Image

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹോദരന്‍ പോലീസ് കസ്റഡിയില്‍

Published on 10 July, 2012
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹോദരന്‍ പോലീസ് കസ്റഡിയില്‍
സീയൂള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂംഗ് ബാക്കിന്റെ സഹോദരന്‍ ലീ സങ് ഡ്യൂക്കിനെ പോലീസ് അറസ്റു ചെയ്തു. ഡ്യൂക്ക് പ്രതിയായ അഴിമതിക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. ഈ വര്‍ഷം അവസാനം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡ്യൂക്കിനെതിരെയുള്ള പോലീസ് നടപടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കു ക്ഷീണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുന്‍ ഭരണകക്ഷി അംഗവും പ്രമുഖ വ്യവസായിയുമായ ഡ്യൂക്കിനെതിരെ സീയൂള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയാണ് അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയതെന്നും അഞ്ച് ലക്ഷം ഡോളര്‍ അഴിമതിയിലൂടെ സമ്പാദിച്ചെന്നുമാണ് ഡ്യൂക്കിനെതിരെയുള്ള ആരോപണം. രണ്ടു ബാങ്കുകളുമായി ബന്ധപ്പെട്ടാണ് അഴിമതി. ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നവരുടെ പണം തട്ടിച്ചെന്നാണ് കേസ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്നാണ് അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേയ്ക്കു കൊണ്ടുവന്ന ഡ്യൂക്കിനുനേരെ ജനക്കൂട്ടം ചീമുട്ട എറിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക