Image

കര്‍ഷക പോരാട്ടം: സുപ്രീം കോടതിയും ഗവണ്‍മെന്റും 'മാച്ച് ഫിക്‌സിംങ്ങി'ലോ?(ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 15 January, 2021
കര്‍ഷക പോരാട്ടം: സുപ്രീം കോടതിയും ഗവണ്‍മെന്റും 'മാച്ച് ഫിക്‌സിംങ്ങി'ലോ?(ദല്‍ഹികത്ത്  : പി.വി.തോമസ് )
കര്‍ഷകസമരം 50 ദിവസവും എട്ടു ചര്‍ച്ചകളും കടന്ന് പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. മൂന്ന് വിവാദകാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കുവാനുള്ള കര്‍ഷകരുടെ ഡിമാന്റ് മോദി ഗവണ്‍മെന്റ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തള്ളി. പക്ഷേ, ഗവണ്‍മെന്റിനു പകരം സുപ്രീം കോടതി ഈ നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ഒപ്പം ഒരു നാലാം ഗവാനല്‍ നിയമങ്ങള്‍ പഠിച്ച് പ്രശ്‌നം പരിഹരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കുവാനായി നിയമിക്കപ്പെട്ടു. രണ്ടുമാസം ആണ് പാനലിന്റെ കാലാവധി. കര്‍ഷകര്‍ നിയമങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയതിനെ സ്വാഗതം ചെയ്‌തെങ്കിലും അവപരിപൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. സുപ്രീം കോടതി ഏകപക്ഷീയമായി നിയമിച്ച നാലാംഗ പാനല്‍ അവര്‍ക്ക് സ്വീകാര്യമല്ല. കോടതിയിലൂടെയും പാനലിലൂടെയുമുള്ള ഒത്തുതീര്‍പ്പ് കര്‍ഷകര്‍ക്ക് സ്വീകാര്യം അല്ല. മറിച്ച് നിയമം നിര്‍മ്മിച്ച ഗവണ്‍മെന്റ്ാണ് ഒരു പരിഹാരം കണ്ടെത്തേണ്ടത് എന്നാണ് കര്‍ഷകരുടെ സമീപനം. പാനലിലെ നാല് അംഗങ്ങളും ഈ നിയമങ്ങളെ പരസ്യമായി പിന്തുണച്ചിട്ടുള്ളവരാണ്. അതില്‍ ഒരാള്‍, ഭൂപീന്ദര്‍ സിംങ്ങ്മാന്‍ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഉടന്‍ രാജിവച്ചു. കര്‍ഷക വിരുദ്ധ നിലപാട് തനിക്കില്ലെന്നും അങ്ങനെ ഒരു പാനലില്‍ അംഗം ആയി തുടരുവാന്‍ താല്‍പര്യമില്ലെന്നും മാന്‍ പറഞ്ഞു. ഇത് സുപ്രീംകോടതിക്കും ഗവണ്‍മെന്റിനും വലിയ ഒരു തിരിച്ചടി ആയി. മറ്റുള്ള അംഗങ്ങളുടെ നിലപാട് അറിയുവാന്‍ ഇരിക്കുന്നതേയുള്ളൂ വരും ദിനങ്ങളില്‍.
നിയമങ്ങള്‍ റദ്ദാക്കുകയില്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ കടുത്ത നിലപാട്, സുപ്രീംകോടതിയുടെ താല്‍ക്കാലിക സ്‌റ്റോ പാനലിനെ ബഹിഷ്‌ക്കരിക്കുവാനുള്ള കര്‍ഷകരുടെ തീരുമാനം ഇവയെല്ലാം കര്‍ഷക സമരം കലുഷിതമാക്കിയിരിക്കുകയാണ്.
സമരം ഒത്തു തീര്‍പ്പാക്കുവാന്‍ മോദി ഗവണ്‍മെന്റ് തീര്‍ത്തും പരാജയപ്പെട്ടു. ഒരു ജനകീയ ഗവണ്‍മെന്റ് സ്വീകരിക്കേണ്ട നിലപാട് അല്ല മോദി സര്‍ക്കാര്‍ കര്‍ഷകസമരത്തില്‍ കൈക്കൊണ്ടത്. സുപ്രീം കോടതിയുടെ ഇടപെടലും, പരമോന്നത നീതിപീഠത്തോടുള്ള എല്ലാവിധ ബഹുമാനത്തോടെയും, വിലയിരുത്തപ്പെടേണ്ടതായിട്ടുണ്ട്. ഒപ്പം, കര്‍ഷകര്‍ക്ക് എന്തെങ്കിലും വീഴ്ചപറ്റിയിട്ടുണ്ടോ എന്നും.

എന്താണ് സുപ്രീം കോടതിയുടെയും ഗവണ്‍മെന്റിന്റെയും കര്‍ഷകരുടെയും നിലപാട് ആദ്യം മുതല്‍?

സുപ്രീംകോടതി കര്‍ഷക യൂണിയനുകളുടെ പരാതി കേട്ടു. ജനുവരി 11-ന് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടിനെ നിന്ദിച്ചു. ഗവണ്‍മെന്റ് കര്‍ഷകസമരത്തെ നേരിടുന്ന രീതിയെ അപലപിച്ചു, നിരാശജനകം ആണെന്നും പറഞ്ഞു. സുപ്രീംകോടതിയുടെ വിമര്‍ശനം വളരെരൂക്ഷം ആയിരുന്നു. കേന്ദ്രം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു പറഞ്ഞു. ഗവണ്‍മെന്റ് തല്‍ക്കാലം കാര്‍ഷികനിയമങ്ങള്‍ നിറുത്തലാക്കിയില്ലെങ്കില്‍ കോടതി ഇടപെടും എന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ഓര്‍മ്മപ്പെടുത്തി. പിറ്റെ ദിവസം കോടതി ഇടപെട്ടു. നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. നാലംഗ പാനലും രൂപീകരിച്ചു. പാര്‍ലിമെന്റ് പാസാക്കി രാഷ്്ട്രപതി ഒപ്പിട്ട ഒരു നിയമത്തെ സുപ്രീം കോടതി തല്‍ക്കാലത്തേക്കെങ്കിലും റദ്ദാക്കിയത് കോടതി അധികാരപരിധി കടക്കുന്നതിന്റെ ഉദാഹരണം ആയി ഭരണഘടന വിദഗ്ദ്ധര്‍ ആരോപിക്കുന്നു. അതും നിയമങ്ങളുടെ ഭരണഘടന സാധുത പരിശോധിക്കാതെ. കാരണം ഇവിടെ ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നു കയറ്റവും ഉണ്ട്. കൃഷികാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. മറ്റൊന്ന് നാലംഗ പാനലിന്റെ നിയമനം ആണ്. അതിലെ അംഗങ്ങള്‍ എല്ലാം കാര്‍ഷിക നിയമങ്ങളെ തുറന്ന് പിന്തുണക്കുന്നവരാണ്. കേന്ദ്രഗവണ്‍മെന്റിനെ സഹായിക്കുവാന്‍ അല്ലെങ്കില്‍ എന്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ ഒരു പാനലിനെ തെരഞ്ഞെടുത്തു?
ആരൊക്കെ ആണ് സുപ്രീംകോടതിയുടെ ഈ വിശിഷ്ടപാനലിലെ അംഗങ്ങള്‍? ഒന്ന് ഭൂപീന്ദര്‍ സിംങ്ങ് മാന്‍. ഇദ്ദേഹം ഇപ്പോള്‍ സ്വയം ഒഴിവായി. അല്ലെങ്കില്‍ പഞ്ചാബിലേക്ക് അദ്ദേഹത്തിന് പ്രവേശിക്കുവാന്‍ സാധിക്കുകയില്ല. അദ്ദേഹം ഡിസംബര്‍ 14-ന് കൃഷിമന്ത്രി നരേന്ദ്രസിംങ്ങ് തോമറിന് ഒരു മെമ്മോറാണ്ഡം നല്‍കുകയുണ്ടായി കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചുകൊണ്ട്. എങ്ങനെ അങ്ങനെ ഒരു വ്യക്തിക്ക് ഇതുപോലുള്ള ഒരു പാനലില്‍ അംഗം ആകുവാന്‍ സാധിക്കും? സുപ്രീം കോടതിക്ക് അവിടെ തെറ്റുപറ്റി. ഇത് തന്നെയാണ് മറ്റ് അംഗങ്ങള്‍ ആയ പ്രമോദ് കുമാര്‍ ജോഷിയുടെയും അശോക് ഗുലാട്ടിയുടെയും അനില്‍ ഗാന്‍വനിന്റെയും കഥ. ഇവരെല്ലാം കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി തുറന്ന നിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ ആണ്. എങ്ങനെ അവരെ ഈ തര്‍ക്കത്തില്‍ മദ്ധ്യസ്ഥന വഹിക്കുവാന്‍ നിയമിക്കുവാന്‍ സാധിക്കും? സുപ്രീം കോടതിയുടെ എന്ത് പ്രഹസനം ആണ് ഇത് ? ഈ പാനലിന്റെ ഘടനയെക്കുറിച്ച് അഭിഭാഷകര്‍ പരാമര്‍ശിച്ചപ്പോള്‍ മുഖ്യന്യായാധിപന്‍ പറഞ്ഞത് കോടതി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നില്ല, ഈ വകകാര്യങ്ങള്‍ സ്വയം തീരുമാനിക്കും എന്നാണ്. ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിക്കുവാന്‍ കോടതിക്ക് അധികാരം ഉണ്ടെന്നും ഒരു പരിഹാരം ആവശ്യം ആണെങ്കില്‍ കര്‍ഷകര്‍ ഈ പാനല്‍ മുമ്പാകെ ഹാജരാകണമെന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി. ഇവിടെ സുപ്രീം കോടതി തികച്ചും കര്‍ക്കശമായ ഒരു നിലപാട് ആണ് സ്വീകരിച്ചത്. കര്‍ഷകരുടെ ചോര ഈ മണ്ണില്‍ വീഴരുതെന്നും സമരം അക്രമാസക്തമാകുവാനുള്ള സാദ്ധ്യതയുണ്ടെന്നും ഘോരഘോരം പ്രസ്താവിച്ച കോടതി എന്തിന് എന്തിന് ഇങ്ങനെ ഒരു പാനല്‍ രൂപീകരിച്ചത്? ഇത് ഗവണ്‍മെന്റിന് രണ്ടുമാസം സമയം നല്‍കുകയും കര്‍ഷകസമരത്തെ പൊളിക്കുവാനും അങ്ങനെ സര്‍ക്കാരുമായി ഒത്ത്കളിക്കുകയും ആയിരുന്നോ? ഇവിടെ ആണ് സുപ്രീംകോടതി-ഗവണ്‍മെന്റ് മാച്ച് ഫിക്‌സിംങ്ങിന്റെ സംശയം പല കേന്ദ്രങ്ങളിലും ഉയരുന്നത്. സുപ്രീംകോടതി വളരെ അപൂര്‍വ്വം ആയിട്ടാണ് ഇതുപോലെ ഒരു വിഷയത്തില്‍ ഇങ്ങനെ ഇടപെടുന്നതും പാര്‍ലിമെന്റ് പാസാക്കിയ ഒരു നിയമത്തെ താല്‍ക്കാലികമായിട്ടെങ്കില്‍ റദ്ദാക്കിയത്. സുപ്രീംകോടതിയുടെ ഇടപെടലും ഏകപക്ഷീയമായ പാനലിന്റെ നിയമനവും ചോദ്യം ചെയ്യപ്പെടുകയാണ് സ്വാഭാവികമായും. സമരം ചെയ്ത കര്‍ഷകരുടെ സ്വാഭാവിക മരണങ്ങളിലും ആത്മഹത്യയിലും ദുഃഖം പ്രകടിപ്പിച്ച സുപ്രീം കോടതിയെ ശ്ലാഘിക്കണം. അതുപോലെ തന്നെ കര്‍ഷകസമരത്തെ കൈകാര്യം ചെയ്ത കേന്ദ്രഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്ത രീതിയും. പക്ഷേ, വലിയ വലിയ നിരീക്ഷണങ്ങള്‍ നടത്തുകയും അവസാനം വിധിയുടെ പ്രധാന ഭാഗത്തില്‍ അതെല്ലാം മറന്ന് മറിച്ച് കാര്യം പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്ന പരമ്പരാഗതമായ സമ്പ്രദായം ഇവിടെയും ആവര്‍ത്തിച്ചു.

മോദി ഗവണ്‍മെന്റ് ആരംഭം മുതലെ കര്‍ഷക സമരത്തോട് നികൃഷ്ടവും നീചവും ആയ ഒരു നിപാട് ആണ് സ്വീകരിച്ചു വന്നത് ജൂണ്‍ അഞ്ചാം തീയതി ഓര്‍ഡിനന്‍സ് ഇറക്കിയതു മുതല്‍ നവംബറില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചയോ വോട്ടെടുപ്പോ ഇല്ലാതെ ഈ മൂന്ന് നിയമങ്ങള്‍ പാസ്സാക്കിയതു മുതല്‍ ഗവണ്‍മെന്റിന്റെ നിലപാട് ജനാധിപത്യ വിരുദ്ധം ആയിരുന്നു. ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികമേഖല വിറ്റു കഴിഞ്ഞിരുന്നു. അതുകൊണ്ട് കര്‍ഷകരുടെ പ്രതിഷേധം ശ്രദ്ധിച്ച് ഒരു തിരുത്തലിന് അത് തയ്യാറായിരുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നം ഇല്ലെന്നും കര്‍ഷകര്‍ക്ക് വേണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകാമെന്നും ആയിരുന്നു ജനുവരി എട്ടിന് കൃഷ്മന്ത്രി തോമര്‍ പറഞ്ഞത്. നിയമം റദ്ദാക്കുന്ന പ്രശ്‌നമേ ഇല്ലെന്നത് എത്ര ഏകാധിപത്യ ഭരണപരം ആണ്. അതുപോലെ സുപ്രീംകോടതിയില്‍ പോകുവാന്‍ നിര്‍ദ്ദേശിക്കുന്നത് എന്ത് ആത്മബലത്തില്‍ ആണ്? അതിന്റെ ഫലം ആണോ താല്‍ക്കാലിക റദ്ദാക്കല്‍ എന്ന പ്രഹസനവും ഇഷ്ടപാനലിന്റെ നിയമനവും? സമരത്തിന്റെ ആരംഭം മുതലെ ഗവണ്‍മെന്റ് കര്‍ഷകരെ ദേശദ്രോഹികളായി മുദ്രകുത്തുവാന്‍ ശ്രമിച്ചിരുന്നു. ഇത് ഈ പംക്തിയില്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു. ഇതുതന്നെ വീണ്ടും സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവര്‍ത്തിച്ചു. സമരക്കാരായ കര്‍ഷകര്‍ ഖാലിസ്ഥാനികള്‍ ആണെന്ന് ഇന്റലിജന്‍സ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ആരോപിച്ചു. കോടതി ഇതിന് ഉപോല്‍ബലകമായി ഒരു സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടെങ്കിലും നിന്ദ്യമാണ് ഗവണ്‍മെന്റിന്റെ ഈ നീക്കങ്ങള്‍. ഇന്‍ഡ്യയിലെ കര്‍ഷകരെ ജനങ്ങള്‍ക്ക് അറിയാം. ഒരു പക്ഷേ മോദി ഗവണ്‍മെന്റിന് അറിയില്ലായിരിക്കാം. ഹരിയാനയിലെയും പഞ്ചാബിലെയും ജാട്ട്, സിക്ക്, ഹിന്ദു കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. മറ്റുള്ള പ്രവശ്യകളിലെ കര്‍ഷകരെപ്പോലെ തന്നെ ഇന്‍ഡ്യന്‍ സായുധ സേനയുടെ വാള്‍ക്കൈ ആണ് അവര്‍. അവരെ ഈ വിധം അപഹസിക്കരുത്.

കര്‍ഷകര്‍ ആരംഭം മുതലെ ഒരേ ഒരു നിലപാടില്‍ ഉറച്ചു നിന്നു. ഈ മൂന്ന് നിയമങ്ങളും അപ്പാടെ റദ്ദാക്കണം. അവര്‍ക്ക് അതിനായിട്ടു ന്യായീകരണങ്ങളും ഉണ്ട്. ഈ പരിഷ്‌ക്കരണത്തിന്റെ ഉപഭോക്താക്കള്‍ ആണ് അവര്‍. അത് അംബാനിയോ അഡാനിയോ അല്ല. അതുകൊണ്ട് അവര്‍ പറയുന്നത് ഗവണ്‍മെന്റ് കേള്‍ക്കണം. മോദി ശ്രദ്ധിക്കണം. മോദി ഇതുവരെ കര്‍ഷകരുമായി ഒരു ആശയവിനിമയത്തിന് തയ്യാറായിട്ടില്ല എന്നത് ഇന്‍ഡ്യ എന്ന ജനാധിപത്യരാജ്യത്തെ ഒരു സ്വേച്ഛാധിപത്യ രാജ്യമാക്കി തരം താഴ്ത്തുന്നു.

കര്‍ഷകരുടെ അഭിപ്രായങ്ങളെ, ആവശ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഗവണ്‍മെന്റും സുപ്രീംകോടതിയും ഒരു പ്രശ്‌ന പരിഹാരത്തിന് എത്രയും വേഗം തയ്യാറാകണം. മോദി ഗവണ്‍മെന്റ് കര്‍ഷക സമരത്തെ പരിപൂര്‍ണ്ണമായി അവഗണിക്കുകയാണ്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും പാനലും വെറും ഒരു പ്രഹസനം ആകരുത്. കര്‍ഷകര്‍ക്ക് നീതി ലഭിക്കണം.

കര്‍ഷക പോരാട്ടം: സുപ്രീം കോടതിയും ഗവണ്‍മെന്റും 'മാച്ച് ഫിക്‌സിംങ്ങി'ലോ?(ദല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക