Image

ആശുപത്രി സെക്രട്ടറി ഒളിക്യാമറദൃശ്യങ്ങള്‍ ആയുധമാക്കുന്നതായി പരാതി

Published on 12 July, 2012
 ആശുപത്രി സെക്രട്ടറി ഒളിക്യാമറദൃശ്യങ്ങള്‍ ആയുധമാക്കുന്നതായി പരാതി
ആശുപത്രിയില്‍ സമരംചെയ്യുന്ന നഴ്‌സുമാരെ ഭീഷണിപ്പെടുത്താന്‍ ആശുപത്രി സെക്രട്ടറി ഒളിക്യാമറദൃശ്യങ്ങള്‍ ആയുധമാക്കുന്നതായി പരാതി ഉയര്‍ന്നു. കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ കുളിമുറിയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ് ഭീഷണിപ്പെടുത്തിയതായാണ് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ) ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

നഴ്‌സുമാരുടെ കുളിമുറിയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ആശുപത്രി സെക്രട്ടറിയുടെ കൈയില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. സമരത്തിലുള്ള നേഴ്‌സുമാരെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് ഇവരുടെ ആരോപണം.
ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഫഌക്‌സ് ബോര്‍ഡുകളിലൂടെയും പ്രചരിപ്പിക്കുമെന്ന് സെക്രട്ടറി ഭീഷണി മുഴക്കിയെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

ഗുണ്ടകളെ ഉപയോഗിച്ച് ആശുപത്രിയിലെ ഒരു ഡോക്ടറുടെ വീട്ടിലേക്ക് കല്ലെറിഞ്ഞതിന് പിന്നില്‍ ആശുപത്രി സെക്രട്ടറിയാണ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വിസമ്മതിക്കുന്നു. സമരപ്പന്തല്‍ സെക്രട്ടറിയും ഗുണ്ടകളും ചേര്‍ന്ന് അടിച്ചുതകര്‍ത്തതായും നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഒരു നഴ്‌സിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വികരിച്ചിരുന്നില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

നേഴ്‌സുമാരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് സെക്രട്ടറി ശ്രമിച്ചത്. വ്യക്തിപരമായ താല്‍പര്യമാണ് ഇതിന് പിന്നില്‍. സര്‍ക്കാരിന്റെയും തൊഴില്‍വകുപ്പിന്റെയും ഭാഗത്തുനിന്ന് സമരം തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, യൂണിറ്റ് വൈസ്പ്രസിഡന്റ് ലിന്‍സി, അഖിലേന്ത്യാ സെക്രട്ടറി പ്രജിത് കൃഷ്ണന്‍കുട്ടി, യൂണിറ്റ് അംഗം ആന്‍ സക്കറിയ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക