Image

കോവില്‍മല രാജാവിന് വെബ്‌സൈറ്റ്; ഉദ്ഘാടകനായി മമ്മൂട്ടി

Published on 02 July, 2012
കോവില്‍മല രാജാവിന് വെബ്‌സൈറ്റ്; ഉദ്ഘാടകനായി മമ്മൂട്ടി
 കൊച്ചി: മലയിറങ്ങിവന്ന രാജാവിന് മമ്മൂട്ടി ചിരിയുടെ പരവതാനിവിരിച്ചു. കൈയിലെ 'കാപ്പി' ലാണ് ആദ്യം ശ്രദ്ധപതിഞ്ഞത്. ശംഖും നെല്‍ക്കതിരുമുള്ള അധികാരചിഹ്നം കണ്ട് സിനിമയില്‍ ചക്രവര്‍ത്തിപദമുള്ള നടന്‍ ചോദിച്ചു: 'എന്താണിതിന്റെ ചരിത്രം. . .' അപൂര്‍വ്വതകളുടെ മലമുകളിലുള്ള ആദിവാസിസമൂഹത്തിന്റെ പുതിയ രാജാവിനെ മമ്മൂട്ടി ആദ്യമായി കാണുകയായിരുന്നു. അതാകട്ടെ തികച്ചും അത്യാധുനികമായ ഒരു ചടങ്ങില്‍ വച്ചും. 

ഇടുക്കിയിലെ മന്നാന്‍സമുദായത്തിന്റെ ഇപ്പോഴത്തെ രാജാവായ രാമന്‍രാജമന്നാന്‍ സ്വന്തം വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിനാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ' ജവാന്‍ ഓഫ് വെള്ളിമല ' യുടെ കൊച്ചി കുസാറ്റ് കാമ്പസിലെ ലൊക്കേഷനിലെത്തിയത്. കോവില്‍മലയിലെ രാജധാനിയില്‍നിന്ന് ഔദ്യോഗികവാഹനത്തില്‍ സമുദായാംഗങ്ങളായ നാലുപേര്‍ക്കൊപ്പമായിരുന്നു വരവ്. മലമുകളിലെ ഡാമിനെച്ചുറ്റിയുള്ള കഥപറയുന്ന 'ജവാന്‍ ഓഫ് വെള്ളിമല' യുടെ സെറ്റില്‍ അപ്പോള്‍ മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും ആസിഫ് അലിയും മംമ്തയുമുണ്ടായിരുന്നു. 

രാമന്‍ രാജമന്നാനുമുമ്പ് രാജാവായിരുന്ന തേവന്‍രാജമന്നാനെ കട്ടപ്പനയില്‍ പണ്ട് ഷൂട്ടിങ്ങിനെത്തിയപ്പോള്‍ മമ്മൂട്ടി പരിചയപ്പെട്ടിട്ടുണ്ട്. തേവന്‍ രാജമന്നാന്റെ മരണശേഷം നാലുമാസം മുമ്പാണ് രാമന്‍രാജമന്നാന്‍ പതിനേഴാമത്തെ രാജാവായി അധികാരമേറ്റത്. ഫേസ്ബുക്കിലുള്‍പ്പെടെ നിറഞ്ഞുനില്‍ക്കുന്ന പുതിയ രാജാവ് സമുദായത്തിന് ആധുനികമുഖം നല്‍കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് വെബ്‌സൈറ്റ്. 

ഇന്‍ഫോപാര്‍ക്കിലെ ഗ്ലോബല്‍ ഇന്‍ഫോ ടെക് തയ്യാറാക്കിയ വെബ്‌സൈറ്റ്  (www.kovilmalaraja.com) സമുദായത്തിന്റെ ചരിത്രവും പുതിയ രാജാവിനെക്കുറിച്ചുള്ള വിവരങ്ങളും ഗാലറിയും ഉള്‍ക്കൊള്ളുന്നതാണ്. സന്ദര്‍ശകര്‍ക്ക് ഫീഡ്ബാക്കിനും സൗകര്യമുണ്ട്. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മമ്മൂട്ടിയോട് മന്നാന്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ രാജാവ് പങ്കുവച്ചു. കുട്ടികളിലെ ലഹരിമരുന്നുപയോഗവും വിദ്യാഭ്യാസത്തിലെ പിന്നാക്കാവസ്ഥയുമൊക്കെ ചര്‍ച്ചാവിഷയമായി. വിദ്യാഭ്യാസത്തിന് പരമാവധി പ്രാധാന്യംകൊടുക്കണമെന്നുപറഞ്ഞ മമ്മൂട്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. 

സമയംകിട്ടുമ്പോള്‍ കോവില്‍മല സന്ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജാവിന്റെ കൈയിലെ കാപ്പ് എന്ന് അധികാരചിഹ്നത്തിന്റെ ചരിത്രവും അദ്ദേഹം ചോദിച്ചറിഞ്ഞു. പൂഞ്ഞാര്‍ രാജസദസ്സില്‍നിന്ന് അത് കോവില്‍മല രാജാക്കന്മാര്‍ക്ക് ലഭിച്ചതുമുതലുള്ള കഥകള്‍ രാമന്‍രാജമന്നാന്‍ വിശദീകരിച്ചു. തേനുംപഴങ്ങളും സമ്മാനമായി നല്‍കിയ രാജാവ് ഫിബ്രവരിയില്‍ നടക്കുന്ന കാലയൂട്ട് ഉത്സവത്തിന് മമ്മൂട്ടിയെ ക്ഷണിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക