Image

ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക് ദിനം ആശങ്കയുടെ മുൾമുനയിലോ? (ജോയ് ഇട്ടൻ, ഐ. എൻ. ഒ .സി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ്)

Published on 26 January, 2021
ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക് ദിനം ആശങ്കയുടെ മുൾമുനയിലോ? (ജോയ് ഇട്ടൻ, ഐ. എൻ. ഒ .സി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ്)

റിപ്പബ്ലിക് ദിനമെന്ന് നമ്മൾ ഓർമ്മിക്കയും ഷർട്ടിന് മേൽ ഇന്ത്യൻ പതാകയുമൊക്കെ കുത്തി നിവർന്ന് നിന്ന് ജനഗണമനയൊക്കെ ചൊല്ലിയ ഒരു കാലത്തു നിന്ന് ഒരു നാണയത്തിൻ്റെ ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് മറിക്കും പോലെ എത്ര പെട്ടന്നാണ് എല്ലാവരും സന്തോഷിക്കേണ്ട അവസരത്തിൽ നിന്ന് സങ്കടക്കടലിലേക്ക് വീണത്. ഇന്ന് നമ്മുടെ മഹാരാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയായിരുന്നില്ല .രാജ്യ തലസ്ഥാനത്തേക്ക് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി മാർച്ച് നടത്തിയ ,നമുക്ക് അന്നമൂട്ടുന്ന കർഷകരുടെ നെഞ്ചിന് നേരെ വെടിയുതിർക്കുകയും മറ്റൊരു ജാലിയൻ വാലാബാഗിന് തുടക്കമിടാനുമുള്ള ശ്രമവുമായിരുന്നു അമിത് ഷായുടെ ഭരണകൂട ഭീകരത ശ്രമിച്ചത്.സംഘ പരിവാറിൻ്റെ രാഷ്ട്രീയ അജണ്ടയുടെ നേർക്ക് ജനാധിപത്യ ഇന്ത്യയുടെ സമരം അതിൻ്റെ ഏറ്റവും ശക്തമായ അവസ്ഥയിലേക്ക് മാറിയത് റിപ്പബ്ലിക് ദിനത്തിലായത് സ്വാഭാവികം മാത്രം. ഇന്നല്ലങ്കിൽ പിന്നെ എന്നാണ് ഇത് പറയേണ്ടത്.ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകുന്ന സ്വാതന്ത്യത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന രാഷ്ട്രീയ ആക്രമണം കൂടിയാണ് ഇന്ന് ഭരണകൂടം തുടങ്ങിയത് എന്നതിൽ യാതൊരു സംശയവും ഇല്ല.

ഈ സമരം കർഷക താല്പര്യം സംരക്ഷിക്കാൻ മാത്രമുള്ളതല്ല എന്ന് നമ്മൾ തിരിച്ചറിയണം.ഇന്ത്യയിലെ കോർപ്പറേറ്റ് സമൂഹം ലാഭവും, അമിതലാഭവും കൊയ്തെടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കർഷകർ നമുക്ക് അന്നമൂട്ടാനാണ് ഈ സമരവുമായി ഡൽഹിയിലെത്തിയത്.രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി അമിത് ഷാ ഭരണകൂടം ഇന്ത്യൻ പൗരൻ്റെ ഓരോ അവകാശങ്ങളേയുമാണ് ചോദ്യം ചെയ്യുന്നത്. പ്രതിഷേധിക്കുന്നവരെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രത്തിലൂടെ മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരവസ്ഥയും മിണ്ടാൻ ശ്രമിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാട്ടുനീതിയും ഒരേ പോലെ നടപ്പിലാക്കാൻ ശ്രമിച്ചതിൻ്റെ പരിണിത ഫലമാണ് ഇന്നത്തെ കർഷക മരണത്തിൻ്റെ അടിസ്ഥാനം.

ഈ അവസരത്തിൽ പ്രതിപക്ഷ നിര ഒത്തൊരുമിച്ച് ഭരണകൂട ഭീകരതയ്ക്കെതിരെ ഒന്നിക്കേണ്ട അവസരം സമാഗതമായിരിക്കുന്നു.സിസംഗത ഒന്നിനും പരിഹാരമല്ല എന്ന് ഈ സമയത്ത് ഇന്ത്യൻ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം ഒരേ മനസ്സോടെ കർഷകർക്കൊപ്പം അണിചേരണം .. അതിനുള്ള ആഹ്വാനം കൂടിയാവണം ഈ റിപ്പബ്ലിക് ദിനം.

മണ്ണിൽ കിളയ്ക്കാനും നിലമൊരുക്കാനും മറക്കുകയെന്നാൽ നമ്മൾ സ്വയം മറക്കുന്നു എന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഓർമ്മിക്കുക. നമ്മൾ ഓരോരുത്തരും ഓർമ്മിക്കേണ്ട ഒരു പാഠം കൂടിയല്ലേ ഇത് . കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശി മോദിയും അമിത് ഷായും  തുടരുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പോരാട്ടമായി മാറിയതിൽ എന്താണത്ഭുതം . രാജ്യത്തെ കാര്‍ഷിക മേഖലയിലെ സാമൂഹിക-സാമ്പത്തിക വശങ്ങളുമായി ബന്ധപ്പെട്ടാണ് കര്‍ഷകരുടെ ആശങ്കകള്‍. കേന്ദ്രത്തിന്റെ നിയമങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം സ്വയം തിരിച്ചറിഞ്ഞാണ് കര്‍ഷകര്‍ പോരാട്ടം ഇവിടെവരെ എത്തിച്ചത് . പക്ഷെ ഇന്നുണ്ടായ സംഭവങ്ങൾ ഇനിയും ആവർത്തിക്കനാണ് സാധ്യത . മൗലിക അവകാശങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഒടുവിലത്തെ കരിനിയമങ്ങളായ യു എ പി എ ഭേദഗതിയായാലും എന്‍ ഐ എ ഭേദഗതി നിയമമായാലും പൗരത്വ നിയമമായാലും ഇതെല്ലാം തന്നെ ജനങ്ങളെ ഭരണകൂടത്തിന് നഗ്നമായി വേട്ടയാടാനുള്ള മര്‍ദനോപകരണങ്ങള്‍ മാത്രമാണ്. എന്‍ ഐ എയെ ഉപയോഗപ്പെടുത്തി ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന്റെ നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനുള്ള ഹീന ശ്രമങ്ങള്‍ നടത്തുന്നതും ഭരണഘടനാപരമായി യാതൊരു നീതീകരണവുമില്ലാത്തതാണ്. രാജ്യത്തെ നിലവിലുള്ള ഭരണഘടനയെയും നിയമവാഴ്ചയെയും നിര്‍ദയം തകര്‍ക്കുന്നതിന് മാത്രമേ ഇത് സഹായകരമാകുകയുള്ളൂ. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നത് എന്ന് തിരിച്ചറിയാൻ ഭാരതത്തിലെ ജനാധിപത്യ വിശ്വാസികൾ ശ്രമിച്ചില്ലങ്കിൽ നമുക്ക് വലിയ വില നൽകേണ്ടി വരും .അത് എന്താണെന്നു വളരെ ലളിതമായി പറയാം .ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്നതാണ് ഇപ്പോഴത്തെ കാർഷിക മോദി സർക്കാർ  ഈ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നിയമം എന്ന് തുടങ്ങിയ ആശയങ്ങളുടെ തുടര്‍ച്ച ഇവിടെയുമുണ്ട് വരികൾക്കിടയിൽ വായിക്കുവാൻ സാധിക്കും . ഈ നിയമങ്ങളുയര്‍ത്തുന്ന വലിയ അപകടവും  അതുതന്നെയാണ് എന്ന് നാം തിരിച്ചറിയണം ഒരേ മനസ്സോടെ മുന്നോട്ട് നീങ്ങണം .ഭാരതീയരുടെ ശക്തി എന്താണെന്നു ഈ കർഷകരിലൂടെ നമുക്ക് കാട്ടിക്കൊടുക്കണം .കാരണം എന്റെയും നിങ്ങളുടെയും ശരീരത്തിലൂടെ ഓടുന്നത് കർഷക രക്തമാണ് എന്ന ബോധം മാത്രമാണ് ഈ ചെറിയ ചിന്തയുടെ അടിസ്ഥാനം .

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക