Image

പരിശുദ്ധ റമദാന്‌ സ്വാഗതം (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 20 July, 2012
പരിശുദ്ധ റമദാന്‌ സ്വാഗതം (മൊയ്‌തീന്‍ പുത്തന്‍ചിറ)
ദിനരാത്രങ്ങള്‍ മാറി മറയുന്നു..മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നു...കാലം അതിന്റെ ചാക്രികതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.

ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വഭാവത്തിലും ആരാധനകളിലും മാറ്റത്തിനുള്ള സുവര്‍ണ്ണാവസരമാണ്‌ റമദാന്‍. ഇത്തരത്തില്‍ ഒരു റമദാന്‍ കൂടി ആഗതമാകുകയാണ്‌. പ്രാര്‍ത്ഥനയുടെ മാസം, നന്മയുടെയും പുണ്യത്തിന്റേയും മാസം, സഹനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും മാസം, പ്രതിഫലത്തിന്റേയും വിളവെടുപ്പിന്റേയും മാസം, ഇബാദത്തിന്റെയും അനുസരണത്തിന്റേയും മാസം.

ഹൃദയങ്ങള്‍ക്ക്‌ നവോന്മേഷവും ആനന്ദവും പകര്‍ന്നു നല്‍കുന്ന മുപ്പത്‌ ആഘോഷ ദിനങ്ങളെയാണ്‌ വിശ്വാസികള്‍ വരവേല്‍ക്കുന്നത്‌. പകലുകള്‍ സന്തോഷമുഖരിതവും രാത്രികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരവും പ്രകാശപൂരിതമാകുകയും ചെയ്യുന്നു.

വിശ്വാസികള്‍ക്ക്‌ റമദാനില്‍ സ്വാഭാവികമായി തന്നെ മാറ്റം ഉണ്ടാകാറുണ്ട്‌. ഈ മാറ്റത്തില്‍ അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ റമദാന്‍ അവസാനിക്കുന്നതോടെ പഴയ അവസ്ഥയിലേക്ക്‌ വീണ്ടും മാറുന്ന അവസ്ഥയാണ്‌ നാമിന്ന്‌ കാണുന്നത്‌.

മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യ സങ്കല്‌പത്തിന്‌ ദൈവം നിശ്ചയിച്ച രേഖയാണ്‌ പരിശുദ്ധ റമദാന്‍. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പരിധി, വ്യക്തി സ്വാതന്ത്ര്യത്തിനും സാമൂഹ്യ സ്വാതന്ത്ര്യത്തിനും ഇടയിലുള്ള ദൂരം, ആരധനാ സ്വാതന്ത്ര്യത്തിന്റെ ബൗദ്ധിക തലം എന്നിവയുടെ നിര്‍വചനവും, പുനരാവിഷ്‌ക്കാരവുമാണ്‌ റമദാന്‍.

താല്‌പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ അതിരില്ലാത്ത ഓട്ടമാണ്‌ സ്വാതന്ത്ര്യമെന്ന്‌ കരുതുന്നവര്‍ നമുക്കിടയിലുണ്ട്‌. ഇഛിക്കുന്നത്‌ ഭുജിക്കുകയും, തോന്നിയത്‌ പ്രവര്‍ത്തിക്കുകയും, സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുകയുമാണ്‌ അതിന്റെ പുതുനിര്‍വചനം. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം ചില നിയമങ്ങള്‍ പാലിക്കുമ്പോഴാണ്‌ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്‌. ഭരണഘടനയും നിയമവ്യവസ്ഥകളും നിര്‍വ്വഹിക്കുന്ന ദൗത്യം ഇതാണ്‌.

വിലക്കുകളും നിഷിദ്ധങ്ങളും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളല്ല. കൃത്യമായ സ്വാതന്ത്ര്യം ഹിതകരമായ വിധത്തില്‍ ഉപയോഗിക്കാനുള്ള ചാലകങ്ങളാണവ. ഉപദ്രവകരമായ ഭക്ഷണത്തില്‍ നിന്നും രോഗിയെ തടയുന്നത്‌ അവന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള താത്‌ക്കാലിക വിലക്കാണ്‌. ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അവന്‌ വീണ്ടെടുക്കാന്‍ വേണ്ടിയാണത്‌. റമദാനിലെ വിലക്കുകള്‍, ത്യാഗങ്ങള്‍, അങ്ങേയറ്റത്തെ വിധേയത്വം തുടങ്ങിയവ ഈ അര്‍ത്ഥത്തില്‍ അതിരില്ലാത്ത സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളാണ്‌.

മുപ്പതു ദിവസത്തെ വൃതാനുഷ്‌ഠാനത്തിലൂടെ മറ്റുള്ളവരുടെ വേദനകള്‍, വിശപ്പ്‌, വിശപ്പിന്റെ കാഠിന്യം എന്നിവ മനുഷ്യന്‍ അറിയുകയും മാനസികമായി അവരോട്‌ അനുകമ്പ പുലര്‍ത്തുകയും സഹായ ഹസ്‌തം അവരിലേക്ക്‌ നീട്ടുകയും ചെയ്യുന്നു.

വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതത്തില്‍ അത്യപൂര്‍വ്വമായ അനുഭൂതിയാണ്‌ റമദാന്‍ പകര്‍ന്നു നല്‍കുന്നത്‌. അതിനാല്‍ ഇസ്ലാമിക ജീവിതത്തിന്റെ വസന്തം എന്നും അതിനെ വിശേഷിപ്പിക്കാം. വിശ്വാസത്താലും പ്രാര്‍ത്ഥനയാലും ഹൃദയം നവീകരിക്കുന്നു. പരസ്‌പര ബന്ധത്താലും സഹവര്‍ത്തിത്വത്താലും സമൂഹം നവീകരിക്കപ്പെടുന്നു. നന്മയുടെ മുന്നേറ്റത്താല്‍ ദൃഢനിശ്ചയം നവീകരിക്കപ്പെടുന്നു.

എല്ലാ വായനക്കാര്‍ക്കും പരിശുദ്ധ റമദാന്‍ ആശംസകള്‍ !!
പരിശുദ്ധ റമദാന്‌ സ്വാഗതം (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക