Image

എസ്എഫ്ഐക്കെതിരേ ജെഎന്‍യുവില്‍ പുതിയ സംഘടന

Published on 11 July, 2012
എസ്എഫ്ഐക്കെതിരേ ജെഎന്‍യുവില്‍ പുതിയ സംഘടന
ന്യൂഡല്‍ഹി: സിപിഎം ഔദ്യോഗികപക്ഷ നിലപാടിനെതിരേ പ്രതിഷേധിച്ച് രാജിവച്ച എസ്എഫ്ഐ ജെഎന്‍യു ഒഞ്ചിയം മോഡല്‍ പുതിയ പാര്‍ട്ടിയുമായി രംഗത്ത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരേയും ടി.പി.ചന്ദ്രശേഖരന്‍ വധത്തിലുള്ള പാര്‍ട്ടിയുടെ നിലപാടിനെതിരേയും പ്രതിഷേധിച്ച് രാജിവച്ചവരാണ് എസ്എഫ്ഐ-ജെഎന്‍യു ബദല്‍ സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സിപിഎമ്മിനുണ്ടായിരുന്ന അടിവേരുകള്‍ വരെ പറിച്ചെറിഞ്ഞു കൊണ്ടാണ് പുതിയ സംഘടന രൂപീകൃതമായത്. എന്നാല്‍ വലതുപക്ഷ സംഘടനകളുമായോ തീവ്ര ഇടതുപക്ഷഭാ ഗമായ (ഐസ)യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും എസ്എഫ് ഐയുടെ തിരുത്തല്‍ ശക്തികളായി തുടരുമെന്ന് പുതിയ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സിപിഎം ഔദ്യോഗികമായി പ്രണാബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിന്റെ ഗവേഷണ വിഭാഗം കണ്‍വീനര്‍ ബ്രസിന്‍ജിത്ത് ബോസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാതെ ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. 2007 മുതല്‍ സിപിഎമ്മിന്റെ ഔദ്യോഗികനിലപാടുകള്‍ക്കെതിരെ ഇടഞ്ഞുനിന്നിരുന്ന ജെഎന്‍യു യൂണിറ്റ് ബ്രസിന്‍ജിത്ത് ബോസിന്റെ രാജിയോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച ഔദ്യോഗിക നിലപാടിനെതിരേ യൂണിറ്റ് ഘടകം പ്രമേയവും പാസാക്കി. കൂടാതെ ടി.പിചന്ദ്രശേഖരന്‍ വധം, എം.എം.മണി വിവാദ പ്രസംഗം എന്നീ വിഷയത്തില്‍ എസ്എഫ്ഐ ദേശീയ നേതൃത്വം സ്വീകരിച്ച നിലപാടിനെതിരേ മറ്റൊരു പ്രമേയവും പാസാക്കി. ഇതിനു പിന്നാലെ യൂണിറ്റ് ഘടകം പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നതിനിടെയിലാണ് 17 അംഗ കമ്മിറ്റിയില്‍ നിന്നും 15 പേര്‍ രാജിവച്ചത്. ഇതിനു പിന്നാലെ യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനവും നടത്തി. ഇതിനു ശേഷം ഇന്നലെ രാത്രിയാണ് രാജിവച്ച എസ്എഫ്ഐ അംഗങ്ങളെല്ലാം കൂടി പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. പുതിയതായി നാലംഗ കമ്മിറ്റിക്ക് രൂപം നല്‍കി. സെപ്റ്റംബറില്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് നടക്കുന്ന ജെഎന്‍യു തന്നെ തുടരാനാണ് സംഘടന ലക്ഷ്യവയ്ക്കുന്നതെന്നും പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയായി തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക