Image

പലസ്തീന്‍ ഫുട്ബോള്‍ താരത്തെ ഇസ്രയേല്‍ മോചിപ്പിച്ചു

Published on 10 July, 2012
പലസ്തീന്‍ ഫുട്ബോള്‍ താരത്തെ ഇസ്രയേല്‍ മോചിപ്പിച്ചു
ജറുസലേം: പലസ്തീന്‍ ഫുട്ബോള്‍ താരം മുഹമ്മദ് അല്‍ സര്‍സാക്കിനെ ഇസ്രയേല്‍ മോചിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രേലി ജയിലില്‍ കഴിയുകയായിരുന്നു 25കാരനായ സര്‍സാക്ക്. ദേശീയ ഫുട്ബോള്‍ താരമായ സര്‍സാക്കിനെ യാതൊരു കുറ്റവും ചുമത്താതെയാണ് ഇസ്രയേല്‍ ജയിലിലടച്ചത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ സര്‍സാക്ക് മോചനം ആവശ്യപ്പെട്ട് ഇസ്രേലി ജയിലില്‍ അനിശ്ചിതകാല സമരം തുടങ്ങി. മൂന്നു മാസത്തിലധികം നീണ്ട സമരത്തിനൊടുവില്‍ മൃതപ്രായനായ സര്‍സാക്കിനെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം തയാറാവുകയായിരുന്നു. സര്‍സാക്കിനെ അവശനിലയില്‍ ആംബലന്‍സിലാണ് ഗാസയിലെത്തിച്ച് കൈമാറിയത്. സര്‍സാക്കിനെ ഗാസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത സര്‍സാക്ക് കുടുംബത്തോടൊപ്പം സ്വവസതിയിലേയ്ക്കു മടങ്ങി. ദൈവത്തിനു നന്ദി പറഞ്ഞ സര്‍സാക്ക്, ഇസ്രയേലിലെ തടവറയില്‍ കഴിയുന്ന മറ്റു പലസ്തീന്‍ പൌരന്‍മാര്‍ക്കും ഉടന്‍ മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. നൂറു കണക്കിനു പലസ്തീന്‍കാരാണ് സര്‍സാക്കിനെ വരവേല്‍ക്കാന്‍ ഗാസയില്‍ എത്തിയത്. പലസ്തീന്‍ ഫുട്ബോള്‍ ക്ളബ്ബായ ബലാത്ത യൂത്തിന്റെ താരമായിരുന്ന സര്‍സാക്, ഗാസയിലെ വീട്ടില്‍നിന്ന് വെസ്റ് ബാങ്കിലെ ക്ളബ് ആസ്ഥാനത്തേയ്ക്ക് പോകുന്നതിനിടെയാണ് അറസ്റിലായത്. പലസ്തീന്‍ തീവ്രവാദ സംഘടനയില്‍ അംഗമാണെന്ന് ആരോപിച്ച് 2009 ജൂലായ് 22നായിരുന്നു അറസ്റ്. ഒരിക്കല്‍പോലും വിചാരണയ്ക്കു ഹാജരാക്കാതെ സര്‍സാക്കിനെ തടവറയിലിട്ടിരിക്കുകയായിരുന്നു ഇസ്രായേല്‍ അധികൃതര്‍. യൂറോയുടെ യോഗ്യതാ മത്സരങ്ങളില്‍ ഇസ്രായേല്‍ താരങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുമ്പോള്‍ തടവറയില്‍ മോചനം തേടി പട്ടിണിസമരത്തിലായിരുന്നു സര്‍സാക്. 14-ാം വയസില്‍ പലസ്തീന്‍ ദേശീയ ലീഗില്‍ കളിച്ച താരമാണ് സര്‍സാക്. ദേശീയ ലീഗില്‍ സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. റാഫയിലെ അഭയാര്‍ഥി ക്യാമ്പില്‍ പന്തുതട്ടി വളര്‍ന്നാണ് സര്‍സാക് ദേശീയ ടീമിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക