Image

കോവിഡ് ലോക്ഡൗൺ പ്രയോജനം ചെയ്തോ?

മീട്ടു Published on 15 January, 2021
കോവിഡ് ലോക്ഡൗൺ പ്രയോജനം ചെയ്തോ?
കോവിഡിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനം പറയുന്നത് ലോക്ഡൗണിനെ അപേക്ഷിച്ച് രോഗവ്യാപനം കുറയ്ക്കാൻ ഗുണകരമായത് സാമൂഹിക അകലവും യാത്രകളിലെ നിയന്ത്രണവും ആയിരുന്നെന്നാണ്. 

സ്റ്റാൻഫോർഡ് ഗവേഷകർ നടത്തിയ ഈ പഠനത്തിൽ പത്തു രാജ്യങ്ങളിൽ 2020 ന്റെ തുടക്കത്തിലുണ്ടായ കോറോണവൈറസ് കേസുകളുടെ വളർച്ചയാണ് വിശകലനം ചെയ്തത്. ജനുവരി 5 ന് വിലി  ഓൺലൈൻ ലൈബ്രറിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറാൻ, ഇറ്റലി, നെതർലൻഡ്‌സ്‌, സ്പെയിൻ, യു എസ് എന്നിങ്ങനെ സമ്പൂർണ ലോക്ഡൗൺ ഉത്തരവിറക്കി ബിസിനസുകളെല്ലാം അടച്ചുപൂട്ടിയ രാജ്യങ്ങളിലെ രോഗവ്യാപനവും ദക്ഷിണ കൊറിയ, സ്വീഡൻ പോലെ ഇളവുകളോടെയുള്ള  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലെ രോഗതോതും താരതമ്യം ചെയ്തു.
ഇളവുകൾ കൂടുന്നതാണോ കുറയുന്നതാണോ രോഗവ്യാപനം ഉയർത്തുന്നതെന്നറിയുക ആയിരുന്നു പഠനത്തിന്റെ ഉദ്ദേശം. 

' ആരോഗ്യ പരിപാലകർ നിർദ്ദേശിച്ച സുരക്ഷാ മാർഗരേഖകൾ ചോദ്യം ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ, വീടുകളിൽ തന്നെ തുടരുകയും ബിസിനസുകൾ അടച്ചുപൂട്ടുകയും ചെയ്തതുകൊണ്ട് പ്രത്യേക പ്രയോജനം ഉണ്ടായതായി പഠനത്തിൽ കണ്ടില്ല. ' ഗവേഷകർ പറയുന്നു. 

ലോക് ഡൗൺ ഉത്തരവുകൾ രോഗവ്യാപനം കുറയ്ക്കുന്നതിൽ എത്രത്തോളം ഫലപ്രദമായ മാർഗ്ഗമാണെന്നത് സംബന്ധിച്ച് കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ ചർച്ചകൾ നടന്നിരുന്നു.

ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ജൂണിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് തുടക്കത്തിൽ തന്നെ യൂറോപ്പിൽ ലോക് ഡൗൺ ഏർപ്പെടുത്തിയത് 3.1 മില്യൺ മരണങ്ങൾ ചെറുത്തു എന്നാണ്. റോയിട്ടേഴ്‌സ് ഇത് റിപ്പോർട്ട് ചെയ്തിരുന്നു.
മറ്റൊരു ഗവേഷണത്തിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഫ്രാൻസ്, യു എസ് എന്നിവിടങ്ങളിൽ 530 മില്യൺ കോവിഡ് കേസുകൾ കുറയ്ക്കാൻ ലോക്ഡൌൺ സഹായിച്ചെന്നും കണ്ടെത്തിയിരുന്നു.

യു എസിൽ നിർബന്ധിത ലോക് ഡൗൺ ഉത്തരവ് വലിയതോതിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒന്നാണ് .
ഫ്ലോറിഡയിലെയും മിസ്സിസ്സിപ്പിയിലെയും റിപ്പബ്ലിക്കൻ ഗവർണർമാർ ലോക് ഡൗണിനെ എതിർത്തപ്പോൾ  ഡെമോക്രറ്റുകളുടെ കീഴിലുള്ള ന്യൂയോർക്കിലും കാലിഫോർണിയയിലും മാർച്ച് മാസം മുതൽ  കർശനമായ  ലോക് ഡൗൺ  ഏർപ്പെടുത്തി.
ഡിസംബർ 24 ന് നടത്തിയ അഭിപ്രായ സർവേയിൽ പകുതിയിലധികം അമേരിക്കക്കാരും രാജ്യത്താകമാനം കുറഞ്ഞത് ഒരു മാസം ലോക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടത്. 
ജനുവരി 20 ന് അധികാരമേൽക്കുമ്പോൾ ഉടൻ തന്നെ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് രാജ്യത്തെ വിടില്ലെന്നാണ് നിയുക്ത പ്രസിഡന്റ്  ജോ ബൈഡൻ നവംബറിൽ നടന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നത്. 
' സാമ്പത്തിക രംഗം അടച്ചുപൂട്ടാനല്ല എന്റെ നീക്കം. വൈറസിനെ കെട്ടുകെട്ടിക്കാനാണ്. ഇനിയൊരു ഷട്ട് ഡൗൺ വേണ്ട സാഹചര്യം രാജ്യത്ത് ഞാൻ കാണുന്നില്ല. അത് നമ്മളെ പ്രതികൂലമായി ബാധിക്കും. ' ബൈഡൻ പറഞ്ഞു.

 ജോൺസ് ഹോപ്കിൻസ് യുണിവേഴ്സിറ്റി കണക്കുകൾ അനുസരിച്ച് വ്യാഴാഴ്ച വരെ 23 മില്യണിൽ അധികം  കേസുകളും 3,85,178 മരണങ്ങളുമാണ് കോവിഡ് മൂലം യു എസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

ന്യൂയോർക്കിലെ കോവിഡ് സംബന്ധിച്ച പുതിയ വിവരങ്ങൾ 

* അപ്പോയിന്റ്മെന്റ് എടുക്കുന്ന 65 നു മുകളിൽ പ്രായമുള്ള ന്യൂയോർക്കുകാർക്ക് വാക്സിൻ നൽകാൻ പുതിയൊരു സൈറ്റ് കൂടി അപ്പർ മാൻഹാട്ടനിലെ ഫോർട്ട് വാഷിംഗ്ടൺ ആർമറിയിൽ തുടങ്ങി.

* ആശുപത്രിയിൽ  പ്രവേശിതരായവർ: 8,823 
   2,12,589 പേരെ പരിശോധിച്ചതിൽ 13,661 പേരുടെ ഫലം പോസിറ്റീവായി.
   പോസിറ്റിവിറ്റി നിരക്ക്: 6.42 ശതമാനം.
    തീവ്രപരിചരണ വിഭാഗത്തിൽ : 1536 പേർ.
    202 പേർ മരണപ്പെട്ടു.

* സ്റ്റേറ്റിന് കീഴിൽ പുതിയ വാക്സിൻ സൈറ്റുകൾ ഉടൻ തുറന്നു പ്രവർത്തിക്കും. ജോൺസ് ബീച്ചിൽ സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ബഫലോ, പ്ലാറ്റ്‌സ്ബർഗ് ,റോച്ചസ്റ്റർ എന്നിവിടങ്ങളിൽ സൈറ്റുകൾ ഉടൻ തുടങ്ങും.

* ഫിംഗർ ലേക്‌സിലാണ് ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ ഏറ്റവും ഉയർന്ന നിരക്ക് -830 പേർ. കുറഞ്ഞ നിരക്ക് നോർത്ത് കൺട്രിയിൽ : 110 പേർ.

* ന്യൂയോർക്കിൽ  ഇതുവരെ 28 മില്യൺ പരിശോധനകൾ നടത്തി.  നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും ആരോഗ്യം ഉറപ്പുവരുത്താൻ ഇടയ്ക്കിടെ ടെസ്റ്റുകൾ നടത്തുന്നത് നല്ലതാണ്. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാൻ വൈകരുത്. 
ടെസ്റ്റ് നടത്താൻ അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിക്കേണ്ട നമ്പർ- 1-888-364-3065. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക