Image

നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)

Published on 23 January, 2021
 നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)

വീണ്ടും നാടിനെ നടുക്കിയ പട്ടിണി മരണം...  മുണ്ടക്കയം വണ്ടൻപതാൽ ഗ്രാമത്തിലെ തൊടിയിൽ വീട്ടിലെ പൊടിയൻ എൺപതാം വയസ്സിൽ മരിച്ചത് പട്ടിണി കിടന്ന് !. ഒപ്പമുണ്ടായിരുന്ന 76 വയസ്സുള്ള ഭാര്യ അമ്മിണിയും വിശന്ന് വലഞ്ഞ തളർന്ന നിലയിലായിരുന്നു.

റേഷനരിയും കറി വയ്ക്കാൻ അനുസാരികളും സർക്കാർ നൽകാഞ്ഞല്ല. അപ്പൻ്റെയും അമ്മയുടെയും വിഹിതം റേഷൻ കൂടി  വാങ്ങി  മകനും ഭാര്യയും  ഇപ്പുറത്തെ മുറിയിൽ മൂക്കുമുട്ടെ കഴിക്കുമ്പോൾ, അപ്പനും അമ്മയ്ക്കും കഞ്ഞി വെള്ളം.

വൃദ്ധരെ ആസ്പത്രിയിലേക്ക് മാറ്റുമ്പോൾ അവിടുത്തെ വാർഡംഗം അടുക്കളയിൽ കയറി ഒന്നു നോക്കി. ചോറും  ഇറച്ചിക്കറിയും   ഭദ്രമായി അടച്ചു വച്ചിട്ടുണ്ട്..

ഒരു ഭിത്തിക്കപ്പുറത്ത് രുചികരമായ ഭക്ഷണത്തിൻ്റെ മണം അടിച്ച്, പൊരിഞ്ഞ വയറുമായി രണ്ടു പേർ, വൃദ്ധമാതാപിതാക്കൾ. അവനെ ജനിപ്പിച്ച അപ്പനും അമ്മയും. പൊടിയനെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റുമോർത്തിൽ  പൊടിയൻ്റ വയറ്റിൽ ദിവസങ്ങളായി ഭക്ഷണം ചെന്ന ലക്ഷണം ഇല്ലായിരുന്നു. കിടന്ന കിടപ്പിലായ അച്ഛന് ഒരു നേരം പോലും ആഹാരം നൽകാൻ അയാൾ മടിച്ചതെന്തു കൊണ്ടാവും?

വിസർജ്യങ്ങൾ കോരേണ്ടി വരുമെന്ന ഭയം കൊണ്ടാണോ?

അപ്പോൾ മാനസ്സിക അസ്വാസ്ഥ്യമുള്ള അമ്മയ്ക്ക് ഇത്തിരി കഞ്ഞി കൊടുക്കാഞ്ഞതോ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ.. 

പക്ഷേ അവരൊന്നു ചെയ്തു. കിടപ്പിലായ അച്ഛൻ്റെ കട്ടിൽ കാലിൽ കടിക്കുന്ന നായെ പൂട്ടിയിട്ടു. അപ്പോൾ വിശന്നു കരഞ്ഞാലും അയൽക്കാരും അടുത്തേക്ക് വരില്ലല്ലോ, ഒന്നും കൊടുക്കില്ലല്ലോ.  കർമനിരതനായ നായക്ക് പക്ഷേ, ഇറച്ചിയും ചോറും നൽകാൻ മകൻ മറന്നില്ല.

രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ ഇത്തിരി കഞ്ഞിവെള്ളമോ വറ്റോ കിട്ടിയാലായെന്നാണ് ആ അമ്മ കരഞ്ഞു പറഞ്ഞത്.

ആശാ വർക്കർ അറിയിച്ച പ്രകാരം വാർഡംഗം സിനിമോൾ ആ വീട്ടിൽ ചെന്നപ്പോൾ, നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടു കൂടി അമ്മ വാരി തിന്നുന്നതാണ് കണ്ടത്.. തകർന്ന കട്ടിലിൽ മരക്കമ്പ് നിരത്തിയിട്ടാണ് ആ അമ്മ കിടന്നത്.  

മകൻ റജി കൂലിപ്പണിക്കാരനാണ്. മരുമകൾ അടുത്തുള്ള വീടുകളിൽ അടുക്കള ജോലികളും ചെയ്തിരുന്നു. പൊടിയൻ്റെ മറ്റൊരു മകൻ അൽപ്പം ദൂരെയാണ് താമസം. മക്കളുണ്ടായാലും എന്തു കാര്യമെന്ന ചോദ്യം നാട്ടുകാരിൽ നിന്നുയരുന്നു. വീട്ടിലെ നായയെക്കാൾ താഴെയാണോ അച്ഛനമ്മമാരുടെ സ്ഥാനം.

ജീവിതത്തിലെ ഏതു വഴിത്തിരിവിലാണ് നമ്മുടെ മനസ്സലിവുകൾ കൈമോശം വന്നത്? കടമകളും കടപ്പാടുകളും നാം പോലുമറിയാതെ നമ്മുടെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയതെപ്പോഴാണ്?. എന്തുകൊണ്ടാണവ പടിയിറങ്ങിപ്പോയത്.

വർഷങ്ങൾക്കു മുമ്പാണ്, കോട്ടയത്തെ പ്രശസ്തമായൊരു കോളേജിൽ എൻ്റെ മകൻ പ്രീ - ഡിഗ്രിക്ക് പഠിക്കുന്ന കാലം. എനിക്ക് കോഴിക്കോടാണ് അന്ന് ജോലി. ആഴ്ചാവസാനം വീട്ടിലെത്തുന്ന എന്നോട് മകൻ, ക്ലാസ്സിലെ ശാരീരിക ബുദ്ധിമുട്ടുള്ള സഹപാഠിയെപ്പറ്റി പറഞ്ഞു. അന്ധനായ കുട്ടി. അവൻ ഉച്ചഭക്ഷണം കഴിക്കാറേയില്ലെന്ന് മകൻ പറഞ്ഞു. അവൻ താമസിക്കുന്ന മുറിയിൽ പോയി അവിടുത്തെ  അന്തരീക്ഷം കണ്ടു മനസ്സിലാക്കി വരാൻ  മകനെ ഏർപ്പാടാക്കി. 

ഇല്ലായ്മകൾ നിറഞ്ഞ ജീവിതത്തിൽ ഒറ്റമുറി വാടകക്കെട്ടിടത്തിൽ കഴിയുന്നവൻ. തപ്പിത്തടഞ്ഞ് ഒറ്റയക്ക് വയ്ക്കുന്ന ഭക്ഷണം ദിവസത്തിൽ ഒരു നേരം മാത്രം. ഉച്ചയ്ക്ക് കോളേജ് കാൻ്റീനിൽ പോകാൻ അവന് പണമില്ലല്ലോ. അതു കൊണ്ടാണ് പട്ടിണിയിരിക്കുന്നത്. എൻ്റെ മകന് വല്ലാത്ത സങ്കടമായി. ഉച്ചനേരം എല്ലാവരും ഇലപ്പൊതിയഴിക്കുമ്പോഴത്തെ, മൂക്കുതുളച്ചുകയറുന്ന വാസനയിൽ വിശപ്പ് ആളിക്കത്തുമ്പോൾ, സഹിക്കാനാവാതെ പൈപ്പുവെള്ളം കുടിച്ച് വിശപ്പു ശമിപ്പിക്കുന്ന കൂട്ടുകാരൻ !. 

 ജീവിതത്തിൻ്റെ വേറിട്ട ഒരു മുഖം എൻ്റെ മകൻ അടുത്തറിയുകയായിരുന്നു. അവൻ തകർന്നു പോയി.

ഞാനെൻ്റെ കൂട്ടുകാരനും കോട്ടയം മാതൃഭൂമിയിൽ അന്ന് സീനിയർ ഫോട്ടോഗ്രാഫറുമായിരുന്ന സി. സുനിൽകുമാറിനോട് ഇക്കാര്യം പങ്കിട്ടു. ഞാൻ കോഴിക്കോടിന് മടങ്ങി. പക്ഷേ, പിറ്റേന്ന് തന്നെ  സുനിൽ കോളേജിൽ ചെന്നു. ആ ക്ലാസ്സിലെ കുട്ടികളെ കണ്ട് സംസാരിച്ചു. അടുത്ത ദിവസം  മുതൽ ഓരോരുത്തർ ഊഴമിട്ട് ഒരു പൊതിച്ചോറുകൂടെ കൊണ്ടുവരാൻ പറഞ്ഞു. ആർക്കും അപ്പോൾ ഭാരമില്ല. മുപ്പതിനടുത്ത് കുട്ടികളുള്ള ക്ലാസ്സിൽ മാസത്തിൽ ഒരിക്കൽ ഒരാൾ ചോറു കൊണ്ടു വന്നാൽ മതി. അവരുടെ അമ്മമാർ നിറഞ്ഞ സന്തോഷത്തോടെ ഒരു  പൊതി കൂടെ കൊടുത്തുവിട്ടു. 

പിറ്റേന്നു മുതൽ സഹപാഠിക്കൊപ്പം വലിയ ആഹ്ളാദത്തോടെ ,ആ കുട്ടികൾ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു, അതുവരെ അറിയാതെ പോയ പങ്കിടലിൻ്റെ സ്വാദേറുന്ന ഉച്ചയൂണ്..  ഒപ്പമുള്ളവൻ്റെ വിശപ്പറിയാതെ പോയതിലെ സങ്കടം ആ പങ്കുവയ്ക്കലിലൂടെ അതിജീവിച്ചു.
 
ഇത്തരം അവസരങ്ങൾ നമ്മുടെ മക്കൾക്ക് നൽകേണ്ടതുണ്ട്. അതിലൂടെ അവരെ കനിവിൻ്റെയും കരുതലിൻ്റെയും ലോകത്തേക്ക് വഴി കാട്ടാനാവും. സുഖത്തിനപ്പുറം കണ്ണീരിൻ്റയും ഇല്ലായ്മയുടെയും വിശപ്പിൻ്റെയും ഒരു വർത്തമാനകാലമുണ്ടെന്ന സത്യം അവർ കാണണം. നമ്മൾ കുഞ്ഞുങ്ങൾക്ക് വേണ്ടതിലധികം സ്നേഹം നൽകും. വേണ്ടതെല്ലാം വാരിക്കോരി കൊടുക്കും. സങ്കടങ്ങളറിയിക്കാതെ വളർത്തും. നമ്മൾ സാമ്പത്തീക ഞെരുക്കത്തിലൂടെയും സമ്മർദ്ദങ്ങളിലൂടെയും ജീവിതത്തെ നേരിടുമ്പോൾ മക്കൾ അറിയാറില്ല. അവർ വിഷമിക്കാതിരിക്കട്ടെ എന്ന് ചിന്തിക്കുന്ന നമ്മൾ എല്ലാം മറച്ചുവയ്ക്കുന്നു. എല്ലാ ദുരിതങ്ങളും ഒറ്റയ്ക്കു ചുമ്മി തളരുന്നു. 

അരുത്, അവരെക്കൂടെ എല്ലാറ്റിലും ഒപ്പം നിർത്തുക.  കണ്ണുനീരിൽ ജീവിതത്തെ നയിക്കുന്ന അനുഭവങ്ങൾ അവർ അടുത്തറിയണം. എങ്കിലേ സ്വന്തം ജീവിതത്തെയും അച്ഛനമ്മമാരെയും അവർ സ്നേഹിക്കാൻ പഠിക്കൂ.

എനിക്കൊരമ്മയെ അറിയാം. മകളുമായി അനാഥശാലകൾ സന്ദർശിക്കുന്ന അമ്മ. മകളെക്കൊണ്ട് അവിടെ പണം നൽകിക്കുന്ന യുവതി. അവിടുത്തെ അനാഥക്കുരുന്നുകളുമായി ഓടിക്കളിക്കാൻ മകളെ നിർബ്ബന്ധപൂർവ്വം വിടുന്ന അമ്മ. പിൽക്കാലത്ത്  ആ മകൾ    വിദേശത്ത് ഉദ്യോഗസ്ഥയായി ജോലി നേടിയപ്പോൾ അനാഥരെ സഹായിക്കാൻ പണം അയച്ചുകൊടുത്തിട്ട്  ആ അമ്മയോടു പറഞ്ഞു .

"ജീവിതത്തിൽ അമ്മ എനിക്കു തന്ന ഏറ്റവും വലിയ പാഠമാണ് ആ ദിവസങ്ങൾ. അച്ഛനമ്മമാരുടെ വില ഞാനറിഞ്ഞത് ആ കുട്ടികളുടെ അനുഭവം പങ്കിട്ടതിലൂടെയാണ് " എന്ന്. 

പൊടിയൻ തികഞ്ഞ ഇല്ലായ്മയിലൂടെയാണ് മകനെ വളർത്തിയത്.കൂലിപ്പണിയെടുത്ത് അവനെ അന്നമൂട്ടി. ചിലവർഷങ്ങൾ മുമ്പുവരെ അയാൾ തൊഴിലുറപ്പ് ജോലിയ്ക്കു പോയിരുന്നു. തീർത്തും കിടപ്പിലാവുന്നതു വരെ അവർ മക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിച്ചു. വാർധക്യ പെൻഷൻ്റെ ബലത്തിൽ തട്ടിമുട്ടി കഴിഞ്ഞു. പക്ഷേ അവശരായതോടെ കുഴഞ്ഞു പോയി. തിളയ്ക്കുന്ന ഒരു യൗവ്വനകാലം അവർക്കുണ്ടായിരുന്നു. അവർ പട്ടിണി കിടന്നപ്പോഴും മകനെ വയർ നിറയെ കഴിപ്പിച്ചു.

കൂലിപ്പണികഴിഞ്ഞു തളർന്നു വരുമ്പോൾ വഴിക്കണ്ണുമായി തന്നെ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക്  പലഹാരം വാങ്ങി എത്രയോ വട്ടം നൽകിയിട്ടുണ്ടാവും. സുഖമില്ലാതിരുന്നപ്പോഴും , കുഞ്ഞ് പട്ടിണിയാകുമല്ലോ എന്നോർത്ത്  പണിക്കുപോയി .

കുഞ്ഞുമകന് അസുഖം വന്നപ്പോൾ ഒരു പോള കണ്ണടയ്ക്കാതെ കാവൽ മാലാഖയായവളാണ് രണ്ടു മക്കളെ പെറ്റു വളർത്തി വലുതാക്കിയ ആ അമ്മ. അതൊന്നും പക്ഷേ, ആ മക്കൾ ഓർമിച്ചില്ല.അപ്പൻ വിശന്നു മരിച്ചു. അമ്മയെ മക്കൾക്കു വേണ്ടങ്കിൽ സാമൂഹ്യ പ്രവർത്തകൻ നവജീവൻ പി.യു തോമസ് ഏറ്റെടുക്കും. മകനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പക്ഷേ... 

ഒരു മകൻ മാത്രമെ അറസ്റ്റിലായിട്ടുള്ളൂ. പുറം ലോകം അറിയാത്ത ഒരു പാട് അപ്പൻമാരും അമ്മമാരും ഇനിയും ശേഷിക്കുന്നുണ്ട്. അയൽക്കാരും വാർഡംഗങ്ങളും ആശാവർക്കർമാരും പൊതു പ്രവർത്തകരും ഒക്കെ കൺ തുറന്നാൽ വൃദ്ധമാതാപിതാക്കളുടെ  ഇത്തരം പട്ടിണി മരണങ്ങൾ ഒഴിവാക്കാനാവും.
നിയമ വഴിയിലൂടെ മുതിർന്ന പൗരന്മാരുടെ പരിരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്.

read also

ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)

ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം

കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 

വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ?

കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക