Image

ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ് എന്‍.ഡി.എ

സിൽജി ജെ ടോം Published on 01 March, 2021
ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ്  എന്‍.ഡി.എ
സംസ്ഥാനത്ത്  നിയമസഭാ തിരഞ്ഞെടുപ്പിന്   കാഹളം മുഴങ്ങിക്കഴിഞ്ഞു, പ്രതീക്ഷിച്ചതിലും അല്പം നേരത്തെ തിരഞ്ഞെടുപ്പ് എത്തിയതിൽ രാഷ്ട്രീയ കക്ഷികളെല്ലാം ചെറിയ അമ്പരപ്പിലാണ് . 

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ  824 മണ്ഡലങ്ങളിലായി 18 കോടിയിലേറെ വോട്ടർമാരാണ് ഈ  തിരഞ്ഞെടുപ്പ് വേളയിൽ  വോട്ടവകാശം വിനിയോഗിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഒറ്റ ഘട്ടമായും അസമിൽ മൂന്ന് ഘട്ടമായും  ബംഗാളിൽ എട്ടു ഘട്ടമായുമാണ് വോട്ടെടുപ്പ് . കേരളം ഉൾപ്പെടെ ഏപ്രിൽ ആദ്യവാരം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഫലമറിയാൻ ഒരു മാസത്തോളം  കാത്തിരിക്കേണ്ടി വരും . മേയ് രണ്ടിനാണ് വോട്ടെണ്ണൽ. 

തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കേരളത്തിലെ മൂന്നു മുന്നണികളും ഇതിനകം തന്നെ നാടാകെ പ്രചാരണയാത്രകൾ സാംഘടിപ്പിച്ചു കഴിഞ്ഞു. ബി ജെ പി യുടെ നേതൃത്വത്തിലുള്ള യാത്ര ഇപ്പോഴും അവസാനിച്ചിട്ടില്ല . 

പത്രിക സമർപ്പണവും തുടർ  നടപടിക്രമങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ ഇക്കുറി  രണ്ടാഴ്ച സമയം മാത്രമാണ്  പ്രചാരണത്തിന്  ലഭിക്കുക . 

മുമ്പൊരിക്കലുമില്ലാത്ത വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിനാണ് കേരളം ഇക്കുറി വേദിയാകുന്നത് . സംസ്ഥാന സർക്കാർ ആഴകടൽ മൽസ്യബന്ധനവിവാദങ്ങളുടെ ചുഴിയിൽ പെട്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . 

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് 

ഓരോ വട്ടവും മാറി മാറി അധികാരമേറുന്ന മുന്നണികള്‍ എന്ന കേരളത്തിന്റെ കാലങ്ങളായി തുടരുന്ന പതിവിന് ഇക്കുറി  മാറ്റമുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും ജന ക്ഷേമപദ്ധതികളും  നൽകിയ ആത്മവിശ്വാസത്തില്‍ ഭരണതുടര്‍ച്ച മുന്നില്‍ കാണുന്ന  സിപിഎമ്മിനും  മുഖ്യമന്ത്രി പിണറായി വിജയനും ഇതുവരെ പുറത്തുവന്ന  പ്രീ പോൾ സർവ്വേകളൊക്കെയും  ഭരണ തുടർച്ച പ്രവചിക്കുന്നത്  നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല  . 

 ഭരണ തുടര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വോട്ട് ചോദിക്കുമ്പോൾ എൽ ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹം തന്നെയാണ്  . 

എന്നാല്‍ പതിവുപോലെ ഇത്തവണ  ഭരണം മാറി തങ്ങളുടെ ഊഴമെത്തുമെന്ന്  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ കൂടി എത്തിച്ചുള്ള പ്രചാരണ പദ്ധതികളാണ്  കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്.  തദ്ദേശ ഇലക്ഷനിലെ  തിരിച്ചടി മറികടന്ന് കോണ്‍ഗ്രസ് കേരളത്തില്‍ ശക്തമായെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.  ഉമ്മന്‍ ചാണ്ടി നേതൃത്വത്തിൽ സജീവമായതും  ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയും വന്‍ നേട്ടമായെന്ന് പാർട്ടി കരുതുന്നു . ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ സിനിമാ താരങ്ങൾ   കോണ്‍ഗ്രസിനെ പിന്തുണക്കുന്നു എന്നതും ശ്രദ്ധേയമാണ്  . ധർമജനും സലിംകുമാറും ഇടവേള ബാബുവും രമേശ് പിഷാരടിയുമൊക്കെ കോൺഗ്രസിനെ  പിന്തുണക്കുന്നു . 
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ശശി തരൂരും ഒക്കെ  മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യുന്ന പേരുകളിലുണ്ട് . 

ബിജെപിയുടെ തിരഞ്ഞെടുപ്പ്  തന്ത്രങ്ങള്‍ കേരളത്തിലും ജാതി-മത രാഷ്ട്രീയത്തിന്റെ സാധ്യതകളുടെ പരീക്ഷണ വേദിയാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. 

 സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന വട്ട ചർച്ചകളിൽ  മുന്നണികളും പാര്‍ട്ടികളും നിറഞ്ഞ  ആവേശത്തിലാണ്. ആരാവും നമ്മുടെ സ്ഥാനാർത്ഥികൾ  എന്ന് വോട്ടർമാരും  ചർച്ചയിലും ആകാംക്ഷയിലുമാണ്.

ഭരണ തുടർച്ച ലക്ഷ്യമിട്ട് പിണറായി, ആത്മ വിശ്വാസത്തോടെ കോൺഗ്രസ്  

ഭരണത്തിന്റെ തുടക്കം മുതലേ സമാനതകളില്ലാത്ത സംഭവ വികാസങ്ങളെയും   പ്രളയദുരന്തങ്ങളെയും  വിവാദങ്ങളെയുമെല്ലാം  നേരിട്ട് മുന്നേറുന്ന പിണറായി സര്‍ക്കാരിന് തുടർച്ചയായി ഒരു വട്ടം കൂടി ജനം അധികാരം നൽകിയാല്‍ അതൊരു ചരിത്രനേട്ടമാകും. ഭരണ തുടർച്ച ലഭിച്ചാൽ രാജ്യത്തെ ഒരേയൊരു  ചുവപ്പൻ തുരുത്താകും കേരളത്തിലൂടെ ഇടതുപക്ഷത്തിന് നിലനിര്‍ത്താനാകുക. രാജ്യത്ത് നിലവിൽ ഇടത് ഭരണം നിലനില്‍ക്കുന്ന ഒരേയൊരു  സംസ്ഥാനമാണ്  കേരളം.

   അതേസമയം കോൺഗ്രസിനെ ജനം തുണച്ചാൽ ദേശീയതലത്തിൽ തന്നെ പ്രതിസന്ധി നേരിടുന്ന   പാർട്ടിക്കത് വലിയ ആശ്വാസമാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുണയായ 19 സീറ്റുകള്‍ പോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  ലഭിക്കുക എളുപ്പമാവില്ല  എന്ന് കോണ്‍ഗ്രസ്  തിരിച്ചറിഞ്ഞിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രതീക്ഷിച്ചിരിക്കെ  നേരിട്ട തിരിച്ചടി  യു.ഡി.എഫിനെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്‌ .

 അഴിമതിയും ആരോപണങ്ങളും സർക്കാരിനെതിരെ ഏറെ ഉണ്ടായെങ്കിലും കോവിഡ് കാലത്ത് സൗജന്യ കിറ്റും ക്ഷേമപെന്‍ഷനും  സൗജന്യചികിത്സയും  നല്‍കി ജനത്തെ ചേർത്തുനിർത്തിയ എല്‍.ഡി.എഫിനെ ജനം കൈവിടാതിരുന്നത് സ്വാഭാവികം  .

വിവാദങ്ങളിലല്ല, പോക്കറ്റിൽ പൈസ വീഴുന്നതിലാണ് കാര്യമെന്ന ജന മനസ് തിരിച്ചറിഞ്ഞ യു ഡി എഫ്   ആറായിരം രൂപ അക്കൗണ്ടിലിടുമെന്ന്  പറയുന്നുണ്ടെങ്കിലും ജനം അത് എത്രമാത്രം ഗൗരവത്തിലെടുക്കുന്നു  എന്നറിയില്ല .
 
പുതു ആവേശവുമായി ബി ജെ പി 

ബി ജെ പിയാകട്ടെ മുൻപൊന്നുമില്ലാതിരുന്ന ആത്‌മ വിശ്വാസത്തിലാണ് . മെട്രോ മാന്‍  ഇ ശ്രീധരന്‍ ബിജെപിയുടെ പക്ഷത്ത് പുതു ആവേശമാകുന്നു.  ശ്രീധരനാകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 
മുൻകാലങ്ങളിൽ മിക്ക നിയമസഭാ മണ്ഡലത്തിലും അയ്യായിരത്തില്‍ താഴെ വോട്ട് മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നതെങ്കിൽ  പല മണ്ഡലത്തിലും വോട്ട് വിഹിതം ഉയർത്താൻ അവർക്കു സാധിക്കുന്നുണ്ട് . നേമത്ത് കഴിഞ്ഞ തവണ ബിജെപി രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് കൂടി. തദ്ദേശത്തിൽ  പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും വോട്ട് കുറഞ്ഞില്ല.  നിയമസഭാ തെരഞ്ഞെടുപ്പില്‍  വമ്പൻ പ്രതീക്ഷകളില്ലെങ്കിലും ചില പോക്കറ്റുകളിലെങ്കിലും  ചിലതൊക്കെ തങ്ങൾക്ക് സാധിക്കുമെന്ന് ബി.ജെ.പിയും  പ്രതീക്ഷിക്കുന്നു. അതിനായി അവർ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും ആയി എത്തിയ ഏതാനും  മണ്ഡലങ്ങളില്‍ ജയിക്കുക എന്ന ലക്ഷ്യവുമായാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടി  നീങ്ങുന്നത് . ഇത്തവണ ഭരണത്തിലെത്തുകയാണ്  ലക്ഷ്യമെന്നാണ്   ആവര്‍ത്തിക്കുന്നതെങ്കിലും  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി ചിലതൊക്കെ ലക്ഷ്യമിടുന്നുണ്ട് എന്ന് തന്നെ കരുതണം. ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട് കെ സുരേന്ദ്രൻ .

35 , 40 സീറ്റ്  കിട്ടിയാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന്  കെ സുരേന്ദ്രന്‍ പറഞ്ഞത്  രാഷ്ട്രീയ കുതിര കച്ചവടം ലക്ഷ്യമിട്ടു തന്നെയാവണം.  നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്  71 സീറ്റുകൾ  വേണമെന്നിരിക്കെ നാല്‍പത് സീറ്റു കിട്ടിയാലും സര്‍ക്കാര്‍ ഉണ്ടാക്കും എന്നാണ് സുരേന്ദ്രൻ പറയുന്നത്.  ഇവിടെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒക്കെ ഉണ്ടല്ലോ എന്നാന്നായിരുന്നു   ഇതുസംബന്ധിച്ച ചോദ്യത്തിന്  കെ സുരേന്ദ്രന്റെ  മറുപടി . സര്‍ക്കാര്‍ രൂപീകരണത്തിന് മതിയായ  അംഗങ്ങള്‍ ഇല്ലാത്ത ഘട്ടത്തില്‍ എതിര്‍പക്ഷത്ത് നിന്ന് ജനപ്രതിനിധികളെ പണം കൊടുത്ത് വാങ്ങി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന   ബിജെപിയുടെ രീതി രാജ്യത്ത് പലയിടത്തും  കണ്ടതാണല്ലോ .കര്‍ണാടകത്തിലും ഇപ്പോൾ  പുതുച്ചേരിയിലും അത് തന്നെയാണ് സംഭവിച്ചത് .  

ഇത്തരം രാഷ്ട്രീയ കുതിര കച്ചവടങ്ങൾ   രാജ്യത്ത്  കോണ്‍ഗ്രസ്സിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ചെറുതല്ല.  ത്രിപുരയിലും പശ്ചിമ ബംഗാളിലും ഇടതുപാര്‍ട്ടികൾക്കും  പ്രശ്നങ്ങളുണ്ടായി.  പല പാർട്ടികളും കൂറുമാറ്റം ഭയന്ന് എം എൽ എ മാരെ ഒളിപ്പിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്നത് നമ്മുടെ രാജ്യത്തെ സ്ഥിരം സംഭവമായിരിക്കുന്നു.

എന്തായാലും ഇ. ശ്രീധരനും ജേക്കബ് തോമസും സുരേഷ് ഗോപിയുമടക്കം  സ്ഥാനാർഥി ലിസ്റ്റിൽ ഇടം പിടിക്കുമ്പോള്‍  ബി ജെ പി വലിയ ആവേശത്തിൽ തന്നെയാണ് . ഇതിനു പുറമേ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് അടക്കമുള്ളവര്‍ പ്രധാനമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകും. പി.സി ജോര്‍ജ്, പി.സി തോമസ്, ജേക്കബ് തോമസ്, ജോര്‍ജ് കുര്യന്‍ എന്നിങ്ങനെ ക്രിസ്ത്യൻ പക്ഷത്തു നിന്നും  മികച്ചൊരു നിരയെ തങ്ങൾക്കൊപ്പമാക്കാൻ പാർട്ടിക്ക് സാധിച്ചത് ചെറിയ കാര്യമല്ല . അബ്ദുള്ളക്കുട്ടി  മുസ്ലീം മുഖമായി നേതൃനിരയിൽ സജീവമായി രംഗത്തുമുണ്ട് .

അടുത്ത നിയമസഭയില്‍ അഞ്ചു അംഗങ്ങള്‍ എങ്കിലും കുറഞ്ഞത് ബി.ജെ.പിയില്‍ നിന്നു ഉണ്ടായില്ലെങ്കില്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന്  സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കേൾക്കുന്നത് . 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളില്‍ ഇക്കുറി ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്നാണ്  സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത് .

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്ബുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ രണ്ടാമതെത്തിയത്.   ഏറ്റവും ശ്രദ്ധേയ  മത്സരം നടന്ന   മഞ്ചേശ്വരത്ത്   വെറും 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രൻ അന്ന് തോൽവിയറിഞ്ഞത് .
ഒരുവേള പിൻ വാങ്ങിനിന്ന ശേഷം  ശോഭാ സുരേന്ദ്രന്‍ വീണ്ടും പാർട്ടിയില്‍ സജീവമായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍  നില്‍ക്കുമ്പോഴും ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും അത്ര ചേർച്ചയിലല്ല മുന്നോട്ടു നീങ്ങുന്നത് 

ക്രൈസ്തവ വോട്ടുകൾ ഒപ്പം ചേർക്കാൻ  കെ.സുരേന്ദ്രന്‍ നന്നായി  ശ്രമിക്കുന്നുണ്ട്.  യു.പി മാതൃകയില്‍ ലൗ ജിഹാദിന് തടയിടുന്ന നിയമം കൊണ്ടുവരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടു തന്നെയാണ് . ഇതിനിടെയാണ്  ശോഭാ സുരേന്ദ്രന്‍ ബി ജെ പിയിലേക്ക് ലീഗിനെ സ്വാഗതം ചെയ്യുന്നത് . ഇങ്ങനെ രണ്ടുപേരും നിലപാടുകളിൽ വിരുദ്ധ ധ്രുവങ്ങളിലാണ്. 


ശബരിമലയും സഭാപ്രശ്നവും ആരെ  തുണക്കും 

ശബരിമലയിൽ പിഴച്ചതോടെ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പരാജയം രുചിച്ചിരുന്നു  .അന്ന്  ഹൈന്ദവ വോട്ടുകൾ ഇടതിനെ ചതിച്ചപ്പോൾ  ബിജെപിക്ക് ഗുണമാകുകയും ചെയ്തു. യുഡിഎഫിന് വമ്പൻ  വിജയവും  ലഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ പക്ഷെ വിജയം പിണറായിക്കൊപ്പമായിരുന്നു . പാലാ  ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയവും  ഇടതിന് കരുത്ത് പകർന്നു . 

  ശബരിമലയും ഓര്‍ത്തഡോക്‌സ് ,യാക്കാബോയ സഭാ പ്രശ്നവും  കിഫ്ബിയും  ആഴക്കടൽ വിവാദവുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിൽക്കും. സഭാ  പ്രശ്നത്തിൽ ഇരു കൂട്ടരെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ  ഇടതു പക്ഷത്തിനൊപ്പമായിരുന്നു  ഈ വോട്ടുകൾ. നിലവിൽ കാര്യങ്ങൾ  സി പി എമ്മിന് അനുകൂലമല്ല. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട് . ബിജെപിയും സഭാ  വോട്ടുകളിൽ കണ്ണ് വെക്കുന്നു . യുഡിഎഫ്  വോട്ടുകള്‍ ബിജെപി മറിക്കുന്ന സാഹചര്യം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍.  

ശബരിമല കേസുകള്‍ പിന്‍വലിച്ച പിണറായി സര്‍ക്കാര്‍ എന്‍ എസ് എസുമായി അടുക്കാൻ ശ്രമിക്കുന്നുണ്ട് . തിരഞ്ഞെടുപ്പ് അടുത്തതോടെ നവോത്ഥാന നായകനെന്ന നിലയിൽ  മന്നത്തെ കുറിച്ച് ദേശാഭിമാനിയിൽ,  ലേഖനം പ്രസിദ്ധീകരിച്ചത് ഇതിനോട് ചേർത്തുവായിക്കണം . എന്നാൽ  സർക്കാരിന്റെ ഇരട്ടത്താപ്പാണിത് വ്യക്തമാക്കുന്നതെന്നും ആവശ്യമുള‌ളപ്പോള്‍ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സര്‍ക്കാര്‍ അവസരം കിട്ടുന്നിടത്തെല്ലാം അദ്ദേഹത്തെ അവഗണിക്കുകയാണെന്നുമാണ്  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ലേഖനത്തോട് പ്രതികരിച്ചത്  .  മുസ്ലിം വോട്ടുകളിലും  സിപിഎംകണ്ണ് വെക്കുന്നുണ്ട് . 

ജോസ് കെ മാണി ഒപ്പമുള്ളത്  മധ്യകേരളത്തെ തങ്ങൾക്ക് ഒപ്പമാക്കുമെന്ന്  ഇടതുപക്ഷം കരുതുന്നു .  


ആഴക്കടൽ മൽസ്യബന്ധന വിവാദം 

അമേരിക്കൻ കമ്പനിയുമായി ചേർന്നുണ്ടാക്കിയ ആഴക്കടൽ വിവാദം സംസ്ഥാന സർക്കാരിനുണ്ടാക്കിയ  ക്ഷീണം ചില്ലറയല്ല . സർക്കാരിനെ സംശയ മുനയിൽ നിർത്തിയ സ്പ്രിങ്ക്ളറടക്കമുള്ള പദ്ധതികളെക്കാൾ ഗുരുതരമായിരുന്നു ഭരണത്തിന്റെ അവസാന നാളുകളിൽ പുറത്തുവന്ന ആരോപണങ്ങൾ. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയിരുന്ന വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇ എം സി സി  യുമായി ചർച്ച നടത്തിയിട്ടേയില്ലെന്ന മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ മറുപടി തെറ്റെന്ന് തെളിയിക്കപ്പെടാൻ ഒരു ദിവസം പോലും വേണ്ടി വന്നില്ല .ആഴക്കടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ  തീരദേശജനതയുടെ  വോട്ടുകൾ  തങ്ങൾക്ക്  അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ട്.  

പോർവിളി മുഴങ്ങി . അങ്കത്തട്ടിൽ പോരാളികൾ തലങ്ങും വിലങ്ങും പോര്  തുടങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളും നിറഞ്ഞ ആവേശത്തിലാണ് .വിജയം ആർക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം 
ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ്  എന്‍.ഡി.എആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ്  എന്‍.ഡി.എആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ്  എന്‍.ഡി.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക