Image

പീഡനം: സി.പി.എം. നേതാവിന്റെ മകനെ അറസ്റ്റ് ചെയ്യണമെന്ന് ബിന്ദുകൃഷ്ണ

Published on 27 July, 2012
പീഡനം: സി.പി.എം. നേതാവിന്റെ മകനെ അറസ്റ്റ് ചെയ്യണമെന്ന് ബിന്ദുകൃഷ്ണ
തിരുവനന്തപുരം: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി.പി.എം. ജില്ലാ നേതാവിന്റെ മകനെ അറസ്റ്റു ചെയ്യണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ രക്ഷിതാക്കള്‍ക്കോ പരാതി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. സംഭവത്തെക്കുറിച്ച് പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ സംഭവസ്ഥലത്തെത്തണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെയും ബന്ധുക്കളെയും സി.പി.എമ്മുകാര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണവര്‍ക്ക് പരാതി നല്‍കാനാകാത്തത്. പരാതിപ്പെടാനാകാത്ത സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സി.പി.എം. കേരളത്തില്‍ സമാന്തര നീതിന്യായ വ്യവസ്ഥ നടത്തിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച്, അത് മൊബൈലില്‍ പകര്‍ത്തിയിട്ടും പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിനെതിരെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കണം. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് 31ന് രാവിലെ 10ന് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക