Image

സക്കറിയയുടെ കഥ സിനിമയാകുന്നു:'ദൈവത്തെ സ്തുതിക്കാന്‍'

Published on 26 June, 2012
സക്കറിയയുടെ കഥ സിനിമയാകുന്നു:'ദൈവത്തെ സ്തുതിക്കാന്‍'
പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയുടെ നോവലറ്റ് 'പ്രെയിസ് ദ ലോര്‍ഡ്' സിനിമയാകുന്നു. നവാഗതനായ ഷിബു ഗംഗാധരനാണ് കഥയ്ക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. സിനിമയില്‍ പാലായിലെ ധനിക കര്‍ഷകനായ ജോയിയെന്ന കേന്ദ്രകഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. കൃഷിയില്‍ വ്യാപൃതനായി ജീവിക്കുമ്പോഴും പുറംലോകത്തെക്കുറിച്ച് ജോയിക്ക് വലിയ പിടിയില്ല. തന്റെ നാടിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞനായ ജോയി യാദൃശ്ചികമായി ഒരു കമിതാക്കളെ പരിചയപ്പെടുന്നതോടെ അയാളുടെ ജീവിതവീക്ഷണം തന്നെ മാറുന്നു. 

തമാശകളും ആക്ഷേപഹാസ്യവും ഒക്കെ നിറയുന്ന 'പ്രെയിസ് ദ ലോര്‍ഡ'ിന് തിരക്കഥാരൂപം നല്‍കുന്ന തിരക്കിലാണ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ ടി.പി രാജീവന്‍. സിനിമയുടെ ആദ്യപകുതി വരെ എഴുത്തുജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കഥ കേട്ട് ഒകെ പറഞ്ഞ മമ്മൂട്ടി ആദ്യപകുതിവരെ തിരക്കഥയുടെ കാര്യത്തിലും സംതൃപ്തി രേഖപ്പെടുത്തിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ആദ്യസിനിമയ്ക്കായി സാഹിത്യരൂപത്തെ ആശ്രയിക്കാന്‍ നവാഗതര്‍ വിമുഖത പ്രകടിപ്പിക്കുമ്പോഴാണ് ഷിബു ഗംഗാധരന്‍ ഏറെ വിസ്മയിപ്പിച്ച 'പ്രെയിസ് ദ ലോര്‍ഡ'ില്‍ തന്നെ തന്റെ കന്നിചിത്രത്തെ കണ്ടെത്തിയിരിക്കുന്നത്. ജനനി(1999) എന്ന ചിത്രത്തിലൂടെ രാജീവ് നാഥിന്റെ അസിസ്റ്റന്റായി തുടങ്ങിയതാണ് ഷിബു ഗംഗാധരന്റെ സിനിമാലോകം.

റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോനാണ് 'പ്രെയിസ് ദി ലോര്‍ഡ്' നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങും. ജവാന്‍ ഓഫ് വെള്ളിമല പൂര്‍ത്തിയാക്കിയ ശേഷം രഞ്ജിത് ചിത്രത്തിന്റെ ജോലികളും കഴിഞ്ഞശേഷമായിരിക്കും മമ്മൂട്ടി 'പ്രെയിസ് ദി ലോര്‍ഡില്‍ അഭിനയിച്ചുതുടങ്ങുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക