Image

മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി

കെ.ആർ. സൂരജ് Published on 25 January, 2021
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി

ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തെത്തിയ പുതിയ ചിത്രമാണ് 'വെള്ളം.' കോവിഡ് നിയന്ത്രണങ്ങളോടെ കേരളത്തിലെ തിയറ്ററുകള്‍ തുറന്ന ശേഷം പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം. ഓരോ വര്‍ഷവും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിഡുന്ന മലയാളിയുടെ മദ്യാസക്തിയെപ്പറ്റിയാണ് മുരളി കുന്നുംപുറത്ത് എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്നും കടംകൊണ്ട സിനിമ പറയുന്നത്.

കണ്ണൂരിലെ ഒരു ഗ്രാമപ്രദേശത്ത് നല്ല രീതിയില്‍ ഒരു കള്ളുകുടിയനായി അറിയപ്പെടുന്ന ചെറുപ്പക്കാരനാണ് മുരളി (ജയസൂര്യ). കൂട്ടിന് നാട്ടിലെ വേറെയും കുടിയന്മാരുണ്ട്. എന്നാല്‍ കൂട്ടത്തില്‍ പെരുംകുടിയന്‍ മുരളി തന്നെ. മദ്യപിച്ച് ബോധം പോയി ഓടയിലും റോഡിലും കിടക്കുന്ന കലാപരിപാടി കൂട്ടുകാര്‍ക്കല്ല, മുരളിക്ക് മാത്രമാണ് സ്വന്തം. ഭാര്യയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട് അയാള്‍ക്ക്. വിവാഹത്തിന് വളരെക്കാലം മുമ്പേ തുടങ്ങിയ കുടി പക്ഷേ സ്വന്തം നിയന്ത്രണത്തില്‍ നിന്നും ഇപ്പോള്‍ കൈവിട്ട് പോയിരിക്കുന്നു. വീട്ടുകാരെ മാത്രമല്ല, നാട്ടുകാരെയും ബാധിക്കുന്ന തരത്തില്‍ അത് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. കല്യാണ വീട്ടിലും, മകളുടെ സ്‌കൂളിലും, മരണവീട്ടിലുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ മദ്യപാനം മുരളിയെ വിഴുങ്ങിയതോടെ ഭാര്യയും അച്ഛനമ്മമാരും കൂടെയുള്ള കൂട്ടുകാരും വരെ മുരളിയെ തള്ളിപ്പറയുന്നു. ഒടുവില്‍ വീണ്ടുവിചാരം വന്നപ്പോഴേയ്ക്കും സ്വയമൊരു തിരിച്ചുവരവിന് സാധ്യമാകാത്ത വിധം മുരളി മദ്യത്തിന് സ്വന്തം ജീവിതം പണയപ്പെടുത്തിയിരുന്നു. എന്നാല്‍ നല്ലവനായ ഒരു കൂട്ടുകാരന്‍ രാജനും (സന്തോഷ് കീഴാറ്റൂര്‍), കഷ്ടപ്പാട് മാത്രം നല്‍കിയിട്ടും അത്യാവശ്യ ഘട്ടത്തില്‍ കൂടെ നിന്ന ഭാര്യയും (സംയുക്ത മേനോന്‍), മദ്യവിമോചന കേന്ദ്രത്തിലെ ഡോക്ടറും (സിദ്ദിഖ്) ചേര്‍ന്ന് അയാളെ ലഹരിയുടെ പാതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കൈപിടിച്ച് നടത്തിക്കുന്നതും, കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് ഒരു കാലത്ത് മഹാമദ്യപാനിയായ മനുഷ്യന്‍ സ്വപ്‌നസമാനമായ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് 'വെള്ളം' കാട്ടിത്തരുന്നത്.

എല്ലാ നാട്ടിലും മുരളിയെപ്പോലെ ഒരാളെങ്കിലും ഉണ്ടാകും, നമ്മുടെ കേരളത്തില്‍ പ്രത്യേകിച്ച്. നാമോരുരുത്തരും ചെറുപ്പത്തിലേ കാണുന്ന പലരുടെയും ജീവിതം തന്നെയാണ് 80 ശതമാനവും 'വെള്ള'ത്തിലെ മുരളി. ഓരോ തലമുറ മാറുമ്പോഴും പുതിയൊരു മുരളി ജനിക്കുന്നതാണ് മലയാളത്തിന്റെ കാഴ്ച. അതിനാല്‍ത്തന്നെ ഈ കഥാപാത്രവുമായി റിലേറ്റ് ചെയ്യാന്‍ വളരെ എളുപ്പം നമുക്ക് സാധിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്നും 'വെള്ള'ത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് കുടിയനായ കഥാപാത്രത്തിന്റെ സാമൂഹിക ജീവിതത്തെക്കൂടി പരിഗണിച്ചു എന്നതാണ്. ഉദാഹരണമായി മുരളി ഒരു പെണ്‍കുട്ടിയുടെ മോതിരം മോഷ്ടിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഒരു സീന്‍ 'വെള്ള'ത്തിലുണ്ട്. ബന്ധുക്കളും നാട്ടുകാരും ചോദ്യം ചെയ്യുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്നതിനിടെ താന്‍ മോതിരം മോഷ്ടിച്ചിട്ടില്ല എന്ന സത്യം മുരളി പലതവണ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. മദ്യപന്റെ വാക്കുകള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ, അയാള്‍ പറയുന്നത് സത്യമായാല്‍ പോലും സമൂഹത്തില്‍ വിലയുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സീന്‍. പ്രശ്‌നത്തിലകപ്പെട്ടാല്‍ കൂടെ വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ ഉണ്ടാകില്ലെന്നും ചിത്രം വ്യക്തമായി പറയുന്നുണ്ട്. അതേസമയം 'സ്പിരിറ്റി'ല്‍ നന്ദു അവതരിപ്പിച്ച മണിയന്‍, മുഴുക്കുടിയനാണെങ്കിലും, അതുകാരണം സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കുമുണ്ടാകുന്ന വ്യഥകളാണ് ആ ചിത്രം ഫോക്കസ് ചെയ്തിരുന്നത്.

ജയസൂര്യയുടെ മുരളിയായുള്ള പകര്‍ന്നാട്ടമാണ് ചിത്രത്തിന്റെ ആകര്‍ഷണം. കടുത്ത മദ്യപാനിയുടെ എല്ലാ ചേഷ്ടകളും ശരീരഭാഷയിലും, ശബ്ദത്തിന്റെ വേരിയേഷനില്‍ പോലും കൃത്യമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യയായ സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍, അച്ഛനെ അവതരിപ്പിച്ച ബാബു അന്നൂര്‍ എന്നിവരും നല്ല പ്രകടനം കാഴ്ച വച്ചു. അതേസമയം അലസമായി എഴുതപ്പെട്ട ചില സീനുകളും, സന്ദര്‍ഭങ്ങളും ചിത്രത്തിന്റെ ശില്‍പ്പഭദ്രതയ്ക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. പ്രവചനീയമായ ക്ലൈമാക്‌സ് കൈയടക്കത്തോടെ അവതരിപ്പിക്കുന്നതിലും സംവിധായകന് പിഴവുകള്‍ സംഭവിച്ചു. ജീവിതവിജയം നേടിയ മുരളിയെ കാണിക്കുന്നത് ഒരു മാത്ര പരസ്യചിത്രത്തിന് സമാനമായ അവതരണത്തിലേയ്ക്ക് വഴുതിമാറിയത് ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാക്കി. ഈ ഭാഗങ്ങള്‍ അല്‍പ്പം കൂടി എഡിറ്റ് ചെയ്ത് കളഞ്ഞിരുന്നെങ്കില്‍ 'വെള്ളം' കൂടുതല്‍ മികച്ച അനുഭവമായേനെ. പ്രൊഡക്ടുകളുടെ പരസ്യം കാണിക്കുന്ന 'in film marketing' രംഗങ്ങള്‍ കുറേക്കൂടി സര്‍ഗ്ഗാത്മകമാക്കാമായിരുന്നു.

ലക്ഷക്കണക്കിന് മദ്യപാനികളുള്ള കേരള സമൂഹത്തില്‍ തീര്‍ച്ചയായും പ്രസക്തിയേറിയ ചലച്ചിത്ര ശ്രമമാണ് 'വെള്ളം.' ജയസൂര്യയിലെ നടനെ ഒരു പരിധി കൂടി ഉയര്‍ത്തി എന്ന നിലയിലാകും ഈ ചിത്രം പില്‍ക്കാലത്ത് ഓര്‍ക്കപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക