Image

എഴുത്തിന്റെ കിരീടം ചൂടിയവന്‍, നൊമ്പരങ്ങളുടെയും

Published on 29 June, 2012
എഴുത്തിന്റെ കിരീടം ചൂടിയവന്‍, നൊമ്പരങ്ങളുടെയും
എഴുത്തിന്റെ കിരീടം ചൂടിയ ആ ചലച്ചിത്രകാരന്‍ വിടപറഞ്ഞിട്ട്‌ മൂന്നു വര്‍ഷങ്ങള്‍. മലയാളത്തിന്റെ പ്രീയ ചലച്ചിത്രകാരന്‍ എ.കെ ലോഹിതദാസ്‌ വിടപറഞ്ഞിട്ട്‌ മൂന്നുവര്‍ഷം തികഞ്ഞിരിക്കുന്നു. 2009 ജൂണ്‍ 29നായിരുന്നു ലോഹിതദാസ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. വിടപറയുമ്പോള്‍ ഉറപ്പായിരുന്നു അയാള്‍ പോയത്‌ പറയാന്‍ ഇനിയും ഒരുപാട്‌ കഥകള്‍ ബാക്കിവെച്ചായിരുന്നുവെന്ന്‌.

പല പ്രതിഭകള്‍ക്കും സംഭവിച്ചതുപോലെ മികച്ച സിനിമകള്‍ നല്‍കിയ നാളുകളിലായിരുന്നില്ല മറിച്ച്‌ ഓര്‍മ്മകളിലേക്ക്‌ നടന്നു മറഞ്ഞപ്പോഴായിരുന്നു നാം ലോഹിയെക്കുറിച്ച്‌ ഏറെ ചര്‍ച്ച ചെയ്‌തത്‌. ലോഹിയുടെ വിടവ്‌ നികത്താനാവാത്തതെന്ന്‌ സിനിമക്കാരും പ്രേക്ഷകരും ഒരുപോലെ പറഞ്ഞു. വിദേശ സിനിമകള്‍ കോപ്പിയടിച്ചു അനുകരിച്ചും നവ സിനിമകള്‍ സൃഷ്‌ടിക്കുന്ന പുതിയ കാലത്ത ചലച്ചിത്രകാരന്‍മാരെ കാണുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ ലോഹിതദാസിന്റെ കരുത്ത്‌ വീണ്ടും വീണ്ടും തിരിച്ചറിയുന്നു. അതെ, ഉറപ്പാണ്‌, മലയാള സിനിമക്ക്‌ എന്നും സാധാരണക്കാരന്റെ വലിയ സിനിമകള്‍ നല്‍കിയത്‌ ലോഹിതദാസ്‌ തന്നെയായിരുന്നു.

തിരക്കഥാകൃത്തുക്കളുടെ ഗണത്തില്‍ പലപ്പോഴും എം.ടിക്കും പത്മരാജനും ശേഷമാണ്‌ ലോഹിതദാസിനെ എണ്ണിയിരുന്നത്‌. ഒരുപക്ഷെ അവരെക്കാള്‍ ഇളമുറക്കാരന്‍ എന്നതും അതിന്‌ കാരണമായിരുന്നിരിക്കാം. എം.ടിയും പത്മരാജനും സാഹിത്യത്തില്‍ വിരാജിച്ചു നിന്നുവെങ്കില്‍ ലോഹിയുടെ തട്ടകം ശരിക്കും നാടകമായിരുന്നു. അരങ്ങില്‍ സാധാരണക്കാരന്റെ നാടകങ്ങള്‍ സൃഷ്‌ടിച്ചു കൊണ്ടായിരുന്നു ലോഹിതദാസ്‌ തന്റെ വരവറിയിച്ചത്‌.

എം.ടിയില്‍ സാഹിത്യഭംഗിയും പത്മരാജനില്‍ കാല്‌പനികതയും മുന്നിട്ടു നിന്നപ്പോള്‍ ലോഹിതദാസിന്റെ സിനിമകളില്‍ മിഴിവോടെ നിന്നത്‌ സാധാരണക്കാരന്റെ വിചാരങ്ങളായിരുന്നു. ഈ നാടിന്റെ ഇടവഴികള്‍ ഒരുപക്ഷെ ലോഹി കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ തന്നെയാണ്‌ അയാള്‍ സിനിമയിലേക്ക്‌ കൊണ്ടുവന്നത്‌. അവരുടെ ഭയവും, സ്‌നേഹവും, പ്രണയവും അയാള്‍ കഥകളാക്കി പറഞ്ഞു. അങ്ങനെ അയാള്‍ സാധാരണക്കാരന്റെ ചലച്ചിത്രകാരനായി. അതുകൊണ്ടു തന്നെ പല മികച്ച സൃഷ്‌ടിക്കള്‍ക്കും കഴിയാതെ പോകുന്ന തീയേറ്റര്‍ വിജയം എപ്പോഴും ലോഹിതദാസിനൊപ്പം നിന്നിരുന്നു. ലോഹിതദാസിന്റെ സിനിമകള്‍ മികപ്പോഴും ബോക്‌സ്‌ ഓഫീസ്‌ ഹിറ്റുകളായിരുന്നു. അതേ സമയം അവ മികച്ച സിനിമകളെന്ന മതിപ്പും നേടി. ഇവിടെയാണ്‌ ലോഹിതദാസ്‌ മലയാള സിനിമയുടെ മുന്‍നിരക്കാരനാകുന്നത്‌.

1989ലാണ്‌ ലോഹിതദാസ്‌ ദശരഥം എന്ന സിനിമ എഴുതുന്നത്‌. വാടകയ്‌ക്ക്‌ ഗര്‍ഭപാത്രം നേടുന്നതായിരുന്നു ആ സിനിമയുടെ വിഷയം. മോഹന്‍ലാലും, മുരളിയും, രേഖയും തകര്‍ത്തഭിനയിച്ച സിനിമ. എന്നാല്‍ അക്കാലത്ത്‌ അങ്ങനെയൊരു സബ്‌ജക്‌ട്‌ ചിന്തിക്കുക എന്നത്‌ മലയാളത്തിന്റെ ചലച്ചിത്രലോകത്തിന്‌ തീര്‍ത്തും പരിചിതമല്ലായിരുന്നു. ശരിക്കും ഒരു ഇമോഷണല്‍ ഡ്രാമ എന്നു തന്നെ വിളിക്കാം ദശരഥം എന്ന സിനിമയെ. ഇന്ന്‌ പ്രമേയത്തിനായി വിദേശ സിനിമകളെ ആശ്രയിക്കുന്നവര്‍ ആദ്യം തിരിച്ചറിയേണ്ടത്‌ ലോഹിതദാസിന്റ ഈ പ്രമേയ വൈവിധ്യം തന്നെയാണ്‌.

ലോഹിതദാസിനെ എന്നും മലയാളിയുടെ മനസില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന രണ്ട്‌ സിനിമകളാണ്‌ കിരീടവും അമരവും. മലയാളത്തിന്റെ ഇതിഹാസ നടന്‍മാര്‍ തന്നെയായ മോഹന്‍ലാലും മമ്മൂട്ടിയും അത്ഭുതപ്പെടുത്തുന്ന അഭിനയം കൊണ്ട്‌ അനശ്വരമാക്കിയ സിനിമകള്‍. കീരിടത്തിലെ സേതുമാധവന്‍ എത്രത്തോളം സാധാരണക്കാരനാണ്‌ എന്നത്‌ ആലോചിച്ചു നോക്കു. അമിത ആഗ്രഹങ്ങളോ, ചങ്കുറപ്പോ, പേശിബലമോ ഇല്ലാത്ത സാധാരണക്കാരന്‍. അങ്ങനെയൊരാളാണ്‌ സേതുമാധവന്‍. അയാള്‍ക്ക്‌ ചുറ്റം വന്നു ചേരുന്ന സാഹചര്യങ്ങളാണ്‌ കീരീടം എന്ന കഥസൃഷ്‌ടിക്കുന്നത്‌. അതായത്‌ കഥയാണ്‌ കിരീടത്തെ മുമ്പോട്ട്‌ നയിക്കുന്നത്‌, ഒരിക്കലും നായകനല്ല. അതുപോലെ തന്നെയാണ്‌ അമരത്തിലെ അച്ചൂട്ടിയും. അച്ചൂട്ടിയുടെ ആഗ്രഹങ്ങള്‍ അയാളെ കൈവിട്ടു പോകുന്നതാണ്‌ അമരത്തിന്റെ കഥ. ഇന്ന്‌ സൂപ്പര്‍താര നിര്‍മ്മിതിക്കായി പരിശ്രമിക്കുന്ന സംവിധായകരും എഴുത്തുകാരും ഈ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകും എന്തുകൊണ്ട്‌ ഇന്നത്തെ സിനിമകളെ നിലവാരം കുറഞ്ഞവയെന്ന്‌ പ്രേക്ഷകര്‍ വിളിക്കുന്നുവെന്ന്‌.

എഴുത്തുകാരനില്‍ നിന്നും സംവിധായകനിലേക്കുള്ള ലോഹിയുടെ മാറ്റം പലരെക്കൊണ്ടും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന കാര്യം ലോഹിതദാസ്‌ ആദ്യമായി സംവിധാനം ചെയ്‌ത ഭൂതക്കണ്ണാടി തന്നെയാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്‌. ഒരു മികച്ച ക്ലാസിക്ക്‌ ലെവല്‍ അദ്ദേഹം സാധ്യമാക്കിയിരിക്കുന്നു ഈ സിനിമയില്‍. ഒരു പക്ഷെ മറ്റൊരു സംവിധായകന്റെ ഫ്രെയിമുകളിലൂടെ ഭൂതക്കണ്ണാടി വേറെ തലങ്ങള്‍ തേടുമായിരുന്നിരിക്കാം. പക്ഷെ ലോഹി സൃഷ്‌ടിച്ച ഇമോഷണല്‍ സിറ്റുവേഷന്‍സ്‌, ലോഹിയുടെ തന്നെ ഫ്രെയിമുകളിലൂടെ സാക്ഷാത്‌കരിക്കപ്പെട്ടപ്പോള്‍ ഭൂതക്കണ്ണാടി അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു ക്ലാസിക്ക്‌ ലെവല്‍ സ്വന്തമാക്കി. ഭയം എന്ന വികാരം ഇത്രയും മികച്ച സന്ദര്‍ഭങ്ങളിലൂടെ ഒരുക്കിയ മറ്റൊരു സിനിമ മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ എടുത്തു പറയുക അസാധ്യം.

ഇങ്ങനെ സിനിമയുടെ വൈവിധ്യത്തില്‍ നിന്നിരുന്ന ലോഹിതദാസിനെ ഒരുപക്ഷെ മലയാള സിനിമ വേണ്ടവിധം പരിഗണിച്ചിരുന്നോ നമ്മുടെ പുരസ്‌കാര കേന്ദ്രങ്ങള്‍ അംഗീകരിച്ചിരുന്നോ എന്നതും ഒരു ചോദ്യമാണ്‌. ഭൂതക്കണ്ണാടി ദേശിയ അന്തര്‍ദേശിയ വേദികളില്‍ പരിഗണിക്കപ്പെട്ടതൊഴിച്ചാല്‍ ലോഹിയുടെ മിക്ക സിനിമകള്‍ക്കും വേണ്ടവിധത്തിലുള്ള അംഗീകാരങ്ങള്‍ ലഭിച്ചിരുന്നില്ല. അത്‌ എന്നും അയാളില്‍ ഒരു നൊമ്പരമായി ശേഷിച്ചിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ സിന്ധു പിന്നീട്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ലോഹിതദാസ കാഴ്‌ചവട്ടം എന്ന തന്റെ പുസ്‌തകത്തില്‍ എഴുതിയിട്ടുള്ളതും ഏറെയും ഈ നൊമ്പരങ്ങളാണ്‌. കാഴ്‌ചവട്ടം വായിച്ചു പോകുന്നവര്‍ക്ക്‌ പെട്ടന്ന്‌ മനസിലേക്കെത്തുന്ന ഒരുകാര്യമുണ്ട്‌ ഏറെ വൈകാരികമായി നൊമ്പരപ്പെട്ടിരുന്ന ഒരു മനുഷ്യനായിരുന്നു ലോഹി. ചെറിയ അവഗണനകള്‍ പോലും അയാള്‍ക്ക്‌ താങ്ങാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെയാവാം നൊമ്പരങ്ങളുടെ കിരീടം പലപ്പോഴും ലോഹിക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. തന്റെ പല സിനിമകളും വേണ്ട വിധം പരിഗണിക്കാതെ പോയതിനെക്കുറിച്ച്‌ കാഴ്‌ചവട്ടത്തില്‍ പരോക്ഷമായി ലോഹി നൊമ്പരപ്പെടുന്നുണ്ട്‌.

ഇന്ന്‌ ഒറ്റ സിനിമ ഹിറ്റാകുമ്പോഴേക്കും സംവിധായകനെയും എഴുത്തുകാരനെയും തേളിലേറ്റുന്ന ചാനല്‍ മാധ്യമ ങ്ങളൊന്നും ലോഹിതദാസിനെപോലുള്ളവരെ വേണ്ടവിധം കണ്ടിരുന്നോ എന്ന്‌ സംശയം. ഒരുപക്ഷെ കാണാതെ പോയത്‌ വളരെ നന്നായി എന്നും പറയാം. നാം അയാളെ നൊമ്പരപ്പെടുത്തിയപ്പോഴായിരിക്കും അയാള്‍ക്ക്‌ വീണ്ടും നല്ല കഥകള്‍ പറയാനുള്ള മഷി തയാറായത്‌. കസ്‌തൂരിമാനിലും, സല്ലാപത്തിലും, അരയന്നങ്ങളുടെ വീടിലും, സൂത്രധാരനിലുമൊക്കെ കണ്ണീര്‍ കലര്‍ന്നു നില്‍ക്കുന്നത്‌ ആര്‍ക്കാണ്‌ കാണാതെ പോകാന്‍ കഴിയുക. ലോഹി വിടപറഞ്ഞിട്ട്‌ മൂന്നുവര്‍ഷം കഴിയുമ്പോഴും ആ കഥകള്‍, സിനിമകള്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, ഇനിയും അവ നമ്മെ തേടിയെത്തിക്കൊണ്ടേയിരിക്കും, ശാന്തനായ ആ ഇതിഹാസ കഥാകാരനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌.
എഴുത്തിന്റെ കിരീടം ചൂടിയവന്‍, നൊമ്പരങ്ങളുടെയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക