Image

നക്ഷത്രക്കുഞ്ഞുങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )

Published on 28 January, 2021
നക്ഷത്രക്കുഞ്ഞുങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )
 അവനെന്നെ ഇഷ്ടമായിപോലും... നിരതെറ്റിയ പല്ലും,  കോലൻ മുടിയും, അതും കുറേശ്ശെ ചെമ്പിച്ച നിറത്തിൽ,  എത്ര എണ്ണ തേച്ചിട്ടും അതങ്ങോട്ട് കറക്കുന്നില്ല, 
പിന്നെ ചാരക്കണ്ണും,( വലിയമ്മ സായിപ്പിന്റെ  വീട്ടിലെ കുശിനിക്കാരി ആയിരുന്നതിന്റെ ബാക്കിപത്രം).
പണമുണ്ടായിട്ടു 
കാര്യമില്ല, 
കുടുംബമഹിമ അത്രക്കങ്ങു പോരാ.. 
പക്ഷേ,  അവൻ പറയുന്നു അവൻ്റെ കണ്ണിൽ ഞാൻ സുന്ദരിയാണെന്ന്...
എന്നേപ്പോലെ അവനും പെൺകുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമാണെന്ന്, എനിക്കൊരു അരഡസൻ പെൺകുഞ്ഞുങ്ങളെ പ്രസവിക്കണം, കൂട്ടത്തിൽ ഒരാൺകുട്ടിയും ഇരുന്നോട്ടെ.., പക്ഷെ പെൺകുട്ടികളുടെ കാര്യത്തിൽ 
വിട്ടുവീഴ്‌ചയില്ല., അതുറപ്പാണ്... 
അവൻ്റെയൊപ്പം ആകാശം നോക്കിക്കിടക്കുമ്പോൾ, ഞങ്ങൾക്കു ഭാവിയിൽ പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾ നക്ഷത്രങ്ങളായി ആകാശം നിറഞ്ഞു പൂക്കുന്ന കാഴ്ച ഞാൻ കണ്ടു....
നീയെന്ന് വിളിക്കാനാവുന്നത്ര സ്നേഹമുണ്ടായിരുന്നു ഞങ്ങളു തമ്മിൽ..  അവൻ്റെ വീട്ടിൽ, ആരും കേൾക്കാത്തപ്പോൾ 
ഞാനവനെ , നീ..എന്നും എടാ...എന്നും വിളിക്കും ഒരു രസത്തിന്...ആ വിളി അവനും ആസ്വദിച്ചു. 
ഒരു ചെടി ഒരിക്കലും ഞാൻ പൂത്തു മടുത്തു എന്ന് പറയാറില്ല.  അതങ്ങു ആസ്വദിച്ചു പൂത്തുകൊണ്ടേയിരിക്കും..  എനിക്കവൻ്റെ സ്നേഹം അങ്ങനെയാണ്.  .
കല്യാണം കഴിഞ്ഞ് ഒരുവർഷമായി.. 
എത്ര പെട്ടെന്നാണ് സമയം പോയത്.
സ്വന്തക്കാരുടെയും, ബന്ധുക്കളുടെയും, ചോദ്യം ഉയർന്നു...
" കുട്ടികൾ ഒന്നും ആയില്ലേ ?"
ഇനിയും സമയമുണ്ടെന്നു പറഞ്ഞെങ്കിലും എവിടെയോ ഒരു ഭയം...
പിന്നെയങ്ങോട്ട്, ആശുപത്രിയിൽ 
കയറിയിറങ്ങുന്നത് ജീവിതത്തിന്റെയൊരു ഭാഗമായിക്കഴിഞ്ഞു.
" രണ്ടു പേർക്കും ഒരു കുഴപ്പവുമില്ല"
പരിശോധിച്ച എല്ലാ ഡോക്ടർമാരും പറഞ്ഞു.. നേർച്ചകളും, പ്രാർത്ഥനകളുമൊക്കെയായി  ഏഴു വർഷം. അപ്പോഴും നക്ഷത്ര കുഞ്ഞുങ്ങൾ ആകാശത്തു നിന്നും കണ്ണ് ചിമ്മിക്കാണിച്ചു , താഴോട്ടു വരാൻ കൂട്ടാക്കാതെ.. .
അവസാനം ഐവിഫ്  ചെയ്യാൻ മനസ്സില്ലാ മനസ്സോടെ തീരുമാനിക്കുകയായിരുന്നു
ഓരോ തവണയും പ്രത്യാശ നശിപ്പിച്ചുകൊണ്ടിരുന്ന വേദന..
 ദിവസങ്ങൾ കടന്നു പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. 
സ്വന്തം വേദന മറച്ചുവെച്ച് അവൻ, എന്നെ ആശ്വസിപ്പിച്ചു .
" അല്ലെങ്കിൽത്തന്നെയെന്താ.. ഞാനല്ലേ നിന്റെ മോൻ, നീയെന്റെ മോളും.. , അതായിരിക്കും നമ്മുടെ വിധി.  ഈയൊരു കുറവ് നമ്മുടെ സ്നേഹത്തിനു മുൻപിൽ കീഴടങ്ങട്ടെ.. "
ഇതൊന്നും എന്നിലെ, 'അമ്മയാകാനുള്ള മോഹത്തെ കെടുത്തിയില്ല.
അതൊരു കുറവായി തന്നെ നിലനിന്നു.
" കുട്ടികൾ എത്ര".. ?   ആരെങ്കിലും ചോദിച്ചാൽ അതിനു മുൻപിൽ പതറി നിന്നുപോകുന്നു . 
പിന്നെപ്പിന്നെയത് നിസ്സംഗതക്കു വഴി മാറി..
അൻപതാം പിറന്നാൾ കഴിഞ്ഞത് മുതൽ.. എന്നെങ്കിലും '
അമ്മയായേക്കുമെന്ന സ്വപനവും കടന്നു പോയി.. എന്നാലും അവൻ എന്നെ സ്നേഹിച്ചു.. ഒരു കുഞ്ഞിനെ പോലെ ലാളിച്ചു..
പലരും ചോദിച്ചു 
" ഒരു കുട്ടിയെ ദത്തെടുതു കൂടെ ?" എന്ന്.. 
എന്തോ അങ്ങിനെയൊരു തോന്നൽ ഉണ്ടായില്ല.  ദത്തെടുക്കൽ നിയമം അനുസരിച്ചുള്ള പ്രായവും കടന്നു പോയി .

      യാദൃശ്ചികമായിട്ടാണ്, ഒരു ട്രെയിൻ യാത്രയിൽ വച്ച് ഗായത്രി അമ്മയെ കണ്ടുമുട്ടുന്നത് അതീന്ദ്രിയ ജ്ഞാനമുള്ളതു പോലെ ആയമ്മ ചോദിച്ചു 
" കുട്ടികളില്ല അല്ലേ.. ?" എന്താണെന്നറിയില്ല.. പൊട്ടിക്കരയാനാണു തോന്നിയത്....വളരെ നാളുകൾക്കു ശേഷം ആ വിഷയത്തിൽ കരഞ്ഞത് കൊണ്ടാണോയെന്നറിയില്ല  കരച്ചിലടക്കാൻ സാധിച്ചില്ല.
അതൊരു അസാധാരണ സ്നേഹബന്ധത്തിനു തുടക്കം കുറിച്ചു.
അമ്മയുടെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് ഉണ്ട്, 
ആരും തുണയില്ലാത്ത പെൺകുട്ടികളുടെ വീട്.. എത്ര പെട്ടെന്നാണ് ഞാൻ അവിടെ ഒരാളായത്. ! 
ഒരു ഡസൻ പെൺകുട്ടിൾക്കായി കാത്തിരുന്ന എനിക്ക് പതിനഞ്ചു പെൺകുട്ടികളുടെ അമ്മയാകാൻ സാധിച്ചു . എത്ര പെട്ടെന്നാണ് ജീവിതം മാറിമറിയുന്നത്..!
ഇന്ന്, എൻ്റെ മൂത്ത മകളുടെ വിവാഹമാണ്.. അവളെ ഇഷ്ടപ്പെടുന്ന ഒരുവൻ...ഒരു പക്ഷേ ആകാശത്തു ഞാൻ കണ്ട നക്ഷത്രക്കുഞ്ഞുങ്ങൾ, ഓരോന്നായി ഭൂമിയിലേക്ക് ഇറങ്ങി വരുമായിരിക്കും എന്നെ അമ്മൂമ്മേ..എന്ന് വിളിക്കാൻ..
എൻ്റെ മൂത്തമകൻ, അൻപത്തിനാലുകാരൻ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു, അവന്റെ കണ്ണുകളിലും ഞാൻ കണ്ടു ഒരു നക്ഷത്രക്കുഞ്ഞിനെ ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക