേ ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും.

കഴിഞ്ഞ കൊല്ലം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് സമ്മേളനം മാര്‍ച്ച് 23ന് നേരത്തേ പിരിഞ്ഞു. മാര്‍ച്ച് 25ന് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചു. പിന്നീട് ആറുമാസം തികയുമ്പോഴാണ് വര്‍ഷകാലസമ്മേളനം ചേര്‍ന്നത്. ശൈത്യകാല സമ്മേളനം ഒഴിവാക്കുകയും ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടയില്‍ ഒട്ടേറെ എം.പി.മാര്‍ക്ക് കോവിഡ് ബാധയുണ്ടായി. തുടര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക