കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്മാന് എത്തുന്ന ''കുറുപ്പ്'' റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും.
നേരത്തെ ഒരു ഒടിടി പ്ലാറ്റ്ഫോമിന് ചിത്രം വിറ്റെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട് ദുല്‍ഖര്‍ സല്മാന് തന്നെ രംഗത്തെത്തി. അഞ്ചു ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നും അത് തിയേറ്ററില്‍ ആയിരിക്കുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന് എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു.
ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, ശോഭിത ധൂലിപാല, സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ജിതിന് കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.
കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം സ്റ്റാര്‍ എന്റര്ടൈന്മെന്റിനൊപ്പം ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന് ശ്യാം സംഗീതം ഒരുക്കുന്നു.