Image

പുലരിക്കാഴ്ച്ചകൾ - രമണി അമ്മാൾ

Published on 08 February, 2021
പുലരിക്കാഴ്ച്ചകൾ - രമണി അമ്മാൾ
അതിരാവിലെ  നടക്കാനിറങ്ങും..
ഒരു മുക്കാൽ മണിക്കൂർ.  വീട്ടിൽ നിന്ന് പളളിയങ്കണം വരെ..
വർഷങ്ങമളായിട്ടു തുടർന്നുപോരുന്നതാണ്...
എങ്ങാനുമൊരു  മുടക്കം വന്നാലോ..., എന്തോ, എവിടെയോ, മറന്നുവച്ചതു
പോലെയാണ്..
ഒരു തപ്പൽ, ഒരു ഉശിരില്ലായ്മ..

       നാലു മാളോരേം കണ്ട്, ഒപ്പം നടക്കുന്നവരുമായി
കളിയും കാര്യങ്ങളും പറഞ്ഞുകൊണ്ട്, അലസമായ നടത്തം.. 
വിഷയ ദാരിദ്ര്യമെന്നൊന്ന്
ഞങ്ങൾക്കിടയിലില്ല. 
തുടങ്ങിവയ്ക്കുന്ന വിഷയങ്ങൾ മുഴുവനാക്കും മുൻപ്,  തിരികെ,  വീടിന്റെ മുകളിലത്തെ റോഡിൽ എത്തിയിരിക്കും....

          ഇത്തിരി ഗ്രാമ വിശുദ്ധിതൻ നടുവിലേക്കിറങ്ങിച്ചെ
ന്നുളള  ദിവസത്തിന്റെ തുടക്കം...
മഞ്ഞിന്റെ നേർത്ത മൂടുപടം അഴിഞ്ഞുവീഴാൻ തുടങ്ങുന്നേയുണ്ടാവൂ..
ഉദയത്തിന്റ ചുവപ്പുരാശി മലമുകളിലേക്ക് പടരുവാൻ
ഇനിയും സമയമെടുക്കും..
പുൽക്കൊടിത്തുമ്പിലെ  മഞ്ഞിൻകണം 
താഴെ വീണലിയാനും.. 

നിലവിലുണ്ടായിരുന്ന റോഡ് പുതുക്കിപ്പണിയുന്ന
ജോലി നടക്കുന്നതേയുളളു. 
പണി തുടങ്ങീട്ടു മാസങ്ങളായിട്ടുണ്ട്.. ..
പണി, ഇഴഞ്ഞാണു നീങ്ങുന്നതെന്നു പറയാനും കഴിയില്ല.. 
പാലത്തിന്റെ പണി തീരാൻ സമയമെടുത്തു..
കോടൂരാറ്റിന്റ കൈവഴിയായ വീതിയും
ആഴവുമുളള തോടാണ് പാലത്തിനടിയിലൂടെ ഒഴുകുന്നത്.. 
ആഫ്രിക്കൻ പായലും മറ്റു മാലിന്യങ്ങളുമെല്ലാം  ക്രെയിനുപയോഗിച്ചു 
നീക്കംചെയ്തു കഴിഞ്ഞു..
സ്വച്ഛമായി ഒഴുകാൻ
തുടങ്ങിയ തോടിപ്പോൾ നേരെ കോടൂരാറ്റിലേക്കു വെച്ചുപിടിക്കുകയാണ്..

വർഷങ്ങളായിട്ടു കൃഷിയൊന്നും ചെയ്യാതെ
കിടക്കുന്ന 
വയലിന്റെ നടുവിലൂടെയുളള,
മണ്ണിട്ട് ഉർത്തിയുണ്ടാക്കിയ റോഡിന്റെ പ്രയാണം....സ്വസ്ഥമായി മെയിൻ റോഡിലേക്കെത്തിച്ചേരുവാൻ പോകുന്നു..
താഴേക്കിറങ്ങിച്ചെന്ന്
ഒടിച്ചെടുക്കാൻ
പാകത്തിന്,
കണ്ണെത്താദൂരംവരെ
നിരന്നു നിരന്നു വിരിഞ്ഞു നിൽക്കുകയാണ് ചുവന്ന ആമ്പൽപ്പൂവുകൾ.
കാണാനെന്തൊരു ഭംഗിയാണെന്നോ..?
കവി പാടിയപോലെ, "ആരാകിലെന്ത്..
മിഴിയുളളവർ" നിന്നുപോകുമെന്നുറപ്പ്.. 

       തലേന്നു രാത്രിയിൽ തോട്ടിലെ നീരൊഴുക്കിൽ തിരുകിവച്ച ഒറ്റാലുകൾ, അതുകൊണ്ടുവച്ചവർ 
നേരംവെളുക്കുമ്പോൾത്തന്നെ വന്നെടുക്കും..
ഒരു മഴയെങ്ങാനും രാത്രിയിൽ പെയ്തിട്ടുണ്ടെങ്കിൽ
ഒറ്റാലു നിറയെ മീനുണ്ടാവും..
കാരിയും, കൂരിയും ആരലും, വരാലും, തുടങ്ങി പലയിനം മീനുകൾ..  
ജീവനുളള മീനുകൾ 
ബക്കറ്റിൽക്കിടന്നു വലിയ പുഴുക്കളേപോലെ അങ്ങോട്ടുമിങ്ങോട്ടും വട്ടത്തിൽ  ഇളകി മറിയും..  
വിഷം കലരാത്ത മീനുകളല്ലേ....
അപ്പോൾത്തന്നെ ആരെങ്കിലുമൊക്കെ വന്നു വാങ്ങുകയും ചെയ്യും..
പതിവുകാഴ്ച്ചകളാണിതൊക്കെയെങ്കിലും മടുപ്പുളവാകുന്നില്ല.. 

ആമ്പലുകൾക്കിടയിലൂടെ
ഇടയ്ക്കും പിഴയ്ക്കും വന്നെത്തിനോക്കുന്ന
താമരക്കോഴികൾ..
വെളളത്തിൽ ഊളിയിട്ടുകഴിഞ്ഞാൽ ഒത്തിരി ദൂരത്തുചെന്നു പൊന്തുന്ന നീർക്കാക്കകൾ. പേരൊന്നുമറിയാത്ത അതുവരെ കാണാത്ത വേറേതരം
പക്ഷികളുമുണ്ടാവും..

കഴിഞ്ഞയാഴ്ച്ചയിലൊരു
ദിവസം, 
ഞങ്ങൾക്കെതിരേ  
നടന്നുവരുകയായിരുന്ന മെമ്പർ ലോഹ്യം പറഞ്ഞ കൂട്ടത്തിൽ പറഞ്ഞിരുന്നു,
"ഈ ചതുപ്പുനിലത്ത്‌  
നെൽക്കൃഷി നടത്താൻ
പഞ്ചായത്തിൽ
തീരുമാനമായെന്ന്..

     തീരുമാനങ്ങൾ ഇത്രയും പെട്ടെന്നു നടപ്പാകുകയോ..!
എത്രവേഗമാണ്
വയലാകെ ഇളകിമറിഞ്ഞുകഴിഞ്ഞത്.. മാനം നോക്കിനിന്ന ആമ്പലുകളെല്ലാം തലകുത്തിവീണ് ചെളിയിൽ പുതഞ്ഞു കഴിഞ്ഞു.. ഇനിയൊരു ആമ്പൽപ്പൂവിനെ ഇവിടെങ്ങാൻ കാണാൻകിട്ടുമോ..!
താമരക്കോഴിയും,   നീർക്കാക്കയുമൊക്കെ എങ്ങോട്ടോ പോയിട്ടുണ്ടാവും..
ലോകത്തുളള 
സകലമാന കൊറ്റികളും സ്ഥലത്തെത്തിയിട്ടുണ്ടെന്നാ തോന്നുന്നത്....
ഇളകിമറിഞ്ഞു
കുഴഞ്ഞ മണ്ണിൽ നിറയെ 
വെളുത്ത പെരും കൂണുകൾ...!
ഒടുക്കത്തെ ഞാഞ്ഞൂലിനെയും  കൊത്തിവിഴുങ്ങിക്കഴി
യുമ്പോൾ
കൊറ്റികളും  മടങ്ങും..
         ചതുപ്പുനിലം പച്ചപ്പു വിരിയിട്ട പാടമാകും . കറ്റൊന്നു വീശുമ്പോൾ
ഓളങ്ങളിളകുമ്പോലെ
ഒഴുകിയൊഴുകിയൊരു പോക്കുണ്ടാ പച്ചപ്പിന്....
നാളുകൾ കഴിഞ്ഞ്
കതിർക്കുലകൾ  വെയിലിനോടൊപ്പം 
നിറഞ്ഞു  ചിരിക്കുന്നതു കാണാം..
കതിരുകൊയ്തെടുക്കാൻ കിളികളും.. കിളികളെ  തുരത്തിയോടിക്കാൻ കാവലാളുകളും..
ഈ  ഗ്രാമ വിശുദ്ധിയുടെ ഇനിയങ്ങോട്ടുള്ള പുലരികളിലും നടപ്പു തുടരാം... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക