Image

നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)

Published on 02 March, 2021
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
ഏതാണ്ടൊരു പത്തുവർഷങ്ങൾക്ക് മുൻപാണ്. ഷാർജയിൽ ഉള്ളൊരു പരിചയക്കാരനെ അദ്ദേഹത്തിൻറെ ഒരു ആശുപത്രിആവശ്യത്തിന് പിക്ക് ചെയ്ത്‌ ദുബായിലേക്കുള്ള വരവിലായിരുന്നു.

ആൾ രണ്ടുമൂന്ന് ദശകങ്ങളായി പ്രവാസിയാണ്. ആദ്യം ഡൽഹി, പിന്നെ ഗൾഫ്. വീട് വെച്ചത് ബേംഗ്ലൂരിൽ. നന്നേ ചെറുപ്പത്തിൽ കേരളം വിട്ടതാണ്. അതുകൊണ്ട് തന്നെ അവിടുത്തെ മാറിയ സാമൂഹ്യസാഹചര്യങ്ങളെ കുറിച്ചൊന്നും അത്ര നല്ല ധാരണയില്ല. രാഷ്ട്രീയരംഗത്തെ അടിയൊഴുക്കുകളോ നീർച്ചുഴികളോ ഉൾപ്പിരിവുകളോ ഒന്നും ഗ്രഹിക്കാൻ തക്ക യുക്തിഭദ്രതയില്ലാത്ത അയഞ്ഞ വ്യക്തിത്വം. കാര്യങ്ങളെ കറുപ്പും വെളുപ്പുമായി മാത്രം കാണാൻ കഴിയുന്ന അനേകരിൽ ഒരുവൻ. പക്ഷെ, ദിനവും രാത്രി മലയാളംവാർത്താചാനലുകൾ കാണുന്ന ശീലമുണ്ട്. ആ വാർത്തകളിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെയാണ് നാടുമായുള്ള അകന്ന ബന്ധം ചെറുതായെങ്കിലും നിലനിർത്തുന്നത്.യാത്രയ്ക്കിടയിൽ വണ്ടിയിലെ റേഡിയോയിൽ വാർത്താനേരമായി. പോൾ മുത്തൂറ്റ് വധം സംബന്ധിച്ച വിവാദകാലമാണ്. അന്ന് സിപിഎം സെക്രട്ടറി ആയിരുന്ന പിണറായിയുടെ വാർത്താസമ്മേളനസംബന്ധിയായ ഏതോ ബൈറ്റിലൂടെ അവതാരകൻ കടന്നുപോകുന്നു. ആ ന്യുസ് കഴിഞ്ഞപ്പോൾ പൊടുന്നനെ രോഷത്തോടെ പുള്ളിയുടെ പ്രതികരണം: 'ഈ മനുഷ്യൻ കേരളത്തെ നശിപ്പിച്ചേ അടങ്ങൂ..!!'

എനിക്ക് കൗതുകം കലർന്ന അമ്പരപ്പായി!
കേരളവുമായുള്ള പ്രത്യക്ഷബന്ധങ്ങൾ ഏറെക്കുറെ അറ്റുപോയൊരു മനുഷ്യനാണ് അങ്ങിനെയൊരു ബ്ലണ്ട്ലി സ്റ്റേറ്റ്മെന്റ് പുറപ്പെടുവിക്കുന്നത്. ഏതോ അസുഖകരമായ സ്വാനുഭവത്തിന്റെ തികട്ടലിലെന്നോണം അതിവൈകാരികമായുള്ള പ്രതികരണം!

'എന്തേ അദ്ദേഹത്തെകുറിച്ച് അങ്ങിനെ തോന്നാൻ, എന്തെങ്കിലും ബേഡ് എക്സ്പീരിയൻസ് ഉണ്ടായിരുന്നോ' എന്ന് ഞാൻ ചോദിച്ചു.
  എന്തൊക്കെയാണ് അയാൾ ചെയ്തുകൂട്ടുന്നത് എന്ന് ദിവസവും ചാനലുകളിൽ കാണുന്നതല്ലേ!'

'എന്താണ് അയാൾ ചെയ്യുന്നത്?'

'അടിമുടി അഴിമതിക്കാരനല്ലേ. കോടികളല്ലേ ഉണ്ടാക്കിയത്. കോയമ്പത്തൂരിൽ പുള്ളിക്ക് കണ്ടമാനം പ്രോപ്പർട്ടി ഉള്ളത് എന്റെയൊരു കൊളീഗിനറിയാം. കൊട്ടാരത്തിലല്ലേ താമസം. എന്തൊരു ധിക്കാരമാണ് അയാളുടെ പെരുമാറ്റത്തിന്! എത്ര ചെറുപ്പക്കാരെയാണ് ആൾ കൊല്ലിച്ചത്! ഈ പോളിനെ ഇയാളുടെ ടീം തന്നെയാണ് വകവരുത്തിയത് എന്നുറപ്പാണ്. ചാനലുകാർ അത് കണ്ടുപിടിക്കുന്നതിന്റെ വെപ്രാളമാണ് പുള്ളിക്കിപ്പോൾ..!'

നിരനിരയായി ചാർത്തപ്പെട്ട കൊടുംകുറ്റങ്ങളുടെ നീണ്ടുപോകുന്ന പത്രിക!

'ഇതൊക്കെ അദ്ദേഹത്തെ എതിർക്കുന്നവരുടെ ആരോപണം മാത്രമല്ലേ? നമുക്കാർക്കെങ്കിലും നേരിട്ടറിവുള്ള എന്ത് വസ്തുതയാണ് ഈ പറഞ്ഞതിൽ ഉള്ളത്?'

'ഒന്നുമില്ലാതെ ചാനലുകൾ അയാളെ ഇങ്ങിനെ എതിർക്കുമോ?!'

'മാധ്യമങ്ങൾക്ക് സ്വന്തം താല്പര്യങ്ങൾ ഉണ്ടെന്നുള്ളത് ഇന്ന് രഹസ്യമൊന്നുമല്ലല്ലോ..'

'അതൊക്കെ വെറുതെ. അയാൾ ആള് ശരിയല്ല.. കക്ഷിയെ ടിവിയിൽ കാണുന്നതേ ചതുർത്ഥിയായിത്തുടങ്ങി..!'

ഏതാനും നേരത്തെ സംഭാഷണം കൊണ്ടുതന്നെ,
ആ മനുഷ്യന്റെ കടുംബോധ്യങ്ങളെ തിരുത്തുക എന്നത് ശ്രമകരമായ ദൗത്യമാണെന്ന തിരിച്ചറിവിൽ സംസാരം നിർത്തി.
ഓർക്കുട്ട് കാലത്ത് ഒരു വായനാഗ്രൂപ്പിൽ വെച്ചുള്ള പരിചയക്കാരിയായ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥയാണ്. അക്കാലത്ത് ചില പുതിയ പുസ്തകങ്ങളെ കുറിച്ചൊക്കെയുള്ള സംസാരങ്ങളുമായി ഇടയ്ക്ക് ചാറ്റിൽ കണ്ടുമുട്ടാറുണ്ടായിരുന്നു. എപ്പോഴോ ഒരിക്കൽ സംഭാഷണമദ്ധ്യേ യാദൃശ്ചികം പിണറായി വിജയൻ കടന്നുവന്നു.

'അയാളെ കാണുന്ന നിമിഷം ഞാൻ ചാനല് മാറ്റും..' എന്ന അവരുടെ ഉടൻപ്രതികരണം!

'അതെന്ത്' എന്ന് ഞാൻ.

'ആ മനുഷ്യന്റെ മുഖം കാണുന്നതേ ഭയങ്കര നെഗറ്റിവ് ഫീൽ ആണ്' എന്നവർ! തീണ്ടാപ്പാടകലെ ഭീതിയോടെ നിർത്തപ്പെടേണ്ട വിഷംമുറ്റിയ ഒരിഴജീവിയെ കുറിച്ചെന്ന പോലെ അവർ പിന്നെയും അയാളെ കുറിച്ചെന്തൊക്കെയോ വിശേഷിപ്പിച്ചതോർക്കുന്നു.

പൊള്ളയായ പൊതുബോധങ്ങൾ.. മാരകമായ മുൻവിധികൾ.. ആസൂത്രിതമായ പ്രതീതിനിർമ്മാണങ്ങൾ.. ഇതേക്കുറിച്ചു ലളിതമായി സംസാരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് പതിയെ പിൻവാങ്ങി.

ഒരുകൂട്ടം മാധ്യമങ്ങളും സ്ഥാപിതതാല്പര്യക്കാരുടെ ഒരു കോക്കസും എതിർരാഷ്ട്രീയക്കാരും വ്യക്തിവിദ്വേഷകരും ചേർന്ന് അതിവിദഗ്ധമായി അപനിർമ്മിച്ചെടുത്ത ആ വില്ലൻമുഖം എത്രയാഴത്തിലാണ് ആളുകളിൽ പതിഞ്ഞുപോയത് എന്ന ചിന്ത സ്വാസ്ഥ്യം കെടുത്തുന്നതായിരുന്നു.

പക്ഷെ, വളഞ്ഞുനിന്നു വെട്ടിനുറുക്കുന്നവർക്കിടയിൽ നിവർന്നുനിന്നുകൊണ്ട് അപ്രിയസത്യങ്ങൾ പറഞ്ഞുനീങ്ങുന്ന ‌ആ മനുഷ്യന്റെ കൂസലില്ലായ്മ അപാരമായിരുന്നു. ഇമേജ് നിർമ്മാണ സിണ്ടിക്കേറ്റുകളുടെ പുറം ചൊറിയാൻ മിനക്കെടാതെതന്നെ കാര്യമാത്രപ്രസക്തമായ ചിന്തകൾ പങ്കുവെച്ചുകൊണ്ട് മലയാളിയുടെ ദൈനംദിനവ്യവഹാരങ്ങളെ അയാൾ തനിക്കുചുറ്റും ഭ്രമണം ചെയ്യിച്ചു.

അവിടുന്നിങ്ങോട്ട് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ഒരു നിർണ്ണായകനേരത്ത് കേരളത്തെ സ്ഥൈര്യത്തോടെ നയിക്കാനുള്ള നിയോഗം വരെയുള്ളത് ചരിത്രം. പഴയ പൊതുബോധം തിന്ന് പൂണ്ടുവിളഞ്ഞ കൂട്ടരിൽ മിക്കവരും, പ്രതിസന്ധികളെ ഉൾക്കാഴ്ചയോടെ അതിജീവിക്കാനുള്ള അയാളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഗുണഫലം തൊട്ടറിഞ്ഞു.

അലാറം വെച്ച് ആറു മണിക്കുള്ള വാർത്താസമ്മേളനം കേൾക്കുന്ന ദിനചര്യയുള്ള കോവിഡിന്റെ ആദ്യപാദം.
ചീഫ് മിനിസ്റ്റേഴ്‌സ് ഫേസ്‌ബുക്ക് പേജ് ലൈവിൽ ഒരുമണിക്കൂർ മുഖ്യമന്ത്രിയെ സസൂക്ഷ്മം സാകൂതം കേൾക്കുന്ന ലോകമലയാളിസമൂഹം.

നമ്മളുടെ കൂടെ ഭൂമിയുടെ പലകോണിൽ നിന്ന് ആ ലൈവ് കാണുന്ന ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ 'xxxxxx is watching with you’ എന്ന് ഫേസ്‌ബുക്ക് കാട്ടിത്തരുന്നു. അതിൽ മിക്കവാറും ദിവസങ്ങളിൽ വന്ന രണ്ടു പേരുകാരെ കാണുമ്പോൾ അറിയാതെ ഉള്ളിലൊരു ചിരിയൂറും!

ഒരാൾ ഇപ്പോൾ ബേംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ പഴയ ഷാർജക്കാരൻ!
മറ്റെയാൾ സർക്കാർ ഉദ്യോഗസ്ഥയായ ആ പുസ്തകപ്രേമി!
ഇവരിലൊരാൾ ഇടയ്ക്കൊരു ചുവന്ന ഹൃദയം ലൈവിലെ കമന്റിലൂടെ കൈമാറുന്നത് കണ്ട കൗതുകം! മറ്റെയാൾ മുഖ്യമന്ത്രിയുടെ കുറിപ്പുകൾ ഇടയ്ക്ക് ഷെയർ ചെയ്യുന്ന വിസ്മയം!

ടീവിയുടെ ചതുരവിതാനത്തിൽ വസൂരിവടുവുള്ള ആ മുഖം കാണുന്നമാത്ര, ആരോ പറഞ്ഞുകേട്ടുള്ളിലുറഞ്ഞുപോയ അറപ്പോടെ വെറുപ്പോടെ റിമോട്ടെടുത്ത മനുഷ്യർതന്നെ പ്രത്യാശകളോടെ ആ മനുഷ്യന്റെ അളന്നുമുറിച്ച വാക്കിൻകഷണങ്ങൾക്കായ് ഹൃദയപൂർവം കാത്തിരിക്കുന്ന സുന്ദരമായ കാഴ്ച്ച!

നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം പണിപ്പെട്ടൊതുക്കിനിർത്തിയിട്ടും അയാൾ പെരുംമരമായി തിടംവെച്ചുവളർന്ന് ചില്ലകൾ പെരുത്ത്‌ തണൽ പരത്തിക്കൊണ്ടേയിരിക്കുന്നു!  അമ്പരപ്പും അസൂയയും ആർത്തിയും മൂത്ത കോടാലിക്കൈകൾ അകക്കാമ്പുള്ള മരക്കരുത്തിനോടേറ്റുമുട്ടി മുനയൊടിഞ്ഞുവീഴുന്നു!.
Join WhatsApp News
Boby Varghese 2021-03-02 16:24:08
Fake news will be successful sometimes. Look at America. CNN, NBC, ABC, CBS, NYTimes, Washington compost etc were lying and lying about Trump 24/7 and finally they were successful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക