കൊച്ചി :നടി ഉര്‍വശി മനോജ് കെ. ജയന് വക്കീല്‍ നോട്ടീസ് അയച്ചു. മകള്‍ കുഞ്ഞാറ്റയെ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നും ഇതു കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കുട്ടിയെ വിട്ടുനല്കിയില്ലെന്നു മാത്രമല്ല കോടതിക്കു പുറത്തു പരസ്യമായി തന്നെ അപമാനിച്ചെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
താന്‍ മദ്യപയാണെന്ന് പരസ്യമായി പ്രസ്താവിച്ച മനോജ് കെ. ജയനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഉര്‍വശി ഇന്നലെ പറഞ്ഞിരുന്നു. മകള്‍ കുഞ്ഞാറ്റയെ ഏറ്റുവാങ്ങാനായി കോടതിയില്‍ താന്‍ മദ്യപിച്ചാണു ചെന്നതെന്ന മനോജിന്റെ ആരോപണം മകളെ തനിക്കു വിട്ടുതരാതിരിക്കാനായി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നെന്നും ഉര്‍വശി പറഞ്ഞു.
അടുത്തകാലത്ത് ഉദര ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്നുള്ള തളര്‍ച്ചയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തനിക്കുണ്ട്. അതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ശക്തമായ മരുന്നുകള്‍ കഴിക്കുന്നുമുണ്ട്. ഇതുമൂലമുള്ള തളര്‍ച്ചയെയാണ് മദ്യപിച്ചു വന്നു എന്ന രീതിയില്‍ ചിത്രീകരിച്ചത്. തന്നെ മദ്യപയും മനോരോഗിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മകളുടെ ഭാവിയെക്കരുതി പ്രശ്നങ്ങള്‍ വഷളാക്കാതെ കഴിയുകയായിരുന്നു. ഇപ്പോഴും അതാണ് ആഗ്രഹിക്കുന്നത്-ഉര്‍വശി പറഞ്ഞു.