Image

കുട്ടികളുടെ വഴിതെറ്റല്‍ തടയാന്‍ ഒ.ആര്‍.സി. പദ്ധതി

Published on 11 July, 2012
കുട്ടികളുടെ വഴിതെറ്റല്‍ തടയാന്‍ ഒ.ആര്‍.സി. പദ്ധതി
തിരുവനന്തപുരം: കൗമാരപ്രായത്തിലുള്ള കുട്ടികള്‍ വഴിതെറ്റുന്നത് തടയുന്നതിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. കേരളത്തിലെ കുട്ടികളില്‍ കുറ്റവാസനയും ലഹരി ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 'ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' എന്നപേരില്‍ പദ്ധതി തയ്യാറാക്കുന്നത്.

ഇളം പ്രായത്തില്‍ ലൈംഗികാനുഭൂതി തേടല്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍, മോഷണം, സൈബര്‍ കുറ്റങ്ങള്‍ എന്നിവയും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന പി. വിജയന്റെ നേതൃത്വത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്ന പേരില്‍ കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിച്ച പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലാണ് നടപ്പാക്കുക. ഇതിനുള്ള വിശദ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനായി സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, കോഴിക്കോട് മെഡിക്കല്‍ കോളേജ് പാലിയേറ്റീവ് മെഡിസിന്‍ മേധാവി ഡോ. സുരേഷ്, തൃശ്ശൂര്‍ പോലീസ് സൂപ്രണ്ട് പി. വിജയന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്‌റഫ്, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്. ജയ, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, സ്‌പോര്‍ട്‌സ്, യൂത്ത് അഫയേഴ്‌സ് എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിച്ചു.

എം.എല്‍.എ. മാരായ എളമരം കരീം, എം.വി. ശ്രേയാംസ്‌കുമാര്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക