Image

ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ...

Published on 08 July, 2012
ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ...
ക്യാംപസ്‌ പ്രണയ കഥകളില്‍ നിന്നും അടുത്ത കാലത്ത്‌ മലയാള സിനിമ മാറി നിന്നിരുന്നു. ക്ലാസ്‌മേറ്റ്‌സിനു ശേഷം അത്രത്തോളം തീവ്രമായി മറ്റൊരു ക്യാംപസ്‌ ചിത്രം മലയാളത്തില്‍ വന്നിട്ടേയില്ലെന്ന്‌ പറയാം. ആ കണക്ക്‌ ഇവിടെ വിനീത്‌ ശ്രീനിവാസന്‍ തീര്‍ക്കുകയാണ്‌. കേരളത്തിലെ കലാലയ ജീവിതത്തിന്റെ ഒരു മനോഹരമായ കാഴ്‌ചയാണ്‌ വിനീതിന്റെ തട്ടത്തിന്‍ മറയത്ത്‌. ശരിക്കും ഒരു ടീനേജ്‌ ചിത്രം. എന്നാല്‍ ക്യാംപസ്‌ മാത്രമല്ല വിനീത്‌ കഥയില്‍ പറയുന്നത്‌. ക്യാംപസിന്‌ പുറത്തേക്ക്‌ വിനീതിന്റെ കഥ കടന്നു വരുന്നു. ഗ്രാമീണമായ വീട്ടന്തരീക്ഷത്തിലേക്കും, നമ്മുടെ സമൂഹത്തിലെ യാഥാസ്ഥിതിക മനോഭാവത്തിലേക്കും, രാഷ്‌ട്രീയത്തിലേക്കും, ജാതി മതചിന്തകളിലേക്കുമെല്ലാം സിനിമ കടന്നു ചെല്ലുന്നു.

എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത്‌ ഇതൊരു പ്രണയ ചിത്രമാണ്‌. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്ടസ്‌ ക്ലബില്‍ വിനീത്‌ പറഞ്ഞത്‌ സൗഹൃദത്തിന്റെ കഥയാണെങ്കില്‍ ഈ സിനിമ ആകെമൊത്തം പ്രണയമാണ്‌. പ്രണയകഥക്കൊപ്പം ഷാന്‍ റഹ്‌മാന്റെ സംഗീതവും വിനീതിന്റെ വരികളും ഒത്തുചേരുമ്പോള്‍ ഒരു സംഗീത പ്രണയകാവ്യമെന്ന്‌ തട്ടത്തിന്‍ മറയത്തിനെ പറയാം.

തലശേരിയാണ്‌ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. പ്രണയ കഥ പറയുമ്പോഴും അതില്‍ മലബാറിന്റെ രാഷ്‌ട്രീയ കാലാവസ്ഥയും സാമൂഹിക ചിന്തയുമെല്ലാം വിനീത്‌ നന്നായി കലര്‍ത്തിയിരിക്കുന്നു. മുംബൈക്കാരിയായ ഇഷാ തല്‍വാര്‍ നായികയാവുമ്പോള്‍ ചിത്രത്തില്‍ നായകനായി എത്തുന്നത്‌ നിവിന്‍പോളിയാണ്‌. ഉമ്മച്ചിക്കുട്ടിയായ നായരുടെ കഥ എന്ന പരസ്യവാചകത്തില്‍ തന്നെ പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെട്ടുവെന്ന്‌ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഇന്‍ഷ്യല്‍ കളക്ഷന്‍ തെളിയിക്കുന്നു.

സന്ദേശത്തിലും ചിന്തവിഷ്‌ടയായ ശ്യാമളയിലുമൊക്കെ ഈ നാടിന്റെ തലതിരിഞ്ഞ ചിന്തകളെ കണക്കിന്‌ പരിഹസിച്ചിട്ടുള്ള ഒരു ശ്രീനിവാസന്‍ ടച്ച്‌ വിനീതിന്റെ പുതിയ ചിത്രത്തിലും കാണാം. സമൂഹത്തിന്റെ പിന്തിരിപ്പന്‍ മനോഭാവങ്ങള്‍ക്കിട്ട്‌ കണക്കിന്‌ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്‌ വിനിത്‌. അതും ശ്രീനിവാസന്‍ ശൈലിയിലുള്ള നര്‍മ്മത്തോടെ തന്നെ.

എവിടെ നിന്നാണ്‌ തട്ടത്തില്‍ മറയത്ത്‌ എന്ന പേരു കിട്ടയത്‌?

അനു എലിസബത്ത്‌ എന്ന ഗാനരചയിതാവ്‌ ഈ സിനിമയില്‍ പാട്ടുകളെഴുതിയിട്ടുണ്ട്‌. അനുവിന്റെ ഒരു പാട്ടില്‍ തട്ടത്തിന്‍ മറയത്തെ പെണ്ണേ എന്നു തുടങ്ങുന്ന ഒരു വരിയുണ്ട്‌. അവിടെ നിന്നാണ്‌ തട്ടത്തില്‍ മറയത്ത്‌ എന്ന പേരുകിട്ടയത്‌. തിരക്കഥയെല്ലാം പൂര്‍ണ്ണമായതിനു ശേഷമായിരുന്നു പേര്‌ വന്നു ചേര്‍ന്നത്‌. ശരിക്കും മറ്റൊരു പേരായിരുന്നു എന്റെ മനസില്‍. എന്നാല്‍ തട്ടത്തില്‍ മറയത്ത്‌ എന്ന പേര്‌ വരികളില്‍ വന്നതോടെ മറ്റൊരു പേരും സിനിമക്ക്‌ വേണ്ടി ആലോചിക്കേണ്ടി വന്നില്ല എന്നതാണ്‌ സത്യം.

നായരുപയ്യനും ഉമ്മച്ചിക്കുട്ടിയും തമ്മിലുള്ള പ്രണയകഥയില്‍ സമൂഹത്തോട്‌ ചില ചോദ്യങ്ങളില്ലേ?

ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രണയവും വിവാഹവും മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല. അത്‌ ഇന്നത്തെ ചെറുപ്പത്തിന്റെ ആഗ്രഹമാണ്‌. അത്‌ തന്നെയാണ്‌ സിനിമയിലൂടെ പറയുന്നത്‌. എന്നാല്‍ ഇത്‌ കണ്ട്‌ സമൂഹം അങ്ങനെ ചിന്തിക്കണം എന്ന ഉദ്ദേശ ലക്ഷ്യമൊന്നുമില്ല. അങ്ങനെ ചിന്തിച്ചാല്‍ നല്ലത്‌ എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. സിനിമ ചെയ്യുന്നത്‌ ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ വേണ്ടിയാണ്‌. എന്റെ മനസിലെ സിനിമ അങ്ങനെയാണ്‌. അതുകൊണ്ടു തന്നെ വളരെ വളരെ ലൈറ്റ്‌ മൂവിയായും പ്രേക്ഷകര്‍ക്ക്‌ തട്ടത്തിന്‍മറയത്ത്‌ ആസ്വദിക്കാം. ചെറുപ്പക്കാര്‍ക്ക്‌ മാത്രമല്ല ഏത്‌ പ്രായത്തിലുള്ളവര്‍ക്കും ഈ സിനിമയിലേക്ക്‌ കടന്നു വരാം.

ആദ്യ സിനിമയിലും സംഗീതത്തിന്‌ പ്രധാന്യമുണ്ടായിരുന്നു. ഈ സിനിമയിലും സംഗീതം വല്ലാത്തൊരു മൂഡ്‌ സൃഷ്‌ടിക്കുന്നുണ്ട്‌?

എന്റെയും എനിക്കൊപ്പം വര്‍ക്ക്‌ ചെയ്‌തവരുടെയും ടേസ്റ്റാണത്‌. സംഗീതം ഇഷ്‌ടപ്പെടാത്ത ആരാണുള്ളത്‌. വെറുതെ പാട്ടുകള്‍ ഉപയോഗിക്കുകയല്ല ഈ സിനിമയില്‍. സിനിമയുടെ കഥാഗതി വ്യക്തമാക്കുന്ന തരത്തില്‍ സംഗീതത്തിന്‌ സ്ഥാനം നല്‍കുകയാണ്‌. സിനിമയിലൂടെ തന്നെയാണ്‌ സംഗീതവും എത്തുന്നത്‌.

ആദ്യ സിനിമയിലും ടീനേജുകാരായിരുന്നു കഥാപാത്രങ്ങള്‍. ഈ സിനിമയും ഒരു ടീനേജ്‌ ലൗസ്റ്റോറിയെന്ന്‌ പറയാം. മുതിര്‍ന്നവരുടെ കഥ പറയാന്‍ താത്‌പര്യമില്ലേ?

താത്‌പര്യത്തിന്റെ പ്രശ്‌നമല്ലത്‌. ഈ സിനിമ കൗമാരം വിട്ട്‌ ക്യാംപസില്‍ ജീവിക്കുന്നവര്‍ കഥാപാത്രങ്ങളാകുന്ന സിനിമയാണ്‌. കൗമാരം വിട്ടെന്ന്‌ പറയുമ്പോള്‍ മാനസികമായി അത്‌ പൂര്‍ണ്ണമായും വിട്ടുമാറിയെന്നും പറയാനാവില്ല. കോളജ്‌ ലൈഫിന്‌ പക്വതയും പക്വതക്കുറവും എല്ലാമുണ്ട്‌. ഞാന്‍ ക്യാംപസ്‌ വിദ്യഭ്യാസം കഴിഞ്ഞിട്ട്‌ അധികമായിട്ടില്ല. എന്റെ സുഹൃത്തുക്കളെല്ലാം ചെറുപ്പക്കാരാണ്‌. അപ്പോള്‍ അവരുടെ കഥ പറയാന്‍ വേഗത്തില്‍ കഴിയും. അതുകൊണ്ടാണ്‌ ക്യാംപസ്‌ ലൈഫിന്റെ കഥ പറയാന്‍ ശ്രമിച്ചത്‌. എന്നോട്‌ അടുത്ത നില്‍ക്കുന്ന പശ്ചാത്തലമാണിത്‌.

അച്ഛന്‍ തന്നെ നിര്‍മ്മാതാവാകാന്‍ കാരണം.

ഞാന്‍ സിനിമക്കായി ആലോചിക്കുന്ന കഥകള്‍ അച്ഛനുമായി സംസാരിക്കാറുണ്ട്‌. ഈ കഥ പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‌ ഇഷ്‌ടപ്പെട്ടിരുന്നു. ഒരു പ്രോജക്‌ട്‌ എന്ന നിലയില്‍ എത്തുമ്പോള്‍ മറ്റേതെങ്കിലും നിര്‍മ്മാതാക്കളോട്‌ പറയുന്നതിനും മുമ്പ്‌ എന്നോട്‌ പറയണമെന്ന്‌ അച്ഛന്‍ പറഞ്ഞു. തിരക്കഥ കേട്ടതിനു ശേഷമാണ്‌ അച്ഛനും മുകേഷ്‌ അങ്കിളും ചേര്‍ന്ന്‌ നിര്‍മ്മാണം ഏറ്റെടുത്തത്‌.

ഗായകനായി സിനിമയില്‍ വന്നു. പിന്നെ അഭിനേതാവായി. ഇപ്പോള്‍ തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌, സംവിധായകന്‍...ഒരുപാട്‌ റോളുകളുണ്ടല്ലോ സിനിമയില്‍ തന്നെ?

ഇതെല്ലാം ഒരുമിച്ച്‌ ഏറ്റെടുത്ത്‌ ചെയ്യണം എന്ന്‌ നിര്‍ബന്ധബുദ്ധിയോടെ ചെയ്യുന്നതല്ല. നമ്മള്‍ ഒരുപാട്‌ സമയമെടുത്താണ്‌ സിനിമ ആലോചിക്കുന്നതും ചെയ്യുന്നതും. അതിനിടയില്‍ എല്ലാം വന്നു ചേരുന്നതാണ്‌. ഞാന്‍ സംവിധാനം ചെയ്‌ത രണ്ടു സിനിമകളിലും അഭിനയിക്കാന്‍ പോയിട്ടില്ല. സംവിധാനം തന്നെയാണ്‌ എനിക്ക്‌ ഏറ്റവുമിഷ്‌ടം. അതുകഴിഞ്ഞാല്‍ ഗായകന്‍ എന്ന റോളും. എന്നാല്‍ നല്ല സിനിമകളിലേക്ക്‌ അഭിനയിക്കാന്‍ വിളിച്ചാല്‍ അത്‌ ഒഴിവാക്കുകയുമില്ല.

സിനിമയിലെ പ്രണയ കഥ വിവാഹത്തിലെത്തുന്നുണ്ട്‌. എന്നാല്‍ വിനീതിന്റെ വിവാഹം?

വിവാഹം, അത്‌ ഉടന്‍ തന്നെയുണ്ടാകും.
ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക