Image

എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )

Published on 02 March, 2021
എന്താ മെയ്യഴക്?  ( കഥ: സൂസൻ പാലാത്ര )
ഹൊ എന്തായിരുന്നു അവൻ്റെയാ മെയ്യഴക്? ആ ആരോഗ്യമുള്ള ശരീരത്തിന് യോജിച്ച വസ്ത്രം തമ്പുരാൻ തയ്പിച്ചു കൊടുത്തതാണവന്.  ചുവന്ന കുപ്പായത്തിൽ കടുംനീലബോർഡറുകളിൽ തിളങ്ങുന്ന  കസവുറേന്തകൾ ചേർത്തുവച്ചടിച്ചപോലെ എന്തായിരുന്നു ഭംഗി? എപ്പോഴും കടും ചെമപ്പു നിറമുള്ള തലപ്പാവ് അണിഞ്ഞ്,  ചുവന്ന മാസ്ക് സദാ താടിയിൽ തൂക്കിയിട്ട് ഗരിമയോടെയുള്ള ആ നടത്തം. അവൻ്റെ ഭംഗി മനസ്സിൽ നിന്ന് മായുന്നില്ല. കൂട്ടത്തിൽ ഇളം റോസിൽ  കറുത്ത പുളളികളും ഇളം മഞ്ഞയിൽ ഇളം നീല വരകളും ഒക്കെയുള്ള വസ്ത്രങ്ങളണിഞ്ഞ യുവകോമളന്മാർ ധാരാളം.     
എല്ലാവരും ഏറെയിഷ്ടപ്പെട്ടത് ആദ്യം പറഞ്ഞ പുരുഷ കേസരിയെത്തന്നെ. അവൻ്റെ ആ തലയെടുപ്പ്, ആ നീണ്ട കാലുകൾ അത്ര മനോഹരം.. പിന്നിൽ ചൈനാക്കാരുടെ വിശറിയെക്കാൾ അതി മനോഹരമായ ഒരു നീളമുള്ള നിബിഡമായ  അങ്കവാൽ. 
           പറമ്പിൽ മൂന്ന് കച്ചിത്തുറുവുണ്ടായിരുന്നു. പഞ്ഞിമരത്തിൽ ഉണ്ടാക്കിയ കച്ചിത്തുറുവാണ് ഏറ്റവും വലുത്. പഞ്ഞി പറമ്പിന് ദോഷമായതിനാൽ മുകൾ വെട്ടിക്കളഞ്ഞ്, മരം ഉണങ്ങാതിരിപ്പാൻ മുകളിൽ  ഒരു വലിയ കലം കമഴ്ത്തി വച്ചിട്ടുണ്ട്, ചെറിയ കിളിർപ്പുകൾ മുള പൊട്ടിയിട്ടുണ്ട്. പിന്നെ ഒരു നാട്ടുമാവിൻ്റെ താഴത്തെ കമ്പുകൾ വെട്ടിക്കളഞ്ഞ് അതിലും, ഒരു കിളിഞ്ഞിൽ മരത്തിലുമായി കച്ചിതുറുക്കൾ.  കച്ചിത്തുറുവിലെ വൈയ്ക്കോൽ ഉണങ്ങിപ്പോവാതിരിയ്ക്കാനും കോഴികൾ പറന്നു കയറി ചികഞ്ഞു പൊടിയ്ക്കാതിരിക്കാനും, കാഷ്ഠിച്ച് പശുക്കൾക്കു് അറപ്പുവരുത്താതിരിയ്ക്കാനുമായി  ഓലത്തുഞ്ചാണികൾ കൊണ്ട് തുറു മനോഹരമായി പൊതിഞ്ഞിട്ടുണ്ട്. എന്നാലും തലേ തൊപ്പിയുള്ള കറുത്ത  കാപ്പിരിക്കോഴിയും കഴുത്തേൽ പപ്പില്ലാത്ത ചുവന്ന കോഴീം എല്ലാം മുട്ടയിടുന്നത് തുറുവിൽ ഇടയ്ക്ക് പൊത്തുകളുണ്ടാക്കി അതിലായിരിക്കും. ഒരു തുറുവിൽ  അമ്മയുടെ പ്രിയപ്പെട്ട  പ്ളിമതത് റോക്ക് പത്തു പതിമൂന്നു കുഞ്ഞുങ്ങളെ ആരുമറിയാതെ മുട്ടയിട്ട് അടയിരുന്ന്  കൊത്തി വിരിച്ചെടുത്തത് വളരെ രസകരമായിരുന്നു. 
         ഇന്ന് ഇതൊക്കെ ഓർക്കാൻ കാരണം. താൻ നട്ടുപിടിപ്പിച്ച് ഓമനിച്ചു വളർത്തുന്ന കുറെ കൃഷി വർഗ്ഗങ്ങളുണ്ട്. പ്രത്യേകിച്ച് ഏത്തവാഴകൾ. ഇത് വളരാൻ സമ്മതിക്കാതെ ദിനമ്പ്രതി കൊത്തിയലക്കിക്കളയുന്ന ആ ജന്തുക്കളെ കയ്യോടെ പിടിയ്ക്കാൻ കച്ചകെട്ടി ഒരുങ്ങിയിരിക്കുമ്പോഴാണ്  ആ അതിമനോഹര ശബ്ദം... വൈലോപ്പിള്ളി  പാടിയതുപോലെ "താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങും വലിയോരലാറം, പൂങ്കോഴി തൻ പുഷ്ക്കലകണ്ഠനാദം" ... രാത്രിയുടെ നാലാംയാമത്തിൽ കേൾക്കുന്നത്. കർത്താവേ, ഞാനേതു ലോകത്തിലാണ്? വീണ്ടും ആ സുന്ദരമായ ശബ്ദത്തിനായി കാതോർത്തു. ബാല്യം മനസ്സിൻ്റെ ഉള്ളറയിലേക്കോടിയെത്തി. പഴയ തറവാട്ടുവീട്, വിശാലമായ മുറ്റം. ധാരാളം നടകളുള്ള വീട്. കന്നുകാലിക്കൂട്... ആട്ടിൻ കൂട്, താറാവിൻ്റെ കൂട്, കോഴിക്കൂട്... കണ്ടമാനം കോഴിയുള്ളതിനാൽ പൂവന്മാരു തമ്മിൽ കൊത്തും ബഹളവും ... ഭീരുക്കളും അനുസരണം കെട്ടവരുമായ കുറെയെണ്ണം കാപ്പി മരത്തിലും കച്ചിത്തുറുവിലും ഒളിച്ചിരിക്കും. ധൈര്യശാലികൾ കൂട്ടിൽത്തന്നെ കൂടി പിടകളെ പാട്ടിലാക്കും.  പലകോഴികളും മുട്ടകൾ ഇടുന്നത് അയൽ വീടുകളിലും അയലത്തെ കന്നുകാലിത്തൊഴുത്തുകളിലും. അമ്മ... കുറച്ച് നുറുക്കരിയും ഗോതമ്പുമായി ബാ... ബാ.. ബ... ബ... കോഴി ബാ... ബാ.... എന്ന് നീട്ടിയും കുറുക്കിയും വിളിച്ചു കൊണ്ടുവന്ന് മുട്ടയിടീപ്പിച്ച് പുഴുങ്ങിയും പൊരിച്ചും കുടുംബത്തെ തീറ്റിക്കും. 
     മുട്ടകൊടുത്ത് മീൻ വാങ്ങുന്നതിന് പണക്കാരായ ബന്ധുക്കൾ കളിയാക്കും. മുട്ടക്കാരൻ ബേബിച്ചേട്ടനും, കൂത്രപ്പള്ളിക്കാരനുമുണ്ട്. മുട്ട വിറ്റുകിട്ടുന്ന പണം കൊടുത്ത് മത്തിവാങ്ങും. പരിഹസിയ്ക്കുന്നവരോട് അമ്മ പറയുന്ന ന്യായം : "കപ്പ തിന്നണ്ടെ, പിള്ളേർക്ക് കപ്പ രുചിയായി തിന്നണമെങ്കിൽ മീൻ അത്യാവശ്യമാ. മുട്ട വല്ല ചപ്പാത്തിയ്ക്കോ അപ്പത്തിനോ പറ്റും" 
എന്നിട്ട് തങ്ങൾ മക്കളോടായി പറയും: "തറവാട്ടുകാരാന്നും പറഞ്ഞ് കുടുംബ സ്വത്തെല്ലാം വീതം ചെയ്യാതെ കയ്യടക്കി വച്ചിട്ട് പൊത്തുവരുത്തം പറയാൻ വരുന്നു. പോയി മുഞ്ഞി കഴുകട്ടെ, ഹല്ല പിന്നെ"
     അമ്മയും അപ്പച്ചനും സഹോദരങ്ങളും താനും അടങ്ങിയ രസകരമായ ദിന സ്മരണകളിൽ   അവൾ പുളകം കൊണ്ടു നില്ക്കുമ്പോൾ തൻ്റെ ഓമന ഓറിയോ... പട്ടിക്കുട്ടി നിർത്താതെ കുരയ്ക്കുന്നു. 
      പിന്നാമ്പുറക്കാഴ്ചകൾ കണ്ട് മോഹാലസ്യപ്പെടാൻ തുടങ്ങിയ അവളെ ഓറിയോ വന്നു മൃദുവായി മുട്ടിയുരുമ്മി നിന്നു. 
         തൻ്റെ ഏത്തവാഴക്കന്നുകൾ മുഴുവനും  മൂടോടെ  അയലത്തെ സുന്ദരനും കാമുകീ ഗണങ്ങളും കൂടി കൊത്തിത്തിന്നു തീർത്തിരിക്കുന്നു. 
          അവൾ ദേഷ്യത്തോടെ പുലമ്പി എന്നതാ മെയ്യഴക് ... എന്നിട്ടും കയ്യിലിരുപ്പിതല്ലേ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക