Image

ഒരുമയോടെ മുന്നേറുക കാലഘട്ടത്തിന്റെ ആവശ്യമെന്ന് ദിവ്യ ഉണ്ണി

(സലിം - ഫോമാ ന്യൂസ് ടീം ) Published on 02 March, 2021
ഒരുമയോടെ മുന്നേറുക കാലഘട്ടത്തിന്റെ ആവശ്യമെന്ന്  ദിവ്യ ഉണ്ണി
പ്രളയവും, മഹാമാരിയും, പ്രകൃതി ദുരന്തങ്ങളും കണ്ടനുഭവിച്ച നമ്മള്‍ ഒത്തൊരുമയോടെയും ഐക്യത്തോടെയും, മുന്നോട്ട് പോകുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒത്തൊരുമിച്ചു നില്‍ക്കുന്നതിലാണ് ശക്തിയെന്നും അത് നമുക്ക് കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ കരുത്ത് പകരുമെന്നും നടിയും നര്‍ത്തകിയുമായ  ദിവ്യ ഉണ്ണി. ഫോമയുടെ യുവജന വിഭാഗത്തിന്റെ 2020-22  കാലത്തെ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം  നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു പ്രശസ്ത ചലച്ചിത്ര താരം.

ഒരേ ലക്ഷ്യത്തോടെ ഒത്തോരുമിച്ചു മുന്നോട്ട് പോകാന്‍ ഫോമയുടെ യുവജനങ്ങള്‍ ഒത്തുകൂടിയത് വളരെ പ്രോത്സാഹ ജനകവും പ്രചോദിതവുമാണ്. ഭാരതീയ സംസ്‌കാരം നൈതിക മൂല്യങ്ങളും, സാമ്പ്രദായിക സാംസ്‌കാരിക തനിമയും, വിശ്വാസ പ്രമാണങ്ങളും, കാത്ത് സൂക്ഷിക്കുകയും, വിലമതിക്കുകയും അത് നമ്മുടെ തലമുറയിലേക്ക് കൈമാറുകയും ചെയ്തു .   നമ്മള്‍ ആ പൈതൃകത്തെ വിലമതിക്കുകയും പിന്തുടരുകയും  ചെയ്യുന്നത് അഭിമാനകരമാണ്. നമ്മുടെ പാരമ്പര്യത്തിന്റെ വേരുകള്‍ നമ്മള്‍ ആരാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയും, മുന്നോട്ടുള്ള പ്രയാണത്തില്‍ നമ്മള്‍ സംശയപ്പെട്ടു ദിശയറിയാതെ നില്‍ക്കുമ്പോള്‍ അത് നമുക്കുള്ള വെളിച്ചമായി നമ്മെ നയിക്കുകയും ചെയ്യുന്നു.

നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ നന്മയുടെ വെളിച്ചവും, സനാതന മൂല്യങ്ങളും നമ്മള്‍ക്ക് കരുത്തു പകരുമെന്നും ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടു. നമ്മുടെ ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ നാം ചിലവഴിക്കുന്ന സമയങ്ങള്‍ ഒരിക്കലും പാഴാകുകയില്ല. സമയത്തെ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടപോലെ വിനിയോഗിക്കണമെന്നും ദിവ്യ ഉണ്ണി ചടങ്ങില്‍ പങ്കെടുത്ത് നൂറു കണക്കിന് യുവജനങ്ങളോട് പറഞ്ഞു.

ന്യൂയോര്‍ക്ക് സ്‌റേറ് സെനറ്റര്‍ ശ്രീ കെവിന്‍ തോമസ്,, യൂത്ത് ഫോറത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ഐക്യ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഒത്തോരുമിച്ചു പ്രവര്‍ത്തിക്കാനുള്ള യുവജനങ്ങളുടെ ശ്രമങ്ങള്‍ അഭിമാനകരമാണെന്ന് സെനറ്റര്‍  പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുള്‍പ്പടെ നല്‍കുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് നമ്മുടെ തലമുറക്ക് വളരേണ്ടത്. വെല്ലുവിളികളെ അതിജീവിച്ചു വളരാന്‍ യുവജനങ്ങള്‍ക്ക് കഴിയും, കഴിയണം.

 മഹാമാരിയുടെ കെടുതികളിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത്.  നമ്മള്‍ പരിപൂര്‍ണ്ണരല്ല എന്ന് മഹാമാരി നമ്മളെ ബോധ്യപ്പെടുത്തി തന്നു. സാമ്പത്തിക-വംശീയ അസമത്വങ്ങളെയും, അടിസ്ഥാന ആരോഗ്യ സംരക്ഷണ ഇന്‍ഷുറന്‍സിന്റെ അഭാവവും, നമ്മള്‍ അനുഭവിച്ചറിഞ്ഞു. പഴയ രീതികളെ പിന്തുടരുന്നത് നമ്മളെ മുന്നോട്ട് നയിക്കുകയില്ലെന്ന് മഹാമാരി നമ്മളെ ബോധ്യപ്പെടുത്തി. എന്നാല്‍ സ്വാര്‍ത്ഥരും സ്വന്തം താല്പര്യങ്ങളെ മുറുകെ പിടിക്കുന്നവരുമായി തീരാനുള്ള പ്രവണതകളെ നമുക്ക് അതിജീവിക്കാനും നമ്മുടെ സമൂഹത്തിലെ നിസ്സഹായരായവരെ ഓര്‍ക്കാനും സഹായിക്കാനും നമുക്ക് കഴിയണമെന്നും  അദ്ദേഹം  അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് സ്‌റേറ് അസ്സെംബ്ലി അംഗം ജെന്നിഫര്‍ രാജ്കുമാര്‍,  മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്, പ്രശസ്ത റെയ്കി മാസ്റ്ററായ ഡോക്ടര്‍ ബിന്ദു ബാബു, ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഒരുമയോടെ മുന്നേറുക കാലഘട്ടത്തിന്റെ ആവശ്യമെന്ന്  ദിവ്യ ഉണ്ണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക