Image

ഫോമാ വൈസ്‌ പ്രസിഡന്റ്‌: സി.കെ. ജോര്‍ജ്, ക്യാപ്റ്റന്‍ സണ്ണി, സണ്ണി പൗലോസ് സ്ഥാനാര്‍ഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2012
ഫോമാ വൈസ്‌ പ്രസിഡന്റ്‌: സി.കെ. ജോര്‍ജ്, ക്യാപ്റ്റന്‍ സണ്ണി, സണ്ണി പൗലോസ് സ്ഥാനാര്‍ഥികള്‍
ന്യൂജേഴ്‌സി: പടപേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തംകൊളുത്തി പട എന്നു പറഞ്ഞതുപോലെ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എതിരാളികള്‍ ഇല്ലെന്ന്‌ കരുതിയ സി.കെ. ജോര്‍ജിന്‌ എതിരായി രണ്ട്‌ കരുത്തരായ എതിരാളികള്‍ രംഗത്തെത്തി. ന്യൂയോര്‍ക്കിലെ കേരളാ സെന്ററിന്റെ മുന്‍ പ്രസിഡന്റും, ഫോമാ മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റുമായ ജോസ്‌ ചുമ്മാര്‍ പൊതുസമ്മതനായ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി കടന്നുവന്നപ്പോള്‍ എല്ലാവരും കരുതി ചുമ്മാറിന്‌ എതിരാളികള്‍ ഉണ്ടാവില്ലെന്ന്‌. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഫ്‌ളോറിഡാ റീജിയന്‌ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും അഡൈ്വസറി ബോര്‍ഡിന്റെ ഭാരവാഹിയുമായ സി.കെ. ജോര്‍ജ്‌ കടന്നുവന്നു.

ഫോമയില്‍ ഒരു മത്സരത്തിന്‌ ഒരിക്കലും ഞാന്‍ തയാറല്ല എന്നു പറഞ്ഞുകൊണ്ട്‌ ജോസ്‌ ചുമ്മാര്‍ പിന്മാറിയപ്പോള്‍, അതേ റീജിയനില്‍ നിന്നുതന്നെ മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ മുന്‍ പ്രസിഡന്റും, ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ ക്യാപ്‌റ്റന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന രാജു ഫിലിപ്പ്‌ രംഗത്തെത്തി. തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ എല്ലാവിധ വജ്രായുധങ്ങളും ഉപയോഗിച്ച്‌ ക്യാപ്‌റ്റനെ നേരിടുന്ന സി.കെയ്‌ക്ക്‌ ഞെട്ടലുളവാക്കിയത്‌ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയനില്‍ നിന്നെത്തിയ സണ്ണി പൗലോസിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്‌.

ഫോമയുടെ കണ്‍വെന്‍ഷന്‍ ചെയര്‍മാനും നാഷണല്‍ കമ്മിറ്റി അംഗവുമായ സണ്ണി പൗലോസ്‌ മികച്ച സംഘാടകനും വാഗ്‌മിയുമാണ്‌. ഫ്‌ളോറിഡ, ഹ്യൂസ്റ്റണ്‍, സിയാറ്റില്‍, ലോസ്‌ആഞ്ചലസ്‌, ചിക്കാഗോ എന്നിവടങ്ങളില്‍ നിന്നും മജോറിറ്റി വോട്ടുകളും, ന്യൂയോര്‍ക്കില്‍ നിന്ന്‌ കുറെ വോട്ടുകളും നേടി ക്യാപ്‌റ്റന്‌ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സി.കെ. ജോര്‍ജ്‌, സണ്ണി പൗലോസ്‌ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കടന്നുവരുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

കേരളം ഉറ്റുനോക്കിയിരുന്ന നെയ്യാറ്റിന്‍കര നിയമസഭാ തെരഞ്ഞെടുപ്പ്‌ പോലെ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ശക്തമായ ത്രികോണ മത്സരത്തിന്‌ കൊടി ഉയര്‍ന്നുകഴിഞ്ഞു. ആരാണ്‌ 2012- 14 കാലയളവില്‍ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ എന്നതിനുള്ള ഉത്തരത്തിന്‌ ഓഗസ്റ്റ്‌ രണ്ടാം തീയതി വരെ കാത്തിരിക്കണം.
അനിയന്‍ ജോര്‍ജ്‌
ഫോമാ വൈസ്‌ പ്രസിഡന്റ്‌: സി.കെ. ജോര്‍ജ്, ക്യാപ്റ്റന്‍ സണ്ണി, സണ്ണി പൗലോസ് സ്ഥാനാര്‍ഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക