Image

തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കി

Published on 24 January, 2021
തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കി
പന്തളം: മകരവിളക്ക് ഉത്സവത്തിനു ശേഷം തിരുവാഭരണ ഘോഷയാത്ര ശബരിമലയില്‍നിന്നു പന്തളം കൊട്ടാരത്തില്‍ മടങ്ങിയെത്തി. പന്തളം വലിയപാലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വാദ്യമേളങ്ങളോടെ ആചാരപരമായ സ്വീകരണം നല്‍കി.

ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, കൗണ്‍സിലര്‍മാരായ കെ.ആര്‍.രവി, പി.കെ.പുഷ്പലത, കെ.വി.ശ്രീദേവി, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.അജിത്കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍.രാജീവ് കുമാര്‍, വലിയ കോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വിപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്നലെ പുലര്‍ച്ചെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് പന്തളത്തെത്തിയത്. മണികണ്ഠനാല്‍ത്തറയില്‍ അയ്യപ്പ സേവാ സംഘം സ്വീകരിച്ചു. സെക്രട്ടറി രാജീവ് കോന്നി, താലൂക്ക് പ്രസിഡന്റ് എന്‍.വേലായുധന്‍ നായര്‍, യൂണിറ്റ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നേതൃത്വം നല്‍കി.

ഉള്ളന്നൂര്‍ പാര്‍ഥസാരഥി സേവാസമിതി, അയ്യപ്പ സേവാസമാജം, ഉള്ളന്നൂര്‍ ഭദ്രാദേവീ ക്ഷേത്ര ഉപദേശകസമിതി, ഹിന്ദു ഐക്യവേദി, പുതുവാക്കല്‍ ഗ്രാമീണ വായനശാല, മുട്ടാര്‍ അയ്യപ്പ ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

മേടക്കല്ലില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍.നാരായണ വര്‍മ എന്നിവരും പാലസ് വെല്‍ഫെയര്‍ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ ഭാരവാഹികളും സ്വീകരിച്ചു. തുടര്‍ന്നു തിരുവാഭരണങ്ങള്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്കു മാറ്റി. ഇനി കുംഭ മാസത്തിലെ ഉത്രം നാളിലും വിഷുവിനും വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുണ്ടാകും.

അതിനിടെ തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം മടങ്ങിയെത്തിയ സംഘാംഗങ്ങളില്‍ 24 പേര്‍ക്ക് കോവിഡ്. ഇന്നലെ നടത്തിയ പരിശോധനയില്‍ 57 പേരാണ് പങ്കെടുത്തത്. കോവിഡ് പോസിറ്റീവായവരില്‍ പൊലീസ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക