Image

മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)

Published on 24 January, 2021
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
അസുരവാദ്യമെന്നറിയപ്പെടുന്ന ചെണ്ടയില്‍  നാദവിസ്മയങ്ങള്‍ തീര്‍ത്ത്  അക്ഷരാര്‍ത്ഥത്തില്‍ ലോകമെമ്പാടുമുള്ള കലാസ്വാദകരെ വിസ്മയിപ്പിച്ച   ബഹുമുഖപ്രതിഭ - പ്രൊഫസര്‍  ഡോക്ടര്‍  മാങ്കുളം  കൃഷ്ണന്‍ നമ്പൂതിരി   സപ്തതിയുടെ നിറവില്‍.  അതിപ്രശസ്തനായ പിതാവിന്റെ പ്രതിഭാധനനായ പുത്രന്‍ .  ഓണാട്ടുകരയിലെ  പ്രശസ്തമായ കലാകുടുംബമായ മാങ്കുളത്തില്ലത്ത്  കഥകളിനടനായ മാങ്കുളം  വിഷ്ണുനമ്പൂതിരിയുടെയുടെയും സരസ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1951 ജനവരി 20 ഭൂജാതനായ  ശ്രീ. കൃഷ്ണന്‍ നമ്പൂതിരി തറവാട്ടുമുറ്റത്തെ സമസ്തകേരള കഥകളി വിദ്യാലയത്തിലെ പാട്ടും ആട്ടവും മേളവും നിത്യേന കണ്ടും കേട്ടുമാണ് വളര്‍ന്നത്.  ആട്ടപ്പുരയിലെ ചെണ്ടമേളത്തില്‍ കമ്പംകയറിയ കുഞ്ഞു കൃഷ്ണന്‍  ചെണ്ടവിദ്വാന്‍  വാരണാസി  മാധവന്‍ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചു.   കലാമണ്ഡലം കേശവന്റെ ശിഷ്യത്വത്തില്‍  ഉപരിപഠനം .  പതിനഞ്ചാം വയസ്സില്‍ അരങ്ങിലേറിയ ആ നാദവിസ്മയം ഈ എഴുപതിന്റെ നിറവിലും  ആസ്വാദകലക്ഷങ്ങള്‍ക്ക് വിസ്മയം പകരുന്നു.
 
മേളത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്. വിദ്യാഭ്യാസരംഗത്തും അദ്ദേഹം തനതായ കഴിവ് പ്രകടിപ്പിച്ചു. പുതിയവിള ഗവണ്മെന്റ് എല്‍. പി. സ്കൂള്‍ ,പുതിയവിള യു.പി സ്കൂള്‍ ,പുല്ലുകുളങ്ങര  എന്‍. ആര്‍. പി. എം .ഹൈസ്കൂള്‍  എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  മാവേലിക്കര ബിഷപ്മൂര്‍ കൊളേജില്‍നിന്ന്  ജന്തുശാസ്ത്രത്തില്‍ ബിരുദവും  ആലപ്പുഴ  എസ്.ഡി കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാതൃവിദ്യാലയമായ എസ്.ഡി. കൊളേജില്‍  അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരള യൂണിവേഴ്സിറ്റിയിലെ ഡോ. പി. എ. കുറുപ്പിന്റെ  നേതൃത്വത്തില്‍  ''രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികള്‍ക്കുണ്ടാകുന്ന അതിരോസ്ക്ളീറോസിസ് എന്ന അസുഖത്തിന്റെ ജൈവരസതന്ത്ര പഠനങ്ങള്‍ '' എന്നവിഷയത്തില്‍ ഗവേഷണം നടത്തുകയും പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു.  യു.എസ് . ഇന്റര്‍നാഷണല്‍ അതിരോസ്ക്ളീറോട്ടിക് സൊസൈറ്റിയുടെ  ഫെല്ലാഷിപ്പോടെ  യു.എസ്സില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചു. ജര്‍മ്മനിയിലെ ഫ്രീബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് സയന്റിസ്റ്റ് , യു.എന്‍.ഡി.പി സെന്‍ട്രല്‍ ആഫ്രിക്കയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജന്തുശാസ്ത്ര പ്രൊഫസര്‍ എന്നിങ്ങനെ  വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ --ഗവേഷണ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം.
 
കലയും  അദ്ധ്യാപനവും ഗവേഷണവും കുടുംബജീവിതവും വിജയകരമായി സമന്വയിപ്പിച്ചുകൊണ്ട്  എല്ലാ രംഗങ്ങളിലും  അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഒരു അപൂര്‍വ്വ പ്രതിഭയാണ്  ശ്രീ .മാങ്കുളം  കൃഷ്ണന്‍ നമ്പൂതിരി .  
കാനഡയിലെ ടറന്റോയില്‍ റിഥംസ് ഓഫ്  ഇന്ത്യ ഫെസ്റ്റിവലില്‍  പങ്കെടുത്ത്   കാണികളെ  ആവേശംകൊള്ളിച്ച ആ കലാകാരന്‍  മുന്‍ദിവസങ്ങളില്‍  ബയോകെമിസ്ട്രിയില്‍ അദ്ധ്യാപനം നടത്തിയ പ്രൊഫസര്‍  ആണെന്നറിഞ്ഞപ്പോള്‍  കാണികളുടെ ആവേശം കൊടുമുടിയോളം ഉയര്‍ന്നുവെന്നത്  ആ ബഹുമുഖപ്രതിഭയുടെ  അര്‍പ്പണബോധത്തിന്റെ  സാക്ഷ്യപത്രം.

പകല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യപകര്‍ന്നു നല്‍കിയശേഷം  രാവുമുഴുവന്‍ നീളുന്ന കളിയരങ്ങില്‍ അതിപ്രശസ്തരായ നടന്മാര്‍ക്കൊപ്പം ചിട്ടയ്ക്കും മനോധര്‍മ്മര്‍ത്തിനും കടുകിട പിഴവില്ലാതെ   താളവിസ്മയം തീര്‍ത്ത്  വീണ്ടും പ്രഭാതത്തില്‍ നേരെ കോളേജിലെത്തി  തന്റെ കടമ നിര്‍വ്വഹിക്കുന്ന അദ്ദേഹത്തിന്റെ  അര്‍പ്പണബോധത്തെ  എത്ര പുകഴ്ത്തിയാലും അധികമാവില്ല.   നേരം വെളുക്കുവോളം അരങ്ങില്‍  മേളപ്പെരുമ തീര്‍ത്ത് രാവിലെ ചെണ്ടയുമായി കോളേജിലെത്തുന്ന അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും  മറക്കാനിടയില്ല. ആലപ്പുഴ  എസ്.ഡി. കോളേജ് പ്രിന്‍സിപ്പലായി വിരമിച്ച അദ്ദേഹം  ഈ എഴുപതിന്റെ നിറവിലും അരങ്ങിലും ഗവേഷണരംഗത്തും അദ്ധ്യാപനത്തിലും സജീവമാണ്. IIRBS എം .ജി. യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറായ  ഈ പ്രതിഭയുടെ  അന്താരാഷ്ട്ര നേട്ടങ്ങളും പുരസ്കാരങ്ങളും  എണ്ണമറ്റതാണ്.

അവയില്‍  ചിലത്

കലാമണ്ഡലം ഹൈദരാലി പുരസ്കാരം (2019)
വാരണാസി പുരസ്കാരം (2016)
കാർത്തികശ്രീ പുരസ്കാരം (2015)
കേരള കലാമണ്ഡലം അവാർഡ് (2015)
വനദുർഗ്ഗാ പുരസ്കാരം (2014)
കലാമണ്ഡലം കൃഷ്ണന്‍നായർ ജന്മശതാബ്ദി പുരസ്കാരം (2014)
നാവായിക്കുളം കഥകളി ആസ്വാദകസംഘം ഫെല്ലോഷിപ്പ് (2011)
സംഗീത നാടക അക്കാദമി ടാഗോർ ജയന്തി ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡ് (2010)
കേരളീയ കലാക്ഷേത്രം ആലപ്പുഴ നല്‍കിയ കേരളീയ കലാക്ഷേത്രം അവാർഡ് (2006)
എസ്. ബി കോളേജ് ചങ്ങനാശ്ശേരി നല്‍കിയ മികച്ച കോളേജ് അദ്ധ്യാപകനുള്ള സെന്‍റ് ബെർക്ക്മന്‍റ്സ് അവാർഡ് (2004)
ടെക്സസിലെ ഹൂസ്റ്റണില്‍ പ്രവർത്തിക്കുന്ന യു. എസ് ഇന്‍റർനാഷണല്‍ അതിറോസ്ക്ളീറോട്ടിക് സൊസൈറ്റി നല്‍കിയ വിസിറ്റിംഗ് സയന്‍റിസ്റ്റ്സ് ഫെല്ലോഷിപ്പ് അവാർഡ് (1997)
ചേർത്തല കഥകളി ക്ളബ്ബിന്‍റെ പള്ളിപ്പുറം അവാർഡ് (1994)
ആലപ്പുഴ കഥകളി ക്ളബ്ബിന്‍റെ കഥകളി അവാർഡ് (1984)
കൊല്ലം കഥകളി ക്ളബ്ബിന്‍റെ കൊട്ടാരക്കര തമ്പുരാന്‍ അവാർഡ് (1984)
 ബാംഗ്ലൂര്‍  ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഫെല്ലോഷിപ്പ് (1998)
എസ്. ഡി. കോളേജ് ആലപ്പുഴ യിലെ  ജന്തുശാസ്ത്ര ഗവേഷണകേന്ദ്രം ബിരുദാനന്തര ബിരുദ വിഭാഗം മുന്‍ മേധാവി.
കേരള യൂണിവേഴ്സിറ്റി  റിസേർച്ച് സൂപ്പർവൈസിംഗ് ഗൈഡ് .
ദൂരദർശന്‍ കേന്ദ്രം പരിപാടികളുടെ ഉപദേശക സമിതി അംഗം
‍കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെംബർ,
മെംബർ  ഓഫ് അക്കാദമിക് കൗണ്‍സില്‍, ഗവേണിംഗ് കൗണ്‍സില്‍ മെംബർ
ലളിതകലാ അക്കാദമി ഗവേണിംഗ് കൗണ്‍സില്‍ മെംബർ ‍
‍കേരള കലാമണ്ഡലം സബ്ജക്ട് എക്സ്പേർട്ട്
‍ആനിമല്‍ വെല്‍ഫെയർ ബോർഡിന്‍റെ ആനിമല്‍ വെല്‍ഫെയർ എഡ്യുക്കേഷന്‍ ഓഫീസർ
മെംബര്‍ ഓഫ് റോയല്‍ സൊസൈറ്റി ഫോർ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ്, യുണൈറ്റഡ് കിങ്ഡം
കേരളാ യൂണിവേഴ്സിറ്റിയുടെ പി. ജി സെമസ്റ്ററൈസേഷന്‍ വിദഗ്ദ്ധ സമിതി അംഗം
‍യു ജി സി അക്കാദമിക് സ്റ്റാഫ് കോളേജ് റിസോഴ്സ് പേഴ്സണ്‍
സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളിലെ ജഡ്ജിംങ് പാനലില്‍ അംഗം‍
IIRBS  എം .ജി. യൂണിവേഴ്സിറ്റി ‍വിസിറ്റിംഗ് ഫാക്കല്‍റ്റി .
1998 ല്‍ ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ അതിറോസ്ക്ളീറോസിസ് ആന്‍ഡ് സയന്‍സ് കൌണ്‍സില്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടത്തിയ ഇന്‍റർനാഷണല്‍ സിമ്പോസിയം ഓണ്‍ അതിറോസ്ക്ളീറോസിസിലും

ഇന്‍ഡ്യന്‍ സൊസൈറ്റി ഫോർ അതിറോസ്ക്ളീറോസിസ് റിസർച്ച് ന്യൂ ഡല്‍ഹിയില്‍ നടത്തിയ ഇന്‍റർനാഷണല്‍ സിമ്പോസിയം ഓണ്‍ അതിറോസ്ക്ളീറോസിസ് (എസ്. വി മെഡിക്കല്‍ കോളേജ്, തിരുപ്പതി
2001 ല്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷന്‍ (MAHE) മണിപ്പാലില്‍ നടത്തിയ സയന്‍സ് കമ്മ്യൂണിക്കേഷന്‍

2002 ല്‍ ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ ഹാർട്ട് റിസർച്ച് ആന്‍ഡ് ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജീസ് തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്തർദേശീയ സമ്മേളനത്തിലും പങ്കെടുത്ത്  ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഹാർട്ട്- ബ്രിട്ടീഷ് മെഡിക്കല്‍ ജേർണല്‍ (സെപ്റ്റംബർ 1999)
കറന്‍റ് സയന്‍സ്- ഇന്‍ഡ്യന്‍ ജേർണല്‍ ഓഫ് എക്സ്പെരിമെന്‍റല്‍ ബയോളജി
 ഇവ അദ്ദേഹത്തിന്റെ  പ്രസിദ്ധീകരണങ്ങളാണ്.

 കലയും  അദ്ധ്യാപനവും ശാസ്ത്രവും  ഗവേഷണവും  താളംപിഴയ്ക്കാതെ  അതിന്റെ ഔന്നത്യത്തില്‍ സമ്മേളിപ്പിക്കുന്ന ഈ  പ്രതിഭയ്ക്ക്  ഇനിയും ഇനിയും ഒരുപാടുനാള്‍  ഈശ്വരന്‍  ആയുരാരോഗ്യസൗഖ്യങ്ങള്‍   കനിഞ്ഞു നല്‍കാന്‍  സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. 

see also
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക