Image

നിനക്കറിയുമോ പുഴേ (കവിത: രമ പ്രസന്ന പിഷാരടി)

Published on 01 February, 2021
നിനക്കറിയുമോ പുഴേ (കവിത: രമ പ്രസന്ന പിഷാരടി)
നിനക്കറിയുമോ പുഴേ!
പണ്ട് നീയുറക്കിയ
പ്രണയാത്ഭുതത്തിൻ്റെ
ചെമ്പനീർപ്പൂക്കാലത്തെ.
ആറ്റുവഞ്ചികൾക്കുള്ളിൽ -
ഗ്രാമമായൊരു സ്മൃതി
ആമ്പൽപ്പൂക്കാറ്റായ് തൊടും
മഴത്തുള്ളികൾക്കുള്ളിൽ
നീലിച്ച കാർമേഘങ്ങൾ
നിന്നെ വന്നാശ്ലേഷിച്ചു;
നീ തിമിർത്താടി കണ്ണിൽ-
ഇരുൾപ്പൂക്കളെ ചൂടി.
നീയന്ന് ചുംബിച്ചുവോ
പ്രണയകാന്തത്തിൻ്റെ
ഭൂമിയെ സ്പർശിച്ചൊരു
ഹൃദയസ്പ്ന്ദങ്ങളെ!
ഓളങ്ങൾ താരാട്ടേകി
നീർക്കയത്തിലായ് നീയും
പ്രാണനെ മെല്ലെ പാട്ട്
പാടിയന്നുറക്കിയോ?
മണ്ണിൻ്റെ ഗന്ധത്തിൻ്റെ-
തളിർ നുള്ളുവാൻ വന്ന
ഞങ്ങളോ മിഴിയ്ക്കുള്ളിൽ
കടലുപ്പാഴം കണ്ടു.
നിനക്കറിയുമോ പുഴേ!
പ്രാക്തനസ്വരങ്ങളാൽ
യാത്രയാക്കാനായ് വന്ന
മഴയെ, വിലാപത്തെ!
നഗരത്തിരക്കിലെ
സ്ക്കൂളിൻ്റെ അരങ്ങിലായ്
ഒരുനാൾ വന്നൂ, കണ്ടേ
ഞാനുമാ പ്രേമത്തിനെ!
അരികിലിരുന്ന് ഞാൻ
പറഞ്ഞു നോക്കൂ, ഞാനീ-
പ്രണയം പകർത്തിയ
പുസ്തകം കണ്ടേ പോകൂ.
കണ്ണിലായ് നിലാവിൻ്റെ
ചെമ്പകം പൂവിട്ടുവോ?
സ്വർണ്ണവർണ്ണത്തിൽ
അരയന്നങ്ങൾ പറന്നുവോ?
മൂവന്തി കവിൾ തൊട്ട-
ചോപ്പിൽ നിന്നുണർന്നുവോ
ആയിരം നക്ഷത്രങ്ങൾ,
ആകാശസഞ്ചാരികൾ.
പുഴേ! നീയെന്തേയിതേ
പോലെയീ പ്രണയത്തിൻ
പ്രകാശദീപങ്ങളെ
കെടുത്തിക്കളഞ്ഞത്?
കെടുത്തിക്കളഞ്ഞെന്ന്
ഞങ്ങൾക്ക് തോന്നുമ്പോഴും
തിളങ്ങുന്നതെന്ന് നീ
ഇന്നുമേ ചൊല്ലുന്നുവോ?
തൊടുമ്പോൾ കുളിരുന്ന
മണ്ണിത് സ്നേഹത്തിൻ്റെ
പതിഞ്ഞ കാലൊച്ചകൾ,
ചെമ്പനീർപ്പൂസ്പർശങ്ങൾ
ഓർമ്മയിലൊരു സൂര്യ-
കിരണം ത്രിസന്ധ്യയെ
ഓമനിക്കുന്നു, കൈയി-
ലെടുത്ത് ലാളിക്കുന്നു
ഓർമ്മയുണ്ടാകാം
പുഴേ, മഴതന്നശ്രദ്ധയിൽ
സാഗരം കവർന്നതാം
നിൻ്റെയാ സംഗീതത്തെ
സ്വർണ്ണചെമ്പകത്തിൻ്റെ
ഗന്ധത്തിലിന്നും ഒരു
ഗന്ധർവ്വസ്മൃതി പോലെ
പ്രണയം തുടുക്കവേ!
കൺകളിൽ നക്ഷത്രങ്ങൾ
ഉറങ്ങാതിരിക്കും പോൽ
നിലാവിൽ മഴത്തുള്ളി
പൊഴിഞ്ഞ് തിളങ്ങും പോൽ.
=====================================
(മൊയ്തീൻ്റെ പ്രിയപ്പെട്ട കാഞ്ചനമാല ബാംഗ്ളൂരിലെ കൈരളി സ്കൂളിൽ വന്നപ്പോൾ എൻ്റെ കവിതാസമാഹാരമായ സൂര്യകാന്തത്തിൽ മൊയ്തീനും കാഞ്ചനമാലയ്ക്കും വേണ്ടി എഴുതിയ 'ഇരുവഴിഞ്ഞിപ്പുഴയോരത്ത്' എന്ന കവിതയെപ്പറ്റി പറയുകയുണ്ടായി. പ്രണയത്തിൻ്റെ രാജകുമാരി അത് വായിക്കുകയും ചെയ്തു. കവിത വായിക്കുമ്പോൾ ആ മുഖത്തുണ്ടായ സന്തോഷവും, സ്നേഹവും മനസ്സിൽ കണ്ടെഴുതിയതാണ് ഈ കവിത. )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക