Image

ടി.പി.വധം: വിചാരണയ്ക്കായി പ്രത്യേകകോടതി തുടങ്ങുന്നു

Published on 27 July, 2012
ടി.പി.വധം: വിചാരണയ്ക്കായി പ്രത്യേകകോടതി തുടങ്ങുന്നു
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിച്ചേക്കും. അതോടൊപ്പം ഒന്നോ അതിലധികമോ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. നിയമവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മന്ത്രിസഭായോഗതീരുമാനം വൈകാതെയുണ്ടാകും.

കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ഒഴിവാക്കാനും പ്രതികള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. ഒട്ടേറെ പ്രതികളും സാക്ഷികളും ഉണ്ടെന്നതും ഇതേ കേസിനോട് അനുബന്ധിച്ച് മറ്റുകേസുകളുള്ളതും കണക്കിലെടുത്താണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. പ്രത്യേക കോടതി തുടങ്ങുന്നതിന് ഹൈക്കോടതിയുടെ അനുമതി ആദ്യം തേടും. ചീഫ്ജസ്റ്റിസാണ് ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കുക. ഏത് ജഡ്ജിയെ അവിടെ നിയമിക്കണമെന്നും ഹൈക്കോടതി തീരുമാനിക്കും.

ഇതിന് ശേഷം സര്‍ക്കാറായിരിക്കും കോടതി എവിടെ ആരംഭിക്കണമെന്ന് തീരുമാനിക്കുക. പ്രതികള്‍ റിമാന്‍ഡിലുള്ള ജയിലുമായുള്ള ദൂരവും അവിടേക്കുള്ള ഗതാഗത സൗകര്യവും സുരക്ഷാസംവിധാനങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സ്ഥാനനിര്‍ണയത്തില്‍ ഘടകങ്ങളാകും.

മാറാട് കൂട്ടക്കൊല കേസിന്റെയും മാറാട് കലാപ ക്കേസിന്റെയും വിചാരണ നടന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയായിരിക്കും (മാറാട് കേസുകള്‍) ടി.പി.കേസിന്റെ പ്രത്യേക കോടതിയെന്നറിയുന്നു. എന്നാല്‍, വടകരയില്‍ത്തന്നെ പ്രത്യേക കോടതി സ്ഥാപിക്കുന്ന വിഷയവും പരിഗണനയിലുണ്ട്.

കാഞ്ഞങ്ങാട്ടെ ക്രിമിനല്‍ അഭിഭാഷകനായ സി.കെ.ശ്രീധരന്റെയും പി.കുമാരന്‍ കുട്ടിയുടെയും പേരുകളാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇതില്‍ ശ്രീധരന്റെ പേര് അന്വേഷണ സംഘം തന്നെ ശുപാര്‍ശ ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയാണ് കുമാരന്‍കുട്ടിയുടെ പേര് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇതില്‍ ആരെ നിയമിക്കണമെന്നതില്‍ അന്തിമ തീരുമാനം സര്‍ക്കാറിന്‍േറതാകും.

ടി.പി.വധം: വിചാരണയ്ക്കായി പ്രത്യേകകോടതി തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക