Image

കാണാതെ പോകരുത്‌, ഈ 'വെളള'ത്തിന്റെ ഭീകരത

Published on 26 January, 2021
കാണാതെ പോകരുത്‌, ഈ 'വെളള'ത്തിന്റെ ഭീകരത

''അവന്‍ ഇരുപത്തിനാല്‌ മണിക്കൂറും വെള്ളമല്ലേ, ഇങ്ങനെയുണ്ടോ ഒരു കുടി'' മുഴുമദ്യപാനികളെ കുറിച്ച്‌നമ്മള്‍ എത്രയോ തവണ ഈ വാക്കുകള്‍ കേട്ടിരിക്കുന്നു. ഇങ്ങനെയോ ഇതിനപ്പുറത്തുള്ളതോ ആയ എല്ലാം തികഞ്ഞ ഒരു മദ്യപാനിയുടെ കഥയാണ്‌ പ്രജേഷ്‌ സെന്‍ സംവിധാനം ചെയ്‌ത `വെള്ളം' എന്ന സിനിമ. 

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി ചിത്രീകരിച്ച സിനിമയാണ്‌ വെള്ളം. തീര്‍ച്ചയായും ഇതിലെ രംഗങ്ങള്‍ പലതും നമ്മെ അസ്വസ്ഥമാക്കാന്‍ പോന്നതാണ്‌. നേരം പുലരുന്നതു മുതല്‍ കണ്ണില്‍ ഇരുട്ടു കയറുന്നതു വരെ മദ്യപിച്ചു ബോധം കെട്ടു നടക്കുന്നവനാണ്‌ മുരളി(ജയസൂര്യ). മദ്യപിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊന്നിനെ കുറിച്ചും ഓര്‍മ്മയില്ലാത്ത, കടയിലോ, വഴിയരികിലോ, വയലിലോ, പറമ്പിലോ കിടക്കാനൊന്നും മുരളിക്ക്‌ യാതൊരു മടിയുമില്ല. എത്ര കണക്കറ്റു കുടിച്ചു ബോധം കെട്ടാലും നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ ശല്യമില്ലാത്ത നിരുപദ്രവകാരിയായ ഒരു മദ്യപാനി. അതാണ്‌ മുരളി. ഇങ്ങനെ കുടിച്ചു കുടിച്ച്‌ സ്വന്തം ജീവിതം നശിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍. അയാളുടെ ജീവിതകഥയാണ്‌ വെള്ളം പറയുന്നത്‌. 

സ്ഥിരം മദ്യപാനിയാണെങ്കിലും വീട്ടുകാരെയോ നാട്ടുകാരെയോ ഉപദ്രവിക്കുകയോ അവരോട്‌ വഴക്കു കൂടി തല്ലുണ്ടാക്കുകയോ ഒന്നും മുരളി ചെയ്യില്ല. മാത്രവുമല്ല, നാട്ടുകാരുടെയും അയല്‍പക്കത്തെയും എന്തു വിശേഷത്തിനും മറ്റുളളവര്‍ക്കൊപ്പം എന്തു സഹായത്തിനും മുരളിയുംകൂടെ കാണും. എന്നാല്‍ അതിരു വിട്ട മദ്യപാനം മുരളിയുടെ ശരീരത്തെയും ബോധത്തെയും മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിച്ചു തുടങ്ങി. മദ്യം കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലെത്തി. കുടിക്കാന്‍ കാശില്ലാതെ വന്നപ്പോള്‍ മകള്‍ പഠിക്കുന്ന മേശ വരെ വില്‍ക്കാനൊരുങ്ങുകയാണ്‌ മുരളി. വീട്ടുകാര്‍ കേണപേക്ഷിച്ചിട്ടും അയാളില്‍ നിന്നും മദ്യപാനി വിട്ടൊഴിയുന്നില്ല. അതു കൊണ്ടു തന്നെ വീട്ടിലെ എല്ലാ ഉപകരണങ്ങള്‍ക്കും പൂട്ടിടേണ്ട അവസ്ഥയെത്തുന്നു. 

ഉപദേശിച്ചും കരഞ്ഞുംപറഞ്ഞിട്ടൊന്നും മനസിലാവാതെ വന്നതോടെ മുരളിയെ എല്ലാവരും അവഗണിക്കാന്‍ തുടങ്ങുന്നു. അയാള്‍ പതുക്കെ ആര്‍ക്കും വേണ്ടാത്ത്വനായി മാറുകയാണ്‌. അയാളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങുകയാണ്‌. മദ്യം തന്നെ പൂര്‍ണ്ണമായ നാശത്തിലേക്കാണ്‌ കൊണ്ടു പോകുന്നതെന്ന്‌ അയാള്‍ മനസിലാക്കുന്നുണ്ടെങ്കിലും മുരളിക്ക്‌ മദ്യത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിയുന്നില്ല. അയാള്‍ മദ്യപാനം നിര്‍ത്തി രക്ഷപെടണമെന്നും കുടുംബത്തോടൊപ്പം സുഖമായി കഴിയണമെന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. അതു നടക്കുമോ, അതോ, അയാള്‍ ആത്മഹത്യയില്‍ അഭയം തേടുമോ എന്നിങ്ങനെയുള്ള നിരവദി ചോദ്യങ്ങളാണ്‌ ചിത്രം കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലൂടെ കടന്നു പോകുന്നത്‌. 

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ മുഴുക്കുടിയന്‍മാരായി അഭിനയിച്ച നിരവധി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ നമ്മുടെ അയല്‍പക്കത്തു തന്നെയുള്ള , നാം എവിടൊക്കെയോ വച്ചു കണ്ടിട്ടുള്ള ഒരു കഥാപാത്രം.. കുടിച്ചു വെളിവില്ലാതെ ബസ്‌ സ്റ്റാന്‍ഡിലും റയില്‍വേസ്റ്റഷനിലും ആശുപത്രി പരിസരത്തും ഫുട്‌പാത്തിലുമൊക്കെ കണ്ടിട്ടുള്ള ഒരു മനുഷ്യന്‍. അതേ വെള്ളത്തിലെ മുരളിയെ നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. അത്രയേറെ പരിചിതനാണ്‌ മുരളിയെന്ന്‌ ചിത്രം കാണുമ്പോള്‍ നമുക്‌ മനസിലാകും. 

ജയസൂര്യ എന്ന നടന്റെ കരിയറിലെ തന്നെ ബെസ്റ്റ്‌ എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ്‌ മുരളി. മദ്യപിച്ച്‌ ലക്കുകെട്ട മുരളിയുടെ ഭാവങ്ങളും ബോധത്തിന്റെ നൂലിഴയില്‍ തൂങ്ങിയാടുന്ന സമയങ്ങളില്‍ അയാള്‍ അതിജീവിക്കേണ്ടി വരുന്ന പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളുമെല്ലാം വളരെ കൈയ്യടക്കത്തോടെ ജയസൂ#ൂര്യ പകര്‍ത്തിയിട്ടുണ്ട്‌. ഒരര്‍ത്ഥത്തില്‍ മുരളിയായി പകര്‍ന്നാട്ടം നടത്തുകയായിരുന്നു ഈ നടന്‍ എന്നു വേണമെങ്കില്‍ പറയാം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കായി തീരെ വൃത്തിഹീനമായ ഇടങ്ങളില്‍ പോലും ഇരുന്നും കിടന്നും ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. 

സംയുക്ത മേനോന്‍, സിദ്ദിഖ്‌, ഇന്ദ്രന്‍സ്‌, ബാബു അന്നൂര്‍, ശ്രീലക്ഷ്‌മി, സ്‌നേഹ പലിയേരി, ബൈജു സന്തോഷ്‌, നിര്‍മ്മല്‍ പാലാഴി, ഉണ്ണി എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. എല്ലാവരും തങ്ങളുടെ കഥാപാത്രത്തോടു നീതി പുലര്‍ത്തി. ബിജിപാലിന്റെ സംഗീതം ചിത്രത്തിന്റെ ആകെയുള്ള മൂഡിനോടു ചേര്‍ന്നു നില്‍ക്കുന്നു. റോബിന്‍ വര്‍ഗ്ഗീസിന്റെ ഛായാഗ്രഹണവും മികച്ചതായി. കുടുംബ സമേതം കാണാന്‍ കഴിയുന്ന മികച്ച ചിത്രമാണ്‌ വെള്ളം എന്നതില്‍ സംശയമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക