Image

ദേശാടനം ( കവിത: ചന്ദ്രതാര)

Published on 01 February, 2021
ദേശാടനം ( കവിത: ചന്ദ്രതാര)
ഡിയോ ഡെൺ ഡ്രോൺ മരങ്ങൾ
കിഴക്കൻ കുന്നുകളോടു
ചേർന്നു നില്ക്കുന്നതു പോലെ
നിൻ്റെ കൈകൾ
എന്നോടു ചേർത്തു വയ്ക്കൂ...
സ്നേഹമാണെന്നു പറയൂ..
ചില്ലകളും നാമ്പുകളും ചേർത്തു
ഞാൻ നിന്നെ
പുണരാം ...

ഉതിരുന്ന കതിർമണികൾ
മണ്ണിനെ
പുളകം കൊള്ളിക്കട്ടെ...
എന്നിട്ടെനിക്ക്
മഴക്കാടുപോലെ
പൂക്കണം.

വിരൽത്തുമ്പിൽ
വിരൽത്തുമ്പിൽ മാത്രം
നീയെന്നെ
ചുംബിക്കണം.
ജന്മാന്തരങ്ങളോളം
ആയുസ്സുള്ള
ദാഹനീരാണത്.

സ്നേഹിക്കുന്നുവെന്നു പറയൂ...
മറ്റൊരു വാക്കിനും
ഇന്നെൻ്റെ
ഹൃദയത്തിൽ സ്ഥാനമില്ല.

നമുക്കു പോകാം
ദേശാടനപ്പക്ഷികളെന്ന പോലെ
വടക്കൻ
മലനിരകളിലേക്കു
സഞ്ചരിക്കാം...
പൊഴിയുന്ന നീർമണികളെല്ലാം
കൂടയിൽ
ഒളിപ്പിക്കാം...

വഴിയിൽ വച്ച്
മഴനീർ മേഘങ്ങളെപ്പോലെ
കണ്ണാരം പൊത്തി
കളിക്കാൻ ശ്രമിക്കരുത് .....
അച്ചു കുത്തുന്നതിനു
മുൻപ്
എന്നെ തൊടരുത്.
കാൾഗേളിനെയെന്ന പോലെ
എന്നെ നഗ്നയാക്കരുത്.
വസ്ത്രത്തിനിടയിൽ
കൂലി തിരുകി വച്ച്
നീ
യാത്രയാകരുത് ...

വരൂ
നമുക്കാ
വടക്കൻ മലനിരകളിലേക്കു പോകാം
മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന
ഓർമ്മകളായി
അസ്തമിക്കാം.
---------------------------
വര -ദീപ്തി ജയൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക