Image

പാമ്പും കോണിയും - നിർമ്മല - നോവൽ -31

Published on 30 January, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -31
- ഏറിയൻ എന്താണു വരാതിരുന്നത്.
- അവനു കുടിശ്ശികയുള്ള ശമ്പളം കൊടുക്കരുത്.
- എന്താണ് ഇടയ്ക്കു വിളിയ്ക്കാതിരുന്നത്.
- ഒരു ദിവസം നേരത്തേ ഗ്യാസ് സ്റ്റേഷൻ അടച്ചാൽ എന്താ കുഴപ്പം . കുറച്ചു നേരത്തേ അടച്ചിട്ടു പോരാമായിരുന്നില്ലേ?
- ഗ്രോസറി മേടിക്കാം എന്നു പറഞ്ഞിരുന്നതല്ലേ?
പത്തുമണി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി എത്ര കസ്റ്റമേഴ്സു വരും.
ജോയിക്ക് അരിശം തിളച്ചുവന്നു.
- നിനക്കുതന്നെ പോയി ഗ്രോസറി മേടിച്ചാലെന്താ സാലീ. ഇനി അതിനും ഞാൻ കൂട്ടുവരണോ !

കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയും കളിതുടരുന്നു ....
           ......      .......     .......
ജോയി നീണ്ടുനിവർന്നു കിടന്നു. അയാളുടെ കണ്ണുകൾ പുളിക്കുന്നുണ്ടായിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയാണ് ഏറിയൻ ജോലി ഉപേക്ഷിച്ചു പോയത്. ഗ്യാസ് സ്റ്റേഷനിലെ ജോലി അത്രയ്ക്കു ശ്രേഷ്ഠമല്ല. മിനിമം വേജിൽ കൂടിയ ആനുകൂല്യങ്ങളൊന്നും ഇല്ല. പിന്നെ അതികാലത്തെ തുടങ്ങുന്ന ഷിഫ്റ്റുകളും പാതിരാത്രിവരെ പോകുന്ന ഷിഫ്റ്റുകളും തണുപ്പത്ത് പുറത്തിറങ്ങി പണിയേണ്ടി വരുന്നതും എല്ലാമായി തീരെ ആകർഷകമല്ല ആ ജോലി. മറ്റു ജോലികളൊന്നും കിട്ടാത്തവരും വിദ്യാഭ്യാസം കുറവായവരുമാണ് ഗ്യാസ് സ്റ്റേഷനിൽ ജോലിക്കു വരുന്നത്. മറ്റേതെങ്കിലും മെച്ചപ്പെട്ട ജോലി കിട്ടുമ്പോൾ പൊയ്ക്കളയുകയും ചെയ്യും. ഫാക്ടറിയിലെ താഴ്ന്ന ജോലിയാണെങ്കിലും തണുപ്പത്തു പുറത്തു പണിയേണ്ട എന്നതുതന്നെ
വിലപ്പെട്ട കാര്യമാകും.
ഏറിയൻ ഒരു ദിവസത്തെ ഷിഫ്റ്റിനു വന്നില്ല. വിളിച്ചപ്പോൾ അവൻ ജോലിക്കു പോയിരിക്കുകയാണെന്ന് അവന്റെ അമ്മ പറഞ്ഞു. എവിടെയാണു പോയിരിക്കുന്നതെന്നോ എന്ത് ജോലിയാണ് അവൻ ചെയ്യുന്നതെന്നോ അവർക്ക് അറിഞ്ഞുകൂടായിരുന്നു. ഗ്യാസ് സ്റ്റേഷനിൽനിന്നും ആൻഡി വിളിച്ചു പറഞ്ഞയുടനെ ജോയി പുറപ്പെട്ടു. അത് രാവിലെ ആറു മണിക്കായിരുന്നു. അർധരാത്രി ഗ്യാസ് സ്റ്റേഷനും അടച്ചിട്ടാണ് ജോയി വന്നത്. ഉച്ചയ്ക്കത്തെ ഹാംബർഗറും ഫ്രഞ്ചു ഫ്രൈയും അയാളെ തീരെ തൃപ്തിപ്പെടുത്തിയിരുന്നില്ല.
വീട്ടിൽ വന്നു കുളിച്ചിട്ട് അയാൾ ചോറുണ്ണാനിരുന്നു . സാലി വീട്ടിലുള്ളപ്പോൾ അയാൾക്ക് ചോറും കറികളും ചൂടോടെ മേശപ്പുറത്തു കിട്ടും. അല്ലെങ്കിൽ ഫ്രിഡ്ജിൽനിന്നും തനിയെ എടുത്തു ചൂടാക്കി കഴിക്കണം. കഠിനാധ്വാനം അയാളെ മൂപ്പിച്ചില്ല. എന്നാൽ ശരീരം പരാതിപ്പെട്ടുകൊണ്ടിരുന്നു.
ഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സാലി എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടിരുന്നു.
- ഏറിയൻ എന്താണു വരാതിരുന്നത്.
- അവനു കുടിശ്ശികയുള്ള ശമ്പളം കൊടുക്കരുത്.
- എന്താണ് ഇടയ്ക്കു വിളിയ്ക്കാതിരുന്നത്.
- ഒരു ദിവസം നേരത്തേ ഗ്യാസ് സ്റ്റേഷൻ അടച്ചാൽ എന്താ കുഴപ്പം . കുറച്ചു നേരത്തേ അടച്ചിട്ടു പോരാമായിരുന്നില്ലേ?
- ഗ്രോസറി മേടിക്കാം എന്നു പറഞ്ഞിരുന്നതല്ലേ?
പത്തുമണി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി എത്ര കസ്റ്റമേഴ്സു വരും.
ജോയിക്ക് അരിശം തിളച്ചുവന്നു.
- നിനക്കുതന്നെ പോയി ഗ്രോസറി മേടിച്ചാലെന്താ സാലീ. ഇനി അതിനും ഞാൻ കൂട്ടുവരണോ !
ഈ നാട്ടിലെ നിയമങ്ങളൊക്കെ സാലിക്കും അറിയാവുന്നതല്ല ? വരികയോ വരാതിരിക്കുകയോ ജോലിക്കാരന്റെ ഇഷ്ടം, പക്ഷേ ജോലി ചെയ്തിട്ടുള്ള സമയത്തെ ശമ്പളം കൊടുക്കുക എന്നത് ഉടമയുടെ കടമയാണ്. തെറ്റിക്കാൻ പാടില്ലാത്ത നിയമം. ജോയിക്കു വല്ലാത്ത മടുപ്പു  തോന്നി.കാലത്തു മുതൽ രാത്രി വരെ പണി ചെയ്തു വന്നതാണ്. വീട്ടിലെത്തിയാലും ഒന്നിരിക്കാൻ നേരം കിട്ടില്ല. സാലിക്കു പരാതിയേ ഉള്ളു. കിടക്കാൻ വന്നപ്പോഴും സാലി വർത്തമാനത്തിന്റെ കെട്ടഴിച്ചു.
- ഷാരന് കണക്കിനു ഫുൾ മാർക്കുണ്ട്. 100 പെർസെന്റ്.
ജോയി ഉറങ്ങിയ മട്ടിൽ കിടന്നു. ഷാരന് നല്ല മാർക്കു കിട്ടുന്നതു വാർത്തയല്ല. അവൾ പഠിക്കാൻ മിടുക്കിയാണ്. അയാൾക്കതിൽ സന്തോഷമുണ്ട്. എന്നാലും 18 മണിക്കൂർ നേരത്തെ തലവേദന പിടിച്ച പണികഴിഞ്ഞു വന്ന ജോയിക്ക് ഉറങ്ങണം എന്നുമാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഇനി ഒരാളെ എത്രയും പെട്ടെന്ന് ജോലിക്ക് എടുക്കണമല്ലോ എന്ന വേവലാതിയും . അതു പാപമാണോ ?
പണം സൂക്ഷിച്ചു ചെലവാക്കാൻ സാലിക്കും മക്കൾക്കും അറിയില്ലെന്ന് ജോയിക്കു തോന്നും. ആദ്യം കയറുന്ന കടയിൽനിന്നും ഏറ്റവും വിലകൂടിയ സാധനം വാങ്ങണമെന്ന വാശിയുള്ളതുപോലെയാണ് ഭാര്യയുടെയും മക്കളുടെയും പെരുമാറ്റം എന്ന് അയാൾ പരാതിപ്പെടും. അതിനടുത്ത കടയിൽ എന്താണു വില എന്നന്വേഷിക്കില്ല. പണത്തിന്റെ വില ആ വീട്ടിൽ അയാൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് ജോയിക്കു തോന്നാറുണ്ട്. ട്യൂഷൻഫീസുകൊണ്ട് ജീവിച്ച പഴയ കാലം ജോയി മറക്കില്ല. അന്നും ജോയി ആരോടും പരാതി പറഞ്ഞില്ല. ഉള്ളതുകൊണ്ട് ജീവിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
വില കൂടിയ ഷർട്ടുകളും പാന്റും ഇല്ലാത്തതിൽ ജോയിക്കു വിഷമം തോന്നിയിട്ടില്ല. എന്നാൽ പണം ഇല്ലാതെയാവുമ്പോൾ ജോയിക്കു പരിഭ്രമം തുടങ്ങുമായിരുന്നു. അയാൾക്ക് ആരോടും കടം ചോദിയ്ക്കുന്നത് ഇഷ്ടമല്ല. എങ്ങനെ വീട്ടും എന്ന ചിന്ത വല്ലാതെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് പഠിച്ചു കൊണ്ടിരുന്ന സമയത്ത് ജോയി ആവശ്യങ്ങൾ ചുരുക്കി. കിട്ടിയ പണികളൊക്കെ ചെയ്തു. ട്യൂഷനുപുറത്ത് പത്രവിതരണം, വീടുമാറുന്നതിനു സഹായം, സാധനമെടുക്കാൻ ദേവസിച്ചേട്ടന്റെ കൂടെ ഗോഡൗണിൽ പോവുക തുടങ്ങിയ പണികളൊക്കെ ചെയ്തു. ദേവസിച്ചേട്ടൻ ഗോഡൗണിനടുത്തുള്ള ഹോട്ടലിൽ നിന്നും വിസ്തരിച്ച് ഭക്ഷണം കഴിക്കും. ജോയി അപ്പോൾ അയാളോട് ഭക്ഷണത്തിനുള്ള പണം വാങ്ങി പുറത്തു പോകും.
- എനിക്ക് അവിടെയുള്ള കടയിൽ പോയി കോളജിലേക്ക് ആവശ്യമുള്ള പുസ്തകം ഉണ്ടോന്നു നോക്കണം.
- എന്റെ ഒരു കൂട്ടുകാരൻ ഇവിടെ താമസമുണ്ട്. ദേവസിച്ചേട്ടൻ കഴിച്ചു കഴിയുമ്പോഴേക്കു ഞാനും അവനെക്കൂട്ടി കാപ്പി കുടിച്ചിട്ടു വരാം.
ദേവസി ഊണിനുള്ള പണം കൊടുക്കും. ദേവസി കാണില്ലെന്ന് ഉറപ്പുള്ള ദൂരത്തെത്തിയാൽ ജോയി ഏതെങ്കിലും ചായക്കടയിൽനിന്നും ചായ കുടിക്കും. തിരികെ വീട്ടിലെത്തുന്നതുവരെ അതു മതിയാവും അയാൾക്ക്. പോക്കറ്റിൽ ചെലവാകാതെ കിടക്കുന്ന നോട്ട് അയാളുടെ വിശപ്പ് ഒപ്പിയെടുക്കും.
ആദ്യമൊക്കെ ജോയി കിട്ടിയ പണം അതേപടി അമ്മച്ചിയെ ഏൽപ്പിച്ചിരുന്നു. പണം വേഗം തീർന്നുപോകുന്നത് ജോയി അറിഞ്ഞു. ജിമ്മി ചോദിച്ചാലുടൻ പണമുണ്ടെങ്കിൽ അമ്മച്ചി കൊടുക്കും. എന്തിനാണെന്ന് രണ്ടു പ്രാവശ്യം ചോദിക്കില്ല. അതപോലെ വീട്ടിൽ കയറിവരുന്ന ആർക്കും. വിറകു കീറിയിടുന്നതിന് കുഞ്ഞപ്പന് . ഒന്നു കാത്താൽ ജോയിക്കു ചെയ്യാവുന്ന പണിയാണത്.
ജിമ്മിക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ജോയി പട്ടണത്തിൽനിന്നും കുറഞ്ഞ വിലയ്ക്കു വാങ്ങിക്കൊടുത്തു. നാലുവരയിട്ട പുസ്തകത്തിനു പതിനഞ്ചു പൈസ കൂടുതലാണ് ദേവസിച്ചേട്ടന്റെ കടയിൽ. അതു പറഞ്ഞാൽ അവനു മനസ്സിലാവില്ല. ജിമ്മി ആവശ്യമുള്ള സാധനങ്ങൾ ജോയിയോടു പറയും. ജോയി പുറത്തുപോയി വരുമ്പോൾ വാങ്ങിക്കൊണ്ടുവരും.
ജിമ്മി അധികച്ചെലവുകാരനാണ്. അവൻ പെൻസിൽ കളയും, പേനയുടെ നിബ്ബ് ഒടിക്കും. ഒരു കുപ്പി മഷി വേഗം തീർത്തു കളയും. ഇടയ്ക്ക് ജോയി വഴക്കുപറഞ്ഞാൽ അമ്മയും അവന്റെ വശംപിടിക്കും.,
- പോട്ടെടാ അവൻ കൊച്ചല്യോ?
പന്ത്രണ്ടു വയസ്സുള്ള ജോയി കൊച്ചായിരുന്നെന്ന് ആരും വിചാരിച്ചിട്ടില്ല. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നത് , അമ്മച്ചിയുടെ മരുന്നിന്റെ കണക്കുകൾ - എല്ലാം ജോയിക്ക് അന്നേ അറിയുമായിരുന്നു. പിന്നെ അരി ,മണ്ണെണ്ണ, പച്ചക്കറി അങ്ങനെ വീട്ടാവശ്യങ്ങൾ എല്ലാം. എന്തിനെങ്കിലും പണം ആവശ്യമുണ്ടെങ്കിൽ അമ്മച്ചിയോ ജിമ്മിയോ ജോയിയോടു ചോദിക്കും.
                           തുടരും.
പാമ്പും കോണിയും - നിർമ്മല - നോവൽ -31പാമ്പും കോണിയും - നിർമ്മല - നോവൽ -31
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക