Image

സര്‍വ്വേകല്ല് (കഥ: ജിസ പ്രമോദ് )

ജിസ പ്രമോദ് Published on 25 January, 2021
സര്‍വ്വേകല്ല്  (കഥ: ജിസ പ്രമോദ് )
ഞായറാഴ്ചയുടെ ആലസ്യത്തില്‍, അലാം അടിച്ച മൊബൈലെടുത്ത് ഓഫ് ആക്കി  വീണ്ടും പുതപ്പിനുള്ളില്ലേക്ക് ചുരുണ്ടു കൂടവേയാണ്, പുറത്തു നിന്ന് എന്തോ ഒച്ചപ്പാട് കേള്‍ക്കുന്ന പോലെ ദേവിക്ക് തോന്നിയത്. വേഗം പുതപ്പ് മാറ്റി ചാടിപിടഞ്ഞെണീറ്റ് മുടി വാരികെട്ടുന്നതിനിടയില്‍ അവള്‍ അടുത്ത് കിടന്നുറങ്ങുന്നുണ്ടായ ഹരിയെ കുലുക്കി ഉണര്‍ത്തി. 

ഉറക്കപ്പിച്ചില്‍ വീണ്ടും തലവഴി പുതപ്പിട്ട് മൂടി അയാള്‍ ഉറക്കം തുടര്‍ന്നു. 
ദേവി വേഗം മുന്‍വശത്തെ വാതില്‍ തുറന്ന് സിറ്റ്ഔട്ടിലേക്ക് ചെന്നു. 
വടക്കേതിലെ ഗൗരിയേച്ചിയും കെട്ട്യോനും കൂടി വേലിക്കല്‍ വന്നു നിന്ന് ഒച്ചനെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. കാര്യം പിടികിട്ടാതെ ദേവി ചുറ്റും നോക്കി. അവിടെവിടെ ചില തലകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
'ഇതെന്താ പ്പൊ സംഭവം ' അവള്‍ വേലിക്കലേക്ക് നടന്നു. 
'ന്താ ചേച്ചി, ന്തിനാ ഒച്ചയിടണെ ' അവള്‍ സൗമ്യമായ് ചോദിച്ചു. 
അത് കേട്ടതും ഗൗരിടെ ഒച്ച വീണ്ടും ഉയര്‍ന്നു. 

'ഓ, അവക്കൊന്നും അറിയാമ്പാടില്ല, ഉച്ചില് വെയിലടിച്ചപ്പോ എണീറ്റ്  വന്നെക്കേണ്, രാത്രില്‍ കെട്ട്യോനും കെട്ട്യോള്‍ക്കും അതിര്‍ത്തി മാന്തലല്ലേ പണി '

ഇതുകേട്ട് അന്തവിട്ടു നില്‍ക്കുന്ന ദേവിടെ അടുത്തേക്ക് ഹരിയും അപ്പോഴേക്കും  എത്തി. 
'എന്താടി കാര്യം '

'ആവോ, ഗൗരി ചേച്ചി എന്തൊക്കെയോ പറയുന്നു '

'അയ്യോ പാവം അവക്കിപ്പോ ഒന്നുമറിയില്ല ഈ അതിര്‍ത്തി കിടന്ന കല്ലെന്ത്യേ, അതുപറ ആദ്യം ' ഗൗരി വീണ്ടും ഒച്ചയിട്ടു. അപ്പോഴേക്കും അപ്രത്തെ വീട്ടിലെ ഷാജിയും അങ്ങോട്ടെക്കെത്തി. 

'ശരിയാണല്ലോടാ ഹരി, ഇവ്‌ടെകെടെന്ന കല്ലേന്ത്യേ '

അപ്പോഴാണ് ദേവിയും ഹരിയും അത് ശ്രദ്ധിച്ചത്. അവരുടേം ഗൗരിടേം അതിര്‍ത്തി വേര്‍തിരിക്കുന്ന സര്‍വ്വേക്കല്ലു കാണാനില്ല. 
ഇന്നലെ മതിലു കെട്ടാന്‍ അളവെടുത്തപ്പം വരെ അതവിടെ ഉണ്ടായിരുന്നല്ലോ. ഒറ്റ രാത്രി കൊണ്ടു അതെവിടെ പോയി. ഹരിയും ദേവിയും പരസ്പരം നോക്കി. 
ഹരി ഗൗരിയോടായി പറഞ്ഞു. 
'ചേച്ചി ഇന്നലെ അളവെടുത്തപ്പം അവിടെ ഉണ്ടായിരുന്നതാണല്ലോ കല്ല്, പിന്നെവിടെ പോവാന '

'അതേടാ, എന്നോട് ചോദിക്ക്, ഞാന്‍ രാത്രി വന്നു അതേറ്റി കൊണ്ടു പോയി, ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം മതിലെങ്ങാന്‍ കേറ്റിയിട്ട് കെട്ടാന ഭാവമെങ്കില്‍ ആ വെള്ളം അങ്ങു വാങ്ങി വച്ചേരെ, ഒരിഞ്ചു ഭൂമി എന്റെന്ന് കൊറഞ്ഞ കോടതി കേറിയിറങ്ങി നടക്കേണ്ടി വരും രണ്ടും ഓര്‍ത്തോ '

ഇത്രേം ആയപ്പോ ഗൗരിടെ പുറകില്‍ നിന്നിരുന്ന അവരുടെ കെട്ട്യോന്‍ പറഞ്ഞു. 
'നീ ഒച്ചയെടുക്കാതെ ഗൗരി, അവരത് കണ്ടറിഞ്ഞു ചെയ്‌തോളും '

'ആ ചെയ്ത അവര്‍ക്ക് കൊള്ളാം ' അവര്‍ അര്‍ത്ഥം വച്ചു പറഞ്ഞു. 
അതിന്റിടയില്‍ പാഷാണത്തില്‍ കൃമി പോലെ ഷാജിയുടെ ചോദ്യം 
'ചേച്ചി ആ കൊന്നപ്പത്തല് അല്ലെരുന്നു നിങ്ങടെ അതിര് അവിടന്ന് അങ്ങട്ട് കെട്ടിയപോരെ മതില്‍ '

'ഷാജി ചേട്ടാ, നെറികെട്ട വര്‍ത്താനം പറയല്ലേ, അവിടെ വച്ച് പിടിച്ച എന്റെ ഭൂമി എന്തോരം പോവോന്ന് അറിയോ ' ഹരി തര്‍ക്കിച്ചു 
അപ്പോഴേക്കും ഗൗരി വീണ്ടും ഒച്ചയിട്ട് തൊടങ്ങി. 
'വര്‍ഷം പത്തുമുപ്പതായി ഞാനിങ്ങോട്ട് കെട്ടിക്കേറി വന്നിട്ട് അന്ന് തൊട്ട് ഈ അതിരിലുള്ള കൊന്നയാ അത് .സര്‍വ്വേക്കലൊക്കെ പിന്നെയല്ലേ വന്നത്. മതില്‍ ആ കൊന്നെടെ നേരെന്നു പിടിച്ചു പണിത മതി '

'അതാ അതിന്റെ ന്യായം ' ഷാജി പിന്താങ്ങി. 

'അല്ല ചേട്ടനൊന്നും പറയാനില്ലെ, ഇതു തെണ്ടിത്തരം അല്ലെ ' ഹരി ഗൗരിയുടെ കെട്ട്യോനോടായി ചോദിച്ചു. 
അയാളെന്തോ പറയാന്‍ വാ തുറന്നതും ഗൗരി ഇടയില്‍ കേറി. 
'അങ്ങേര് എന്തു പറയാന്‍, നാളെ മതില്‍ കേട്ടോണോങ്കില്‍ ദാ ഞാന്‍ പറഞ്ഞപോലെ ചെയ്‌തോ. അല്ലേല്‍ ഒരുകാലത്തും ഈ അതിര് നിങ്ങ കേട്ടുകേല '  

ഇത്രയും ആയപ്പോ ദേവി ഹരിയോടായി പറഞ്ഞു. 
'കേസും കോടതീം ഒന്നും വേണ്ട ഹരിയേട്ടാ, വിട്ടു കൊടുത്തേക്ക് നമ്മുക്ക് ഇറക്കി കെട്ടാം മതില് '

'എന്നാലും ഇതെവിടുത്തെ ന്യായം ആണ് ദേവി, ഒരു തെളിവിനു ആ കല്ലും കാണുന്നില്ല '
'ആ പോട്ടെന്നു നമുക്ക് ഉള്ളത് മതി ' ഹരിയേട്ടന്‍ വാ പിള്ളേരിപ്പോ എഴുന്നേല്‍ക്കും, ആള്‍ക്കാരൊക്കെ കൂടാന്‍ തുടങ്ങിട്ടുണ്ട്. 

ദേവി ഹരിയേം വലിച്ചു കൊണ്ടു വീടിനകത്തേക്ക് നടക്കുന്നിതിനിടയില്‍ പറഞ്ഞു. 

'ആ വീടും പറമ്പുമൊക്കെ ഇപ്പൊ ഗൗരി ചേച്ചിടെ പേരിലാ, ആ തള്ളേനെ പറ്റിച്ചു എഴുതി എടുത്തതാ ഒക്കെ. എന്നിട്ടിപ്പോ അവരെ ഒരു ചായ്പ്പിലേക്ക് തള്ളി, മൂന്നു നേരം എന്തെങ്കിലും തിന്നാന്‍ കൊടുത്തെങ്കിലായി. പാവം തള്ള '

വിജയിച്ച ഭാവത്തില്‍ തിരിച്ചു പോകാനൊരുങ്ങിയ ഗൗരിയോട് അവരുടെ കെട്ട്യോന്‍ പറഞ്ഞു 
'കൊന്നപ്പത്തല്‍ അല്ലല്ലോ ഗൗരി നമ്മുടെ അതിര്. വെറുതെ ആള്‍ക്കാരുടെ പ്രാക്ക് ഇരന്നു വാങ്ങണോ '

'ദേ മനുഷ്യ നിങ്ങ മിണ്ടരുത്, രണ്ട് പെമ്പിള്ളേര് വളര്‍ന്നു വരുന്നത് ഓര്‍ക്കണം, സെന്റിനൊക്കെ ഇപ്പൊ എന്താ വെല '

അയാള്‍ പിന്നൊന്നും മിണ്ടാതെ അവരുടെ പുറകെ നടന്നു. ഈ സമയം ചായ്പ്പിലെ കയറ്റുകട്ടിലിനടിയില്‍ ഒരു സര്‍വ്വേകല്ല് അന്ത്യവിശ്രമം കൊള്ളുന്നുണ്ടായിരുന്നു. കട്ടിലിന്മേല്‍ ഒരു അര്‍ദ്ധ പ്രാണനും. 
*****************************************
ജിസ പ്രമോദ്

സര്‍വ്വേകല്ല്  (കഥ: ജിസ പ്രമോദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക