Image

എയ്ഡ്‌സ് രോഗിയുടെ വെളിപ്പെടുത്തല്‍; ആശങ്കയിലായ യുവാക്കള്‍ ചികിത്സ തേടി

Published on 27 July, 2012
എയ്ഡ്‌സ് രോഗിയുടെ വെളിപ്പെടുത്തല്‍; ആശങ്കയിലായ യുവാക്കള്‍ ചികിത്സ തേടി
ചേര്‍ത്തല : ചേര്‍ത്തലയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ എയ്ഡ്‌സ് രോഗിയുടെ വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ് എന്നിവ വകുപ്പ് തലത്തില്‍ അന്വേഷണം ശക്തമാക്കി. ഇയാളുമായി ബന്ധമുള്ളവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കൗണ്‍സിലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്ററില്‍ പരിശോധനയ്‌ക്കെത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ.സിറാബുദ്ദീന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പള്ളൂരുത്തി സ്വദേശി കൈതക്കുഴി പ്രദീപ് (34) നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദമായിരിക്കുന്നത്. അരൂക്കുറ്റി വടുതല മൂലംവെളി ക്ഷേത്രത്തിന് സമീപം വാടകകെട്ടിടത്തിലാണ് പ്രദീപ് താമസിക്കുന്നത്. എയ്ഡ്‌സ് രോഗബാധിതനായ താന്‍ മരിക്കുമെന്ന് ഉറപ്പായതോടെ മറ്റുള്ള യുവാക്കള്‍ക്കും രോഗം പടരാന്‍ താന്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ വിതരണം ചെയ്തുവെന്ന പ്രദീപിന്റെ വെളിപ്പെടുത്തലുകള്‍ ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ള നൂറുകണക്കിന് യുവാക്കള്‍ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ള യുവാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ത്തലയിലും കൊച്ചിയിലുമായി വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി പറയുന്നു. വിദ്യാര്‍ഥികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി നിരവധി യുവാക്കള്‍ പ്രദീപിന്റെ ലഹരിമരുന്ന് കുത്തിവെയ്പ്പിന് വിധേയരായിട്ടുണെ്ടന്നാണ് സൂചന. അരൂര്‍, അരൂക്കുറ്റി, വടുതല, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് യുവാക്കള്‍ക്ക് ഇയാളുമായി ബന്ധമുള്ളതായി പറയുന്നു. കോളേജ് വിദ്യാര്‍ഥികളും ഇയാളുടെ ലഹരിമരുന്ന് കുത്തിവെയ്പിന് ഇരയായിട്ടുണ്ട്. ചേര്‍ത്തലയിലെ ചില കോളേജുകളിലെ വിദ്യാര്‍ഥികളുമായി പ്രദീപിന് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്. ഏകദേശം മുന്നൂറോളം പേര്‍ക്ക് താന്‍ ഉപയോഗിച്ച സിറഞ്ചുകള്‍ വിതരണം ചെയ്തിട്ടുണെ്ടന്നാണ് പ്രദീപ് പറയുന്നത്. 

എക്‌സൈസ്-പോലീസ് ഡിപ്പാര്‍ട്ടുമെന്റ് തലത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവാക്കളിലും കോളജുകളിലും മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ശക്തമായ ബോധവല്‍കരണം നടത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്താന്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബാബു പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക